Wednesday, 31 January 2018

മിറാഷ്

മിറാഷ്
=====

അതെ,
അവള് അടിപ്പെട്ടുപോയി..

അന്ന്,
അവളൊരു നീല കുര്‍ത്തിയില്‍.
മുടിയൊക്കെ അഴിച്ചിട്ട്,
വെള്ളക്കൈലേസൊന്ന്
വലതുകയ്യില്‍ പിടിച്ച്..

അയാളൊരു സിതാറിസ്റ്റ് ..
നീണ്ട വിരലുകളില്‍
മിര്‍സാബ് ഉരഞ്ഞുണരുന്നു,
താളം മുറുകിമുറുകി,
ഹൃദ്യവാദനം ..
ഇടയില്‍ തലപൊക്കി
അയാള്‍ അവളെ
തറഞ്ഞുനോക്കി,
പെട്ടെന്നാണ് ..
സിതാര്‍ താഴെ വച്ച്,
കൈനീട്ടിഎത്തിപ്പിടിച്ച്
അവളെ
അയാള്‍
കടത്തിക്കൊണ്ടുപോയത്!
എവിടേയ്ക്കോ ,
എങ്ങനെയോ..

..അവള്‍
അയാളെ
കടത്തിക്കൊണ്ടുപോകാന്‍
അനുവദിച്ചു.
അതെ,
അവള് അടിപ്പെട്ടുപോയിരുന്നു,
അവള്,
നീല കുര്‍ത്തി ഊരിമാറ്റി,
കൈലേസ് താഴെയിട്ടു,
മുടിയിഴച്ചുകൊണ്ട്
അയാളുടെ
വെള്ള പൈജാമയ്ക്കുള്ളിലൂടെ
മെല്ലെ നുഴഞ്ഞുകയറി.
എത്ര വിനാഴികകളാണോ
എത്രോളം
നാഴികകള് തന്നെയോ
അങ്ങനെ നിന്നത്
അറിയില്ല..
അങ്ങനെ തന്നെ നിന്നു.

ഓ,,ആര്‍ക്കറിയാം
എത്ര നാളുകളാണ്,
എത്ര രാവും പകലുമാണ്
ആ ഒരുത്തന്റെ കൂടെ,അവള്‍
ചെലവഴിച്ചതെന്ന്..
എത്ര മലകള്‍ക്കുമേലെ,
എത്ര കാടുകള്‍ക്കുമീതെ
അവരങ്ങനെ പറന്നുനടന്നുവെന്ന്..

ഇല്ല,ഒരാള്‍ക്കുമറിയില്ല..
വൈലറ്റ് ലിലാക് പൂക്കള്‍
അയാളവളുടെ
മുടിയില്‍ ചൂടിച്ചതും,
അവള്‍
ലാവണ്യവതിയായി
ഒരു കുന്നിമണി തേടി
നേര്‍ത്തതെങ്കിലും
ബലമുള്ള അയാളുടെ
തണ്ടുകളിലൂടെ
അകംപുറം
കയറിമറിഞ്ഞ്
അലഞ്ഞതും..
ഒരാള്‍ക്കുപോലുമറിയില്ലെന്നേ .
അവര് അന്യോന്യം വളരെ
അടിപ്പെട്ടുപോയിരുന്നു
സത്യം!

മലമുകളില്‍
അന്ന് മഴയായിരുന്നു..
അയാളൊരു സിതാറിസ്റ്റ്,
മഴത്തന്ത്രികളില്‍
അയാളുടെ മിര്‍സാബ്
ഉരഞ്ഞുണര്‍ന്നു..
താളം മുറുകിമുറുകി
ചടുലവാദനം..
അയാള്‍ അവളെ
തറഞ്ഞുനോക്കി,
അവള്‍ അയാളേയും..
അയാളൊരു
പുതിയ രാഗം,
അവള്‍
അതില്‍ നനയുന്നൊരു
മെര്‍മെയ്ഡ്..

പെട്ടെന്നാണത്..
ശക്തിയേറിയ ആ മഴ
അവളെ പൊക്കിയെടുത്തു ..!
തിരിച്ചിവിടെ
കൊണ്ടുവന്നാക്കി.
ഇവിടെ, ഈ മുറിയില്‍.

ഇവിടെ
ഈ മുറിയില്‍..
പ്രശസ്ത സിതാര്‍വാദകന്‍,
അയാളുടെ സുപ്രസിദ്ധചിത്രം!
ചിത്രത്തില്‍
അയാള്‍ സിതാര്‍
വായിച്ചുകൊണ്ടേയിരിക്കുന്നു
നീണ്ട വിരലുകളില്‍
ഏകാഗ്രതയുടെ
മിര്‍സാബ് ഉരഞ്ഞുണരുന്നു!!
കണ്ണുകള്‍ ശാന്തം,
ഉയര്‍ത്തുന്നേയില്ല!
വെള്ളപൈജാമയില്‍
സംഗീതത്തിന്റെ ശുഭ്രത..
ഒരു ഉടവ് പോലുമില്ല!
അവളുടെ നീല കുര്‍ത്തി..
ഒരു ചുളിവ് പോലുമില്ല!
വലതുകയ്യിലെ
കൈലേസ്
ഇടതുകയ്യിലേയ്ക്ക്
ഒന്നു മാറ്റിപ്പിടിച്ചെന്നുമാത്രം!
മുടിയിഴകള്
ശകലം പാറിയെന്നു മാത്രം!
ഒരു പല്ലി,ചുമരിലെ
രണ്ട് മൂല ,ഇഴഞ്ഞു
കടന്നുവെന്നു മാത്രം!
ചിത്രകാരന്‍
തന്റെ ഭാവനയുടെ
രണ്ടു സ്ട്രോക്കുകള്‍
വരഞ്ഞുതീര്‍ന്നെന്നു മാത്രം!

