Thursday 21 January 2021

ഒരു ആത്മഭാഷണം
===============

നിങ്ങള്‍ ചിരിയ്ക്കണ്ട..
മനുഷ്യനെ വേണ്ടാത്ത
പ്രത്യയശാസ്ത്രങ്ങളെ,ഞാന്‍ വെറുക്കുന്നു.
പട്ടിണിയായ അവന്റെ കുടലിന്
അനാദിയായ നീളമുണ്ടെന്ന് പറഞ്ഞാല്‍
നിങ്ങളെന്നെ കളിയാക്കിക്കുരയ്ക്കും..
അസ്തിത്വം,അതിനൊരു പത്തുപൈസവില
പോലുമില്ല.
സുന്ദരാ,നീ എനിയ്ക്ക് വ്യാഖ്യാനമെഴുതിയ പോലെ ഒരു ഫ്രോയിഡും
  ഈ ലോകത്ത് ആര്‍ക്കുമെഴുതിയിട്ടില്ല.
പ്രണയം നഷ്ടപ്പെട്ടാല്‍,കയ്യില്‍ പത്തുപൈസ ഇല്ലാണ്ടായാല്‍
ചിമ്മാട്ചുമക്കല്‍ തന്നെ പിന്നെ ജീവിതം..
നിങ്ങളുടെ നോട്ടങ്ങള്‍ ഉദാരവും വിശാലവുമെന്നു കരുതുന്നു.
ജീവിതത്തിന്റെ ഉന്മാദങ്ങളിലേയ്ക്കാണ് നീ നടന്നത്..
കരുത്താര്‍ന്ന ജീര്‍ണതകളിലേയ്ക്ക് ഞാനും..
സത്യമാണ്,
നിങ്ങള്‍ അനുമാനിച്ചുകഴിഞ്ഞതുപോലെ
എന്റെ കയ്യില്‍ പത്തുപൈസയില്ല.
അതിമനോഹരമായൊരു സംഗീതം പോലെ
നിങ്ങളെന്റെ ചുറ്റും ഓടിയൊഴുകുമ്പോള്‍
ഞാനീ മരക്കാലില്‍ ചാരിനില്‍ക്കുകയാണ്.
ജീവിതം ദ്രവിച്ചുനീങ്ങുകയാണെന്ന്
പലവട്ടം ഞാനെന്റെ സുഹൃത്തിന്
സന്ദേശമയച്ചുകഴിഞ്ഞു..
അവനാണ് ഇതിനുകാരണം..
ആ കവിയൊരുത്തന്‍,സുന്ദരന്‍.
വീണ്ടും വീണ്ടും അവന്റെ
കവിതാഗ്രനേഡുകളെ ബ്ളൗസിനുള്ളില്‍ തിരുകിക്കൊണ്ടുനടന്നു..
എന്റെ കയ്യില്‍ പത്തുപൈസയില്ലായിരുന്നു.
എങ്കിലും ഹൃദയം ഇളകിമറിയുമ്പോള്‍
പ്രലോഭനങ്ങളെ പരിധിയിലാക്കാന്‍
കവിയനവന്റെ പുസ്തകങ്ങളിരന്നു വാങ്ങി...
പ്രകാശിതമായ ഒരുസന്ധ്യയില്‍
അസാധാരണമാം വിധം അവനെ പ്രണയിച്ചതിന്റെ കുറ്റത്തിന്
പറമ്പിറുമ്പത്ത് നിന്ന കരിനൊച്ചിയും
ചെറൂളയും ദേവദാരംവരെ എന്നോട് പിണങ്ങി.

ഉയര്‍ച്ചയ്ക്കായുള്ള ഉന്മാദവും
വിടുതലൈവിപ്ളവവുമൊക്കെ എന്റെ ചോരയിലുമുണ്ട്..
പക്ഷെ കനമില്ലാത്തൊരു പൂജ്യംഗുരുത്വബലമായി
ഞാനവനെയെന്റെ അണിവയറില്‍
ഞാത്തിയിട്ടുപോയി.
നിങ്ങള്‍ ചിരിച്ചുകുഴയുന്നുണ്ടല്ലോ..
അപാരത എന്നതൊരു ശ്രമം മാത്രമാണ്.
അനശ്വരതയെന്നത് മിശിഹായ്ക്കുപോലും സ്വയം തോന്നിയിട്ടുണ്ടാവില്ല.
ഫാഷിസത്തെ സുന്ദരന്‍ചിരികൊണ്ടു പ്രതിരോധിച്ച കര്‍ത്താവേ,
സാധാരണക്കാരന്റെ സാധാരണമായ
ആകാംക്ഷകളില്‍ ഞാനാശങ്കപ്പെടുന്നു.
ക്ഷോഭം വലയ്ക്കുന്ന ആത്മാവുകള്‍
ഭൂമിയിലലയുന്നത് ഞാന്‍ കാണുന്നു.
ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയേഴിലെ വസന്തകാലത്ത്,
വടക്കന്‍ബംഗാളില്‍
കര്‍ഷകരുടെ സായുധകലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍
ജോത്തേദാര്‍മാരും ഭരണാധിപന്‍മാരും
 ദൂഥ്ചാ കുടിച്ചുരസിക്കുകയായിരുന്നു.
മനുഷ്യനെ വേണ്ടാത്ത പ്രത്യയശാസ്ത്രത്തോടും
 പ്രണയത്തോടും എനിക്ക് വെറുപ്പാണ്.
ജീവിതം എന്താണിങ്ങനെ?

''ഈര്‍ക്കിലാലെത്ര രേഖ ചമച്ചാലും
വൃത്തമാകുന്ന ജീവിതമുദ്രണം!!''


No comments:

Post a Comment