Monday 29 September 2014

വിശുദ്ധം


വിശുദ്ധം
========

കൂട്ടുകാരി.,
നിനക്ക് കന്യാമറിയത്തിന്‍റെ ഛായയുണ്ട്.

ഇന്നലെ,
നിന്നില്‍ നിന്നിറങ്ങീവന്ന
സൗമ്യതയുടെ പൂച്ചക്കുഞ്ഞ്
എന്‍റെ കൈരോമപ്പടികള് കേറി,
ചീകിയൊതുക്കാത്ത
നീളന്‍ മുടിച്ചുരുളുകളില്
കുറെ കളിച്ചു.

രൂപക്കൂട്ടില്‍ ,
കര്‍ത്താവിനെയേറ്റുന്ന
ആ നീലഞരമ്പുകളുടെ ജാലങ്ങള്‍ക്ക്
നിന്‍റെ ആര്‍ദ്രതയുടെ
ജാലവിദ്യയുണ്ടെന്ന്
ഞാന്‍ പറയും.

നിന്‍റെ
ഉടല്‍നീളത്തില്‍
ഞാനൊരു കുപ്പായം തുന്നും.
അതിന്,
ഊനമില്ലാത്ത
നിന്‍റെ സ്നേഹത്തിന്‍റെ
നീലനിറമായിരിക്കും.

അതിനെ,
വിശുദ്ധിയുടെ
വയമ്പും ലവംഗവും
മണക്കും.

അതില്,
തിരുപ്പിറവിയെ
നെഞ്ചോട് ചേര്‍ത്ത്
മറിയമിറ്റിച്ച
വിശുദ്ധമുലപ്പാല്‍ നനവുണ്ടായിരിക്കും.

അതന്ന്,
ഗിലെയാദ് മലഞ്ചരിവുകളില്‍
വീശുന്ന
ഊഷരക്കാറ്റിന്നലകളിലെന്ന പോലെ
ശാന്തമായ്
പറന്നുകളിക്കും.

ഞാനിവിടെ,
ഈ യവപ്പാടത്തിന്നരികില്‍
നില്‍ക്കയാണ്;
നിന്‍റെ ആലയത്തിന്നരികില്‍.
അവിടത്തെ കല്‍ചുമരുകളില്‍
നിന്‍റെ തിരുവെഴുത്തുകളില്
ഞാനെന്‍റെ ലിപി
തിരഞ്ഞോട്ടെ.

നീ,
സ്വസ്ഥമായ്
അവിടെത്തന്നെയിരുന്നുകൊള്ളുക..











4 comments: