Thursday 21 January 2021


അമ്മയുടെ മാമുണ്ണിയ്ക്കല്‍പാട്ടാണ് ഞാന്‍....
പാട്ടില്‍ 'വാവൂ വാവൂ' വരുമ്പോള്‍
എനിക്ക് കാലുകള്‍ മുളയ്ക്കും,
എനിക്ക് പലതിനോടും പ്രേമം വരും,
ഭ്രാന്തിനാലനുഗ്രഹിക്കപ്പെട്ട്
ആനന്ദത്തിലേയ്ക്ക് വഴുതി വീഴുന്ന
എന്നെ എനിക്കിഷ്ടമാണ്..

ഉന്മാദത്തിന്റെ
 തെരുവിലൊരിടത്തുവെച്ച്
എന്റെ കണ്ണുകള്‍ പച്ചയായി.
അടിവാരത്തൊരിടത്ത്
കറുത്തവര്‍ സാമ്രാജ്യം കെട്ടിപ്പടുത്തിട്ടുണ്ട്.
പച്ചയായ കണ്ണുകള്‍ തിളക്കി
പൂച്ചയെന്ന അക്രോബാറ്റായി
മെയ്വഴക്കത്തിന്റെ ധ്വനിയോടെ
ഞാന്‍ അടിവാരത്തേക്ക് പുറപ്പെട്ടുപോകും..
അവിടെ
ആളെക്കൂട്ടി ഞാനഭ്യാസംചെയ്യും
അന്ത:സംഘര്‍ഷങ്ങളുടെ ചൂട്
തീക്ഷ്ണമായ അവര്‍
എന്റൊപ്പം കറുപ്പിന്റെ നൃത്തം ചെയ്യും.

ചിന്വാ അചെയ്ബേയെ 
ഞാനൂറ്റിക്കുടിക്കും.
അമ്മയുടെ മാമുണ്ണിയ്ക്കല്‍ പാട്ടാണു ഞാന്‍..
ഒരു വെടിയുണ്ടയെ വിഴുങ്ങും വിധം
ജ്വലിതമായ വികാരബാധയോടെ
ഞാനതിലെ വരികളോര്‍ക്കും.
ജീവിതം പ്രയാണമാണു കുഞ്ഞേ..
അമ്മയെന്തു സുന്ദരിയായിരുന്നു,
ഞാന്‍ നീണ്ടുണ്ടായ അമ്മ,
ഞാന്‍ കുറുകിപ്പോയുണ്ടായ അമ്മ..
അമ്മ നീണ്ടുണ്ടായ ഞാന്‍..
അമ്മ കുറുകിപ്പോയുണ്ടായ ഞാന്‍..
ജീവിതം പ്രയാണമാണ്,
ആ അടിവാരത്തെ നൃത്തസഞ്ചാരത്തില്‍
അമ്മയുടെ മാമുതീറ്റിയ്ക്കല്‍ പാട്ടിനായിരുന്നു
ഞങ്ങളടികള്‍ വെച്ചത്..
ചിന്വാ അചെയ്ബേ ,നിങ്ങളെന്റെ
അച്ഛനായിരുന്നെങ്കില്‍
അഷിതയെന്റെ അമ്മയായിരുന്നെങ്കില്‍
കണ്ണുകള്‍ എന്നും പച്ചയായിരുന്നേനേ,
കറുപ്പിന്റെ നൃത്തത്തില്‍
ഞാന്‍മുതല്‍ക്കൂട്ടായേനെ
എന്നൊന്നും ഞാനാഗ്രഹിക്കില്ല..
നിങ്ങളെയിരുവരേം
എത്രയിഷ്ടമായിരുന്നാലും

എന്റെയമ്മ മാതൃത്വത്താല്‍
ധനികയാണ്,
മകളത്തത്താല്‍ ഞാനും.

No comments:

Post a Comment