പൊഴേ...
=====
*മെര്‍ദ്...
ഇല്ലിച്ചൂണ്ടയില്‍ അവസാന ഇരയും കോര്‍ത്ത്
കണ്ണും കാതും മനസ്സും പൊങ്ങില്‍ ചേര്‍ത്ത്...
വരാലോ മുഷിയോ ചെമ്പല്ലിയോ?
പുഴ പറഞ്ഞു 'മെര്‍ദ്'.
ഓളക്കൈകള്‍ ഉറക്കെപ്പറഞ്ഞു;
മെര്‍ദ് മെര്‍ദ് മെര്‍ദ്...
പുഴേ...
മുതലക്കടവ്,ബംഗ്ളാ കടവ്
മേക്കാലടി കടവ്,കൊറ്റമം കടവ്
ഈറ്റക്കടവ് ,കല്ലുകടവ്,
മൂഴിക്കടവ്..........
പൊഴേ...കാലടിപ്പൊഴയേ..
പ്രളയമൊഴിഞ്ഞുണങ്ങിയ മടിത്തട്ട്,
നീലക്കുഞ്ചലമിട്ട് മെടഞ്ഞിട്ട മുടിയൊഴുക്ക്,
നാണത്തിന്റെ മണല്‍ഞൊറി,
കൈയൊന്നില്‍ പാറോത്തും മറ്റേതില്‍ കൈനാറിയും പൂത്ത്,
ചുണ്ടോരോന്നിലും ചെത്തിപ്പഴവും
തൊണ്ടിപ്പഴവും ചോന്ന്,
നീലവിശാലഗഗനമേ...ഹാ!
നീ ഒന്നായടര്‍ന്നിവളില്‍!
ഗ്ളക്ക്.....കൊത്തിയോ!
വരാലോ മുഷിയോ ചെമ്പല്ലിയോ?
ഉങ്ങിന്‍കായൊന്ന് തണ്ടടര്‍ന്ന് വീണതാണ്.
പറയൂ പുഴേ, 'മെര്‍ദ്'..
പുഴ പറഞ്ഞു 'മെര്‍ദ് '
തേരകവും ചേരും തുടരെപ്പറഞ്ഞൂ 'മെര്‍ര്‍ദ്'
കുന്തങ്കാല് വെടിഞ്ഞു
പടഞ്ഞിരുന്നു; ഒരു പള്ളത്തിപ്പട പാഞ്ഞുവരുന്നുണ്ട് .
വെയിലുറച്ചു;സ്ഫടികജലം.
കാരിയും ചെമ്പല്ലിയും പിലോപ്പിയും
തെന്നിപ്പറ്റി നില്‍പുണ്ട്.
തഡ്! ഉശിരോടെ ഒരു 'വാള' പൊങ്ങിത്താണു,
**ഖഷോഗി എന്ന് പേരിട്ടതിനെ വിളിച്ചപ്പോള്‍
ചുറ്റും
അശാന്തിയുടെ ചോപ്പന്‍ വരകള്‍!
ഖഷോഗീ!!ചുറ്റും ഒരു പള്‍പ്ഫിക്ഷന്റെ ക്രൂരത!
പുഴ തേങ്ങി.
ഊത്ത പിടിക്കുമ്പോള്‍ വാള തന്നെവീഴണം
വലയിലതിന്റെ 'മല്ല്'കാണണം
കൂര്‍മ്പന്‍ അരിപ്പല്ലുകള് ചെത്തിയെടുത്ത്
കണ്ടം തുണ്ടം വെട്ടിനുറുക്കണം
പുഴ വീണ്ടും തേങ്ങി..
കൈ കെട്ടപ്പെട്ട്,നാവുരിയപ്പെട്ട്
പുഴ ഏങ്ങിത്തേങ്ങി.
പുഴേ പറയൂ,.മെര്‍ദ്...
പുഴ മിണ്ടീല്ല..
പാണലും കയ്യോന്നിയും ചേരും മിണ്ടീല്ല..
ചൂണ്ട ദൂരെയെറിഞ്ഞു,
വക്കത്തെ വെള്ളിലത്തേയും അയനിയേയും
തോണ്ടിവിളിച്ചു,
ചാടിയിറങ്ങി,
അടിമണ്ണില്‍ കാല്‍ പൂഴ്ത്തി,
കയ്യാല്‍ പുഴ വാരിയെടുത്തു ,
പുഴയില്‍ കിണുങ്ങി,പുഴയോടെയൊഴുകി,
***പുഴയായപുഴയൊക്കെ പുഴയെന്ന്മൂളി,
വിങ്ങി ,
വിങ്ങിവിങ്ങി
പുഴയില്‍ മലര്‍ന്നു..
ജലശയനം!!
പുഴ ചിരിച്ചു 'മെര്‍ദ്'
തീരം ചിരിച്ചു 'പര്‍ദോം'
ആ കൈതയും കടവും തുടരെച്ചിരിച്ചു
' മെര്‍ദ് പര്‍ദോം'!!
*മെര്‍ദ്-good luck എന്നര്‍ഥം വരുന്ന ഫ്രഞ്ച് പദം
**വധിക്കപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി
***മുല്ലനേഴിക്കവിത
- നിഷാനാരായണന്‍