കലാ[പ]കാരികള്‍-ആറ് ബി.
=====================
ആറാംക്ളാസ്സിന്റെ പുതിയ ചുമരില്‍
കുഞ്ഞല്‍ഫോന്‍സ
വരച്ചിട്ടത്,വരിവരിയായി മാര്‍ച്ചുപാസ്റ്റ് ചെയ്തുപോകുന്ന വരാലുംകൂട്ടത്തേയാണ്.
ആറാംക്ളാസ്സുകാര്‍ കൂട്ടമായി വര തുടങ്ങി.
പൂട്ടിയിട്ട പഴയ മൂത്രപ്പുരച്ചുമരില്‍
ഒരു വലിയ ചിറകും ഒരു ചെറിയചിറകുമുള്ള
കടവാതിലിനെ വരച്ചതിന്റേയും,
ലേഡിടീച്ചേഴ്സിന്റെ ആപ്പീസ്മുറിയില്‍
അതിക്രമിച്ചുകയറി ചുമരില്‍ ഒരു വമ്പന്‍ കടന്നലിനെയും ക്യാരറ്റ് തിന്നുന്ന ഒരു മുയലിനേയും
വരച്ചതിന്റേയും കാരണങ്ങള്‍ അവര്‍ക്കു തന്നെ പറയാനുണ്ട്.
''ഞങ്ങള്‍ വരയ്ക്കുന്നതിനു തൊട്ടുമുന്‍പുള്ള രാത്രിയില്‍
അവിടെ ഈ കടവാതില്‍ വന്നിരുന്ന്,മൂത്രപ്പുരയുടെ വാതിലില്‍ 'ഘടേ ഘടേ' എന്ന് കൊട്ടി ശബ്ദമുണ്ടാക്കി.
ഭയന്ന്, സ്കൂള്‍വളപ്പിലുള്ള ഒരേയൊരു മുയലും
കൊതുകുകളും കടന്നലുകളും
പുല്‍നാമ്പുകളും വിറയ്ക്കുന്നത്
ഒരു ഒപ്ടിക്കല്‍ഇല്യൂഷന്‍സ്വപ്നത്തില്‍
ക്ളാസ്സിലെ പതിനാറാംനമ്പര്‍കാരി അനന്യ കണ്ടു.
അവളാണ് പിറ്റേദിവസം ഓടിവന്ന് ഇതൊക്കെ
വരഞ്ഞത്''
മാര്‍ച്ചുപാസ്റ്റിലെ വരാലുംകുഞ്ഞുങ്ങളെ
വരച്ച കുഞ്ഞല്‍ഫോന്‍സക്ക്
ടീച്ചര്‍ കലാ[പ]കാരി എന്നു പേരിട്ടു.
മൂത്രപ്പുരയുടെ വഴിയേ പോയ
പിറ്റിഎ പ്രസിഡന്റിന് ,പണ്ടീ മൂത്രപ്പുര
ഒരു വലിയ ചിറകും ചെറിയ ചിറകുമുള്ള
അത്യസാധാരണനായുള്ള ഒരു കടവാതിലല്ലായിരുന്നോ എന്നു തോന്നാന്‍ തുടങ്ങി;എന്നിട്ട്,
അതെ,അത് പണ്ടൊരു കടവാതിലായിരുന്നു.
കുട്ടികള്‍ അത് വരച്ചിടുക മാത്രമേ
ചെയ്തുള്ളുവെന്ന് ഹെഡ്മാസ്റ്ററോട് കണിശംപറഞ്ഞ്,ഉടന്‍
മൂത്രപ്പുര പൊളിച്ചുപണിയാനുള്ള
ഫണ്ടുണ്ടാക്കാനായി ഡിഡിഓഫീസിലേക്ക് പാഞ്ഞു.
ആറാം ക്ളാസ്സുകാര്‍ മാത്രമാണ്
സ്കൂളിന്റെ സ്ഥലപരവും വിസ്താരപരവുമായ
സാധ്യതകളെ മനസ്സിലാക്കി
തങ്ങളുടെ ആവിഷ്കാരങ്ങള്‍
പരമാവധി ജനാധിപത്യമര്യാദകള്‍ പാലിച്ച്
സ്കൂള്‍ ചുമരുകളില്‍,കഞ്ഞിപ്പുരത്തറയില്‍,
കിണറ്റുംവക്കത്തെ കോണ്‍ക്രീറ്റുകെട്ടില്‍,
അശോകന്‍സാറിന്റെ മേശത്തട്ടിലും
ചായപ്പാത്രത്തിലുംവരെ, ആലേഖനം ചെയ്തത്.
അവരുടെ ക്ളാസ്സ് ടീച്ചര്‍ നിഷടീച്ചറായിരുന്നു.
ആഡിറ്റോറിയച്ചുമരില്‍ അവര്‍ വരഞ്ഞത്
അസംബ്ളിയിലും മീറ്റിങ്ങുകളിലും
അക്ഷമരാകുന്ന കുറെ കുഞ്ഞുകാലുകളെയായിരുന്നു.
അവ വിയര്‍ത്തും വിറപൂണ്ടും തിടുക്കത്തിലും
പൂര്‍ണഭാവത്തോടെ ചുമരില്‍ ഓടിനടന്നു,
കലമ്പി..കലപിലകൂട്ടി.
തൊട്ടടുത്തുവരച്ച അപൂര്‍ണമായ രണ്ടുവലിയ കാലുകള്‍ക്ക് നിയന്ത്രകന്റെ ഭാവമായിരുന്നു.