അവള്
പതിയെ മുറിവിട്ടു,
നിരത്തിലെത്തി.

കോണിയിറങ്ങും നേരം,
മുടിയില്‍ നിന്ന്
ഒരു ലിലാക് പൂവ്
ഊര്‍ന്ന്,പടിയില്‍ വീണു.

Sunday, 14 January 2018

Translation

''ഡാഡി''എന്ന മഹേഷ് ഭട്ട് സിനിമയിലെ ഒരു മനോഹരഗാനം,സൂരജ് സനിം എഴുതിയത്,അതിന്റെ ഒരു ട്രാന്‍സ്ലേഷന്‍ ശ്രമം.

മകളോട്..
========

കണ്ണാടിയിന്നെന്നോടു
വല്ലാതെ ചോദിക്കുന്നു,
''കൊണ്ടിങ്ങുവന്നോളൂ നിന്‍
നവ്യമന്നാളിന്‍   രൂപം.

കൊണ്ടുപോരുക കൂടെ,
അടയാളമൊന്നു നീ-
യന്നുണ്ടായിരുന്നയാ-
ളെന്നുകാണിക്കാൻകൈയിൽ..!!''

ഞാനലഞ്ഞിന്നോളവും
മാഴ്ച തന്‍ മരുഭൂവില്‍ ,
കാലമെന്‍ മുഖം കോറി
നഷ്ടക്കണക്കിന്‍ തുമ്പാല്‍.

കണ്ണങ്ങുതട്ടിപ്പോയെന്‍
പ്രൗഢിക്കും പ്രതിഭയ്ക്കും
സ്നേഹവിഭ്രമങ്ങള്‍ തന്‍
മായികോന്മാദങ്ങള്‍ക്കും.

'ബോട്ടിലി'ന്‍ കോര്‍ക്ക് നീട്ടും
മദിരാസവത്തിന്നൂറ്റം
ഏറ്റുവാങ്ങിച്ചെന്‍ പാട്ടു-
പുസ്തകം നനഞ്ഞുപോയ്.

ഇന്നിപ്പോള്‍ തിരിച്ചെത്തി-
യെന്നാലോ ചൊടിതീരെ
വിണ്ടുപോയ് ,ചിരിപോലു-
മില്ലാതെ ദരിദ്രനായ്.

ഇപ്പുരമെന്നെ വിട്ടു,
ഞാനുമങ്ങനെതന്നെ,
എങ്കിലും നിരന്തര-
മന്വേഷിച്ചെന്‍ സ്വത്വത്തെ,

വന്നു നിന്നിച്ചന്തയില്‍
കണ്ടു ഞെട്ടിപ്പോയങ്ങാ-
തെക്കുമൂലയിലെന്റെ
പ്രജ്ഞയെ വിറ്റീടുന്നു!

പ്രാണനെ,വിശ്വാസത്തെ
ഹൃദയത്തുടിപ്പിനെ,
അച്ഛനെ,സ്നേഹച്ചോപ്പിന്‍
ഗര്‍ഭപാത്രത്തെത്തന്നെ,

ഒക്കെയും വിറ്റീടുന്നു
ഞാനുരുക്കത്തോടെന്റെ
ഭിത്തിയില്‍ തൂക്കിച്ചേര്‍ത്ത
ചൈതന്യപ്രപഞ്ചത്തെ,
ഒത്തിരി നോക്കിയെന്നാല്‍
കണ്ടില്ല,ചിലരെങ്ങോ
കൊണ്ടുപോയത്രേ,തീരെ
കെട്ട കാശിനു വില്‍ക്കാന്‍.!

വാങ്ങുന്നു വിറ്റീടുന്നു
വില്‍ക്കുന്നു വാങ്ങീടുന്നു
എന്നിരിക്കിലും കീറ -
ഭാണ്ഡങ്ങള്‍ പേറീടുന്നോര്‍,

''നിസ്തേജന്‍ ,അന്തഃസാര-
ശൂന്യനും;കരള്‍പൂക്ക-
ളൊക്കെയും കൊഴിഞ്ഞു പോം
ഒറ്റയീയച്ഛന്‍, കുഞ്ഞേ,''

പറ്റുകില്‍ കയ്യേല്‍ക്കുക,
നിശ്ചേഷ്ടമെല്ലും കൂടാ-
ണൊക്കുകിലിതിനുള്ളില്‍
പ്രാണനെ നിറയ്ക്കുക.