Thursday, 18 February 2016

അനന്തരം എസ്തപ്പാൻ

എസ്തപ്പാന്‍
ഇന്നും വേദപുസ്തകം തുറക്കും

ഇന്നലെ,
  ശമുവേലിന്‍റെ ഒന്നാം പുസ്തകം
പതിനേഴാം അധ്യായം
അന്‍പത്തിമൂന്നാം വാക്യത്തിലേയ്ക്ക്
വഴുതിയിറങ്ങി,
ഗോലിയാത്തിന്‍റെ
അവസാനശ്വാസത്തിലേയ്ക്ക്
ഒരനശ്വരസാമ്രാജ്യത്തിന്‍റെ കല്ല് പായിച്ച്,
ഒടുക്കം ആ പാദുകങ്ങള്
അടര്‍ത്തിയെടുത്ത്
സ്വന്തം കാലുകളെ
സ്വതന്ത്രമാക്കിയപ്പോഴേക്കും
എസ്തപ്പാന്‍ തളര്‍ന്നിരുന്നു..
ഉടലരങ്ങില് ദാവീദ് രാജാവ്
തകര്‍ത്താടി.

ഇന്ന് അയാള്‍
ഉല്‍പ്പത്തിപ്പുസ്തകത്തിന്‍റെ
പത്തൊമ്പതാം അധ്യായം വായിക്കും.,
സൊദോമും ഗൊമാറോയും
ഓടിയുപേക്ഷിച്ചെത്തിയ
സോവാരിലെ,
  തന്‍റെ വിയര്‍പ്പൊഴുകിവീണ‍
മണല്‍ഭൂമിയിലൂടെ
ഒരുവട്ടം കൂടി നടക്കും,
അവിടത്തെ സ്ത്രൈണത കവിയുന്ന
ആ ഉപ്പുതൂണ്‍ പാളിയില്
മുഖമമര്‍ത്തി തന്‍റെ  കുടുംബകത്തിന്‍റെ
ഒടുക്കത്തെ ശ്വാസം
നെഞ്ചേറ്റി വിതുമ്പും .

എസ്തപ്പാന്‍
ദിനരാത്രങ്ങളെണ്ണാതെ
ആളു മാറുകയായിരുന്നു..
ആ സത്യവേദപുസ്തകം കയ്യിലെടുത്ത്,
വചനങ്ങളെ സിരയിലേറ്റി,
ധ്യാനനിദ്രയില്‍ വിറ പൂണ്ടയാള്‍,
പലവട്ടം കൂടുമാറി..

നെഞ്ചില്‍ ചതി കുറുകിയൊരു
പകലറുതിയില്‍
അയാള്‍ ,
പുതിയ നിയമം മത്തായി സുവിശേഷം
തുറന്നു.
.പന്തിരുവരില്‍ ഒരുവനായി
മുപ്പത്ദ്രവ്യക്കിഴി മടിയില്‍ പേറി
യോര്‍ദാനിലെ വിശുദ്ധവെള്ളത്തിലയാള്‍
പലവട്ടം കൈകാല്‍ കഴുകി..
എന്നിട്ടുംമതിവരാതെ
കിതച്ചുപാഞ്ഞുരുണ്ടോടിയാ
രക്തനിലത്തിലെ പൊടിമണലെടുത്ത്
പൂശി,ഉടലാകെയൊരു
കൊടുംചതിയുടെ പരിദേവനം നിറച്ചു..
എസ്തപ്പാന്‍,സ്വയംചുരുങ്ങി,
ആത്മനിന്ദയുടെ ,യുടല്‍രൂപമൊരു
പ്യൂപ്പയായ് ,വാതില്‍പുറകില്‍
ഒളിച്ചുപോയിരുന്നു.

ആവര്‍ത്തനങ്ങളില്‍ പലവുരു
ഉടലൂരിയെറിയവെ, അയാളില്‍
  ഒരുന്മാദത്തിന്‍റെ തിടുക്കമേറി ..