തല വരച്ചു ചേര്‍ത്തിട്ടില്ലാത്ത
അയാളുടെ തല[ചിന്ത]
ഓഫീസുമുറിയുടെ ഘടികാരച്ചുമരിലാണ് കുട്ടികള്‍ വരഞ്ഞത്.
ആ തലയില്‍ ഒരു പൂക്കൂടയുണ്ടായിരുന്നു.
കിളികളും ശലഭങ്ങളും അതിലേയ്ക്കിടയ്ക്കിടെ
പറന്നു വന്നു കൊണ്ടിരിക്കുന്നുണ്ട്.
നിയന്ത്രകനാണെങ്കിലും നിസ്വനായി
ആ തല അതാസ്വദിക്കുന്നുണ്ട്.
പൂക്കള്‍,മണങ്ങള്‍,കിളിചില!
ആറാം ക്ളാസ്സിലെ കുട്ടികളെ
കടുത്ത അരാജകവാദികളെന്ന്
തൊട്ടടുത്ത 7B യിലെ
കുട്ടികള്‍ പേരിട്ടു.
കൊടുങ്കാറ്റോ അലറുമലകളോ?
'നിഷടീച്ചറേ,നിങ്ങളുടെ കുട്ടികള്‍
അതിരുകളെ,ചതുരവട്ടങ്ങളെ,അധീശതയെ
ഭേദിക്കുന്നു'വെന്ന് ബി.പി.ഒ
സുവര്‍ണന്‍ സാര്‍ ,തുറന്നൊരു സര്‍ഗ്ഗാത്മകപ്രസംഗത്തില്‍ ഉറക്കെ വിളിച്ചുപറഞ്ഞു.
സ്കൂളിലെ കലാധ്യാപകന്‍ കൃഷ്ണന്‍കുട്ടിസര്‍
കലയെ ഇടങ്ങളിലാക്കണോ,
അതോ ഇടങ്ങളില്‍ കല കണ്ടെത്തണമോ
എന്ന ധീരമായ വിഷയം
സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുകള്‍ക്കായി
പൊതുചര്‍ച്ചക്കിട്ടു.
സ്കൂളില്‍ ഇടയ്ക്കുകയറിവരുന്ന
രക്ഷിതാക്കള്‍,ആഡിറ്റോറിയച്ചുമരിലെ
കാലുകളില്‍,സ്വന്തം മക്കളുടെ കാലുകള്‍
തിരയാന്‍ തുടങ്ങി.
ഈ തുടുത്ത സ്വര്‍ണപാദസരമിട്ട കാലുകള്‍
എന്റെ മകളുടെ,ഈ നീലഞരമ്പെഴുന്നു നില്‍ക്കുന്നവ എന്റെ ലച്ചൂന്റെ..എന്നൊക്കെ
കണ്ടുപിടിച്ച് രക്ഷിതാക്കള്‍ കുതൂഹലരായി.
ദിനം പ്രതി കാലുകള്‍ കാണാനുള്ള രക്ഷിതാക്കളുടെ വരവു വര്‍ദ്ധിച്ചു.
പെന്‍ഡിങ്ങിലായ പി.റ്റി.എ ഫണ്ട്,
സ്കൂള്‍ അറ്റകുറ്റപ്പണിച്ചിലവുകള്‍ക്കൊക്കെ
അന്തിമമായ പരിഹാരങ്ങളായി.
കലാത്മകവിദ്യാഭ്യാസ പിരീഡില്‍
കടലാസുകിളി പറത്തിക്കൊണ്ടിരുന്ന കുട്ടികള്‍
കാടേറാന്‍ തുടങ്ങിയപ്പോള്‍,
പള്ളിക്കവലയില്‍,തലയോലപ്പറമ്പ് ജംഗ്ഷനില്‍,
മീന്‍ മാര്‍ക്കറ്റില്‍,കപ്പേളയിലെ അച്ചന്റെ
പ്രസംഗത്തില്‍ ഒക്കെ 'കടന്നുകയറ്റം'
ഒരു വിഷയമായി.
കടന്നുകയറ്റത്തിന്റെ രാഷ്ട്രീയം ചര്‍ച്ചചെയ്ത്
നാട്ടിലെ 'ബഷീര്‍ സാംസ്കാരികസമിതി'
കുട്ടികള്‍ക്ക് എെക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ബഷീറിന്റെ കട്ടവായനക്കാരി,
സ്കൂളിലെ കഞ്ഞിയമ്മ,
ഈ ഹലാക്കിന്റെ ലോകത്തെ
കുഞ്ഞിവരകള്‍ക്ക് നിറയെ കഞ്ഞികൊടുത്തു.
മീന്‍കൂട്ടാനും സവാളത്തോരനും കൊടുത്തു.
അപ്പോള്‍ ,
സ്കൂള്‍ മുറ്റത്തെ മാങ്കോസ്റ്റെയിന്‍ മരം
പ്ടോന്ന് ഒരു പഴം പൊഴിച്ചു.
വഴിയേ പോയ ഒരമ്മൂമ്മ
കൂട്ടുകാരി അമ്മൂമ്മയോട് ഇങ്ങനെ
പറഞ്ഞുകൊണ്ടു നടന്നുപോയി.
''ഈ പടങ്ങളിലുള്ളവയൊക്കെ പണ്ടെങ്ങോ
ഇവിടെ ഉണ്ടായിരുന്നതാണ്.
പിള്ളേര്‍ അവ വരഞ്ഞുവെച്ചെന്നു മാത്രം''♥