Sunday 6 October 2013

ക്രിസ്തുപര്‍വം

ഇതെത്ര  പടിയാ
കര്‍ത്താവേ!
നിന്നിലേക്കുള്ള
ദൂരം താണ്ടാന്‍ മേല..

റോസ എന്നെ
വെട്ടിച്ചുകേറി
പത്താമത്തെ പടിയില്‍
നിന്നു കിതക്കുന്നു.

മുട്ടിപ്പായി പ്രാര്‍ത്ഥിച്ച്
നിന്‍റെയിടയന്‍മാര്
കോരിയൊഴിച്ചഎണ്ണയില്
കൈവരിയിലെ
വിശുദ്ധ സ്തുതികള്
മുങ്ങിയല്ലോ മിശിഹാ!

ഇന്നലെ ..
കല്ലുപെന്‍സിലൊടിച്ച്
കുരിശുണ്ടാക്കി
കളിക്കാന്‍ കൂടിയെങ്കിലും
'ടോണി'യിന്ന് കൂടെ വന്നില്ല.

അപ്പച്ചനു നീ കൊടുത്ത
നിത്യരോഗപ്പായ്
നോക്കിനോക്കി
കരളുവാട്ടി
നിന്നോടു ശകലം
'കെറുവി'ലാണവന്‍..

നേര്‍ച്ചപ്പെട്ടിയിലൊന്നു ചാരി
വേര്‍പ്പും കിതപ്പുമതില്
കുടയുന്നേര-
മൊരു കുസ്യതിച്ചിന്തഃ
സര്‍വ്വം ത്യജിച്ച നീ-
യിന്നൊരു പുതുപ്പണക്കാരന്‍!

പോരുംവഴി
എസ്തപ്പാന്‍
കള്ളടിച്ച്
നിന്‍റെ സ്തുതി പാടി
കെട്ടിയോളെ
എടുത്തിട്ടടിക്കുന്നതും.,

വചനപ്രഘോഷത്തിന്നിടയില്
മടുത്തൊരു വൈദികന്‍
തലചൊറിഞ്ഞ്
ബോറടി മാറ്റുന്നതും,

ഭരണപ്രമുഖനൊരുവ-
നരിയതാമധികാരയന്ത്രത്തില്‍
തൂങ്ങിക്കിടന്ന്
കുതികാല്‍ വെട്ടി
കാലുമാറി
കാശടിച്ചന്യന്‍റെ
കണ്ണുകെട്ടുന്നതും,

ആഞ്ഞാഞ്ഞിന്ന്
ചോര്‍ന്നെന്‍റെ
നെറുകയില്‍ വീണ
മഴത്തുള്ളിയിലയ്യോ!
ചോര നാറുന്നതും

കാല്‍ക്കീഴിലലസ-
മൊഴുകിയ പുഴ-
യൊരു കാല്‍നിമേഷ-
മലിഞ്ഞു പോകുന്നതു-
മൊക്കെ കണ്ടതു
ഞാന്‍ സഹിച്ചെന്‍റെ
പൊന്നുതമ്പുരാനേ!യെങ്കിലു-
മെന്തിനീ റോസയ്കെന്നോടീ
മത്സരംവൃഥാ?അതിനി
ഞാന്‍ വെച്ചുപൊറിപ്പിക്കില്ല-
യെന്‍റെ കാലടി പോട്ടെ
മുകളിലോട്ടു-
യര്‍ന്നു പറന്നൊരു
തരംഗവേഗത്തിന്നു-
ശിരുമായ്!

കുതിച്ചങ്ങള്‍ത്താരയിലെത്തി-
ക്കുമ്പിടുന്നേര-
മെനിക്കു നീയൊരു
ശുശ്രൂഷയേകണം..

നീ പൊഴിച്ച
വേര്‍പ്പുവേദനകള്
അടിഞ്ഞടിഞ്ഞ്
കനമേറിയയെന്‍റെ
ഹൃദയത്തില്
നീ നിത്യ സമാധാനത്തിന്‍റെ
ലേപനമിറ്റിക്കണം..

ഇരുമ്പാണിവഴിയി-
ലൂടൊലിച്ചു വീണ,
നിന്‍റെ നിണപ്പാടുകള്
ചുവപ്പിച്ചയെന്‍റെ
കവിള്‍ത്തടം
നീ തടവി മഞ്ഞപ്പിക്കണം..

ആകുമോ നിനക്ക-
തെങ്കില്‍ ഞാനെന്‍റെ
ഗതിവേഗം കൂട്ടട്ടെ;അയ്യോ!
റോസ എത്തിയോ
നിന്നിലേക്കാദ്യ-
മതാ,അവളവസാന-
പടിയും കേറി
ഞെളിഞ്ഞു നില്‍ക്കുന്നു!

അസൂയക്കിതപ്പി-
നൊടുവില്‍ ഞാന്‍ എത്തിനിന്ന-
വസാനമാ പിഞ്ചുകാലടി-
പോലെ സ്നിഗ്ദ്ധതയേറുമാ
പരിശുദ്ധ പാദത്തണലില്!

ആദരം മിഴി പൊക്കി
നോക്കിയ ഞാന്‍ തുള്ളി-
യെണീറ്റങ്ങു ചാടി-
യൊരുന്മാദക്കിണറ്റിലേ-
യ്ക്കെന്തന്നറി യുമോ?ഞാന്‍
കണ്ടതൊരു മിന്നലിലെന്ന പോ-
ലാ വെള്ളാരങ്കണ്ണുക-
ളെന്നെ നോക്കുന്നു സാകൂതം!

ജയിച്ച കണ്‍കളോടെ
തിരിഞ്ഞു നോക്കുന്നേരം
കണ്ടു ഞാനെന്‍ കണ്ണില്‍
റോസയെ!ഹൃത്തിലുടലി-
ലെന്‍ മജ്ജയില്‍ മസ്തിഷ്കത്തില്‍..

ആഞ്ഞു ഞാന്‍ പുണര്‍ന്നവളെ-
യാക്കണ്ണീരു തുടച്ചെന്‍റെ
കണ്ണീരാണിതെന്ന-
തിശയമോര്‍ത്തു ഞാന്‍!

2 comments: