Monday 3 December 2018

അന്നൊക്കെ

ഇന്നത്തെ ജനയുഗം വാരാന്തത്തില്‍ കവിതയുണ്ട്.

അന്നൊക്കെ..
........................

എൺപതുകളിലെ
പ്രണയമൊക്കെ
എങ്ങനെയായിരുന്നാവോ?

അന്നൊക്കെ
നിലാവ് കൂടുതൽ
പൊഴിഞ്ഞിരുന്നാവോ..
*പേരറിയാത്ത മരങ്ങളില്‍,
*വീട്ടിലേയ്ക്കുള്ള വഴിയില്‍..
സര്‍വ്വത്ര ഊര്‍ന്നുവീണിട്ടുണ്ടാകാം
നിലാശീലുകള്‍.

കലാലയങ്ങളിലന്ന്
ചുവപ്പുവാകകള്‍
നിറയെനിറയെ പൂത്തിരുന്നത്രേ,
ഒരു വശ്യച്ചുവപ്പായവ
ഓരോ കരളിലും
പടര്‍ന്നുകിടന്നിരുന്നത്രേ,
സിരകളില്‍ വിപ്ളവത്തിന്റെ
ചോര പായിച്ചത്രേ..

അന്നൊക്കെ
കാല്‍പനികതയുടെ
ഓടം തുഴഞ്ഞ്,ആളുകള്‍
ബ്രഹ്മാണ്ഡം മുഴുക്കെ
ഉലാവി രസിച്ചു കാണും.
**"ഷീ,ഷാഡോ ഓഫ് സം  ഗോള്‍ഡന്‍ ഡ്രീം,
ടെന്‍ഡര്‍ റിഫ്ളക്ഷന്‍ ഓഫ് ദി ഇറ്റേര്‍ണല്‍ മൂണ്‍''..
ആ ''അനശ്വരചന്ദ്രിക''യില്‍
''അവളു''ണ്ടെന്ന് പറഞ്ഞ
''ഷെല്ലി''യോടൊപ്പം
മഞ്ഞലിഞ്ഞ സസക്സിന്റെ
തെരുവീഥിയിലൂടെ
ദേവഗന്ധമുള്ളൊരു പ്രണയിനിയെ
കിനാക്കണ്ട്
അവരൊക്കെ
നടനടന്നിട്ടുണ്ടാകാം,

ഉറച്ച തൈരിനും
അച്ചിങ്ങാപ്പയറ് തോരനുമൊക്കെ
അന്ന് കുറച്ചൂടെ
സ്വാദായിരുന്നു കാണും,
പക്ഷിക്കൂട്ടങ്ങളന്ന്
ഏറ്റവും ധാരണയോടെ
കൂടുതല്‍ നിര്‍ഭീകരായി
പറന്നുനടന്നിട്ടുണ്ടാകും,
എങ്കിലും ഭയപ്പിക്കുന്ന
കടലിരമ്പങ്ങള്‍
അന്നും ഉണ്ടായിരുന്നുകാണും,
വിശ്വാസങ്ങള്‍
നിനയാതെ
തകര്‍ന്നിട്ടുണ്ടാകാം ,
സാമ്രാജ്യങ്ങള്‍ പൊടുന്നനെ
നിപതിച്ചിട്ടുണ്ടാകാം ,
സ്വപ്നം പൊലിഞ്ഞ്
ഒരു ജനത
യാഥാര്‍ഥ്യത്തിന്റെ തേങ്ങല്‍
തൊണ്ടയില്‍ കുരുക്കിയിട്ട്
നിസ്വരായി,കുറേ നേരമിരുന്നിരിക്കാം...

എങ്ങനെയായിരുന്നാവോ
ശരിക്കും എണ്‍പതുകളിലെ
പ്രണയം..
ശാസനങ്ങളെ ഭേദിച്ച്,
വാതില്‍പൂട്ട് പൊട്ടിച്ച്,
പുറത്തുകടന്നതൊരു
ഗഗനചാരിയായി,
സ്വര്‍ഗ്ഗവാതിലുകള്‍
മുട്ടിത്തുറപ്പിച്ചാവോ ..
അത് 
നവ്യ പാരിജാതമണ-
മുതിര്‍ത്തിരുന്നാവോ..
ജീവിതത്തിന്റെ
മണല്‍പ്പുറത്ത്
ഇണചേര്‍ന്നുണര്‍ന്ന്,
വീണ്ടുമിണചേര്‍ന്ന്
മരണം വന്നപ്പോള്‍ മാത്രം
മുറിച്ചു കഷണപ്പെട്ടുപോകുന്ന
രണ്ടാത്മാക്കളുടെ,
ശരീരങ്ങളുടെ
ഇഴചേര്‍ന്നിഴുകലായിരുന്നാവോ..
അതോ അതൊരു
ഇന്ദ്രജാലമായിരുന്നോ........

ചങ്ങാതി,
ഈ എണ്‍പതുകളിലെ
പ്രണയം
എങ്ങനെയായിരുന്നാവോ?

*ഡി.വിനയചന്ദ്രന്‍ കൃതികള്‍
**ഷെല്ലിയുടെ വരികള്‍  Epipsychidion എന്ന കവിതയില്‍ നിന്നും

No comments:

Post a Comment