Saturday, 30 April 2016

വശ്യം

"എവിടെയാ "*കുറുവടി"?,
ഈ ഉടൽവഴി
ഒന്നുഴിയുക,യതെടോ"..

വടക്കേപ്പാട്ടെ
ഓട് രണ്ട് പൊട്ടിച്ചതും
അടുക്കള വരാന്തയിലെ
സ്ഥിരം ഉരുളിയൊന്ന്
പറമ്പിന്റെ കണ്ണെത്താത്തറ്റം
കൊണ്ടു കമഴ്ത്തിയിട്ടതും
ഉഗ്രനായി..
         "മായച്ചെയ്ത്തൊന്ന്  ചെയ്ത്
          ഈ കൺകൾ കെട്ടെടോ,
          ഒരു മദിരയായങ്ങൊഴുകി
          ആ പുറകെവന്നോട്ടെ"..

ഒരു കെട്ട് മുടിയെടുത്തോ,
കൃത്യം അരി തിളച്ചുവരുമ്പോൾ
കൊണ്ടിടണം;
മൂശ്ശെട്ട ജാനുവൊന്ന്
തിളച്ചു തൂവണം..
         "ഈ മുടിച്ചോട്ടിൽ
          ഒളിസേവയായ്
          ഒന്നുവന്നിരുന്നു പോവടോ,
          മുടിമിനുക്കത്തിൽ
          നീയൊന്നലിയട്ടെ,
          പെരുങ്കുറുമ്പുകൾ
          കരിക്കുപോലിളവട്ടെ"..

പുരപ്പുറങ്ങളിൽ
നീ,ഏറ്പൂരം നടത്ത്,
രാത്രിഞ്ചരൻമാരെ
ഉരുട്ടിവീഴ്ത്താൻ
ഇരുൾക്കുഴികളുണ്ടാക്ക്,
നടുവാതിൽക്കൽ
തീയുണ്ടകളെറിഞ്ഞ്
നാടുവാഴികളെ
ഞെട്ടിക്ക്,
അരമനയിലെ
കസവുമുണ്ട്,
അടിച്ചുമാറ്റി
ചിരുതയുടെ  കുടിമുറ്റത്ത്  
ഊതിപ്പറത്തിവീഴ്ത്ത്..
   "ആ നാലുകാലിപ്പുറത്ത്  
             ഒന്ന് കയറ്റെടോ,
             മുക്രയിടും രസവേഗങ്ങളിൽ
             നിന്നോടമർന്നിരുന്ന്
             ഒന്നു കുതികുതിക്കാല്ലോ".

ഇവിടെല്ലാം
കരിഞ്ഞു പുകയുകയാണെടോ ..
ചിരി പെയ്തിരുന്ന
മഴകളെ കാറ്റുകൊണ്ടോയി,
  ചങ്കുണക്കിയുണക്കി
വേനല് കട്ടക്കരിയായി,
വേഗം ജീവിച്ചങ്ങ് തീർത്ത്
കണ്ടനുംകുറുമ്പനും
തിടുക്കത്തില്
തെക്കോട്ട് വെച്ചടിച്ചു,
പെണ്ണൊക്കെയിന്ന്
വെറും പുല്ലാടോ..
ഒന്ന് വാ!
ആ പോത്ത് പുറത്ത്
**'ഈഴറ 'കൊട്ടിയാടിയുലഞ്ഞ്
നീ വാ..

കളമില്ല,
കലശമൊരുക്കാൻ കുടമില്ല,
വെട്ടാൻ നിർത്തിയ പൂവൻ
നേര് ചികഞ്ഞുചികഞ്ഞ്
കാടേറി,
പന ചെത്താൻ കേറിയ
ചോകോൻ കുമാരൻ
മാനത്തിന്റെ വേലീം  പറിച്ച്
ശൂന്യത്തിലേയ്ക്ക്
ഒഴുകിപ്പോകെ,
നിനക്ക് മോന്താൻ
കള്ളില്ലെടോ...
എങ്കിലും വാ!
നെഞ്ഞു കീറിയലച്ചു
വിളിക്കയാണ്, നീ വാ....
കരളിട്ടു വാറ്റിയ
കണ്ണീര് ഊറ്റി
ഈ നീണ്ട വ്യഥയുടെ 
ലഹരി കുടിക്ക്..
  ജീവിതം വിതറിയ
കളത്തിൽ വന്നിരി,
'കളംപാന'  കേട്ടങ്ങിരി..
കുതികുതിപ്പിന്റെ ചോര തരാം,
ഓട്ടുരുളി തട്ടിയുരുട്ടി
പ്രതിരോധത്തിന്റെ
ചുമല പടർത്തും
"ഗുരുതി " തരാം,
ഈ പച്ചോലക്കീറില്
പെണ്ണുശിരും
നേദ്യോം വെയ്ക്കാം..
വാ,
ആ പോത്ത് പുറത്ത്
ഈഴറ കൊട്ടിയാടിയുലഞ്ഞ്
നീ വാ..
                 "ഒന്ന് പുണരെടോ
                  ഇതെന്തൊരു
                  പ്രണയമാണെടോ!!!!"

*ചാത്തന്‍സ്വാമിയുടെ ആയുധം
**ചാത്തന്‍സ്വാമിയുടെ വാദ്യോപകരണം.