ആയിരം കുതിരശക്തി
ഹൃദന്തത്തിലേറ്റി,ഉരുക്കുമുഷ്ടിയില്‍
കഴുതത്താടിയെല്ലുയര്‍ത്തിനീട്ടി
നീളന്‍മുടിയിലാകെ കരുത്തിന്‍റെ
ക്ഷൗരക്കത്തി നാട്ടി
അയാള്‍ മാനോഹയുടെ മകനായി,
ഫെലിസ്ത്യരോടേറ്റു .

നൂറായിരം ജനത്തിനു മുന്‍പില്‍
നീതീമാനെ കുരിശിലേറ്റി
ന്യായക്കേടിന്‍റെ വെള്ളിക്കോപ്പയില്‍
പലവട്ടം കൈകഴുകി.,

ഇരുളിലൊരുവനെ
മൂന്നുവട്ടം തള്ളിപ്പറഞ്ഞു,

അതിജീവനത്തിന്‍റെ പെട്ടകമുണ്ടാക്കി.
അന്യന്‍റെ  സ്ത്രീയെ വശപ്പെടുത്തി.
അതിഭക്ഷണത്താല്‍ ഭാരപ്പെട്ടു.
പുളച്ചു,മദിച്ചു,ഇരച്ചങ്ങനെ
എസ്തപ്പാന്‍
ഓരോ വചനപ്പുറങ്ങളിലൂടെയും കയറിമറിഞ്ഞു.

അന്നൊരു നാള്‍
സൂര്യന്‍ ചുമന്നു കറുത്തു.
ഇടിനാദങ്ങളില്‍  സാത്താനുണര്‍ന്നു.
ആകാശം രണ്ടായി പിളര്‍ന്നു
.പാപം ആകാശത്തോളം കുന്നിച്ചു.
തലകളറ്റു.
പകിട കളിച്ചും പരസ്ത്രീയെ പ്രാപിച്ചും
ലോകം നാണിച്ചു ചെറുതായി...
നിലയ്ക്കാത്ത കടലിരമ്പങ്ങള്‍
ചെവിയിലലച്ച് ,സ്വസ്ഥത കെട്ടന്ന്
എസ്തപ്പാന്‍ ഞെട്ടിയുണര്‍ന്നു..
മേലാകെ തിരുമുറിവുകളുടെ അഞ്ചു വേദനകള്‍!
അവയില്‍ തലോടവേ
അനുസ്യൂതമാ കൈകള്‍ നീണ്ട്
അലകടലിനോട് അടങ്ങാന്‍  ആജ്ഞാപിക്കുമൊരു
കാവല്‍ദണ്ഡായി..
ദൂരെ കുന്നൊരു കാല്‍വരിയായി,
ത്യാഗത്തിന്‍റെ ഇളംവെയിലില്‍
കുരുത്തോലത്തലകള്‍ തിളങ്ങി..
വ്യോമവിശാലതയിലേയ്ക്കുറ്റു നോക്കി,
കണ്‍കളില്‍ നീല പകര്‍ത്തി,
അയാള്‍  സ്നേഹത്താല്‍ സുതാര്യമായ
ആ ഒറ്റത്തുന്നല്‍കുപ്പായം
മെയ്യോട് ചേര്‍ത്തു.
നെറ്റിമേലെ   വിയര്‍പ്പിന്‍റെ
പരിശുദ്ധരക്തം തുടച്ചെടുത്ത്,
കുരിശിന്‍റെ വഴി  നോക്കിനോക്കി,
എസ്തപ്പാന്‍
പുതിയ നിയമം ലൂക്കായുടെ സുവിശേഷം
ഇരുപത്തിനാലാം അധ്യായം തുറന്നു..

3 comments:

  1. good to see you back on blog world..

    ReplyDelete
  2. ആയുസ്സിന്റെ പുസ്തകങ്ങൾ

    ReplyDelete