Wednesday, 1 July 2020

=====

പ്രഭോ,
ഇവനെ കൊന്നാല്‍
അങ്ങയെ കാലം ഫ്യൂഡല്‍ബഡുവ
എന്ന് പുനര്‍നാമകരണം ചെയ്യും.
മാത്രമല്ല,
ഇവനില്ലാതാകുന്ന അതേ നിമിഷംതന്നെ
 അവനൊരു പിന്‍ഗാമി ഭൂജാതനായിവരും.
,ഇവന്‍ പറഞ്ഞപോലെയൊക്കെത്തന്നെ
അവനും പറയും.
ഉദ്ബോധിപ്പിക്കും.
അവന്റെ ആശയങ്ങള്‍
ആളുകളില്‍ ഉള്‍ഖനനം നടത്തും
അവരോരോരുത്തരായി 
അവന്റെ കൂടെ ഇറങ്ങിച്ചെല്ലും
അതില്‍ ഉത്പതിഷ്ണുക്കളായവര്‍
അവന്റെ പ്രവാചകരാവും
അവന്‍ പല പേരുകള്‍ കൈക്കൊള്ളും.
അവന്‍ ഒരുവര്‍ഗ്ഗത്തിലും
ചേരിയിലും പെടാതെ നില്‍ക്കും
എന്നാല്‍ വല്ലാതെ സ്വീകരിക്കപ്പെടുകയും ചെയ്യും.
പ്രഭോ,പണിയാവും.
ഇവനേപോലെതന്നെ
അവനേയും അങ്ങേയ്ക്ക് കൊല്ലേണ്ടിവരും.

പ്രഭോ,വിപ്ളവറഷ്യയില്‍
സര്‍ രണ്ടാമന്‍ 
തീവ്രവാദിയാക്കി വെടിവെച്ചുകൊന്ന
വാസ്ക കൊര്‍ച്ചാഗിന്റെ 
ഒന്നാന്തരമൊരുപ്രതിമ
പിന്നീടവര് തെരുവിലുയര്‍ത്തി.
സര്‍ രണ്ടാമന്റെ ഫോട്ടോയ്ക്ക്മേല്‍ തുപ്പി.
സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട.
പിന്നീടൊരിക്കല്‍ സംഭവിക്കുന്നതൊക്കെ
 വേറെയായിരിക്കും.

വല്ലതും അറിയുന്നുണ്ടോ..
അങ്ങയുടെ സാമ്രാജ്യത്തിലെ
കുഞ്ഞുമക്കളിപ്പോള്‍ കാലത്തെ
മാറ്റിപ്പണിയുകയാണ്.
പിന്നീടൊരിക്കല്‍ സംഭവിക്കുന്നതൊക്കെ
 തികച്ചും വേറെയായിരിക്കും.

ഇവനെ കൊല്ലണ്ട..

നോട്ടം

=====

ആദ്യമായി കാണുന്ന ഒരാളെ
ചുഴിഞ്ഞുനോക്കി
അയാളില്‍ നിങ്ങളെത്തന്നെ തേടുന്നത്
ശരിയായൊരു കാര്യമാണോ?അറിയില്ല.
തീര്‍ച്ചയായും നോട്ടമേല്‍ക്കുന്നയാള്‍
ഇതെന്തു പരവേശനോട്ടം
എന്നന്ധാളിച്ചേക്കാം.
കണ്ണിന്റെ സ്ഖലനോത്സുകതയെപ്പറ്റി
തൊട്ടടുത്തുനില്‍ക്കുന്നയാളോട്
അടക്കം പറഞ്ഞേക്കാം..

നിങ്ങളാ കുഞ്ഞുപൂച്ചക്കുട്ടിയെ തപ്പുകയാണെന്ന് അയാള്‍ക്ക് അറിയില്ലല്ലോ.
എപ്പഴോ ഒരു മണ്‍സൂണ്‍മഴയത്ത്
ഒരുപിടി ചോറും തിന്ന് ഇറങ്ങിപ്പോയതാണ്.
തീവ്രനോട്ടങ്ങള്‍ ചിലരെ പ്രക്ഷുബ്ധരാക്കും
നിങ്ങളൊരു കവയിത്രിയോ ഇല്ലുസ്ട്രേറ്ററോ
ഫോട്ടോഗ്രാഫറോ ആണെന്നും
നിങ്ങളുടെ ഒരു കലാസൃഷ്ടിക്കായുള്ള ഫ്രെയിമൊരുക്കലാണ് ഈ നോട്ടമെന്നും
നുണപറഞ്ഞ് അയാളെ തെറ്റിദ്ധരിപ്പിച്ചോളൂ,
പാവം,ഫ്രോയിഡിനെയൊന്നും വായിച്ചിട്ടില്ലെങ്കില്‍
അയാളതില്‍ വീണുപോകും.
നിങ്ങളുടെ കാല്പനികനേത്രങ്ങളില്‍നിന്ന്
വനജ്യോത്സ്നയും മഞ്ഞുപാളികളും
ബഹുവര്‍ണച്ചിറകുള്ള കാക്കകളും
പ്രപഞ്ചത്തോടത്രയും ഉദാരതയോടെ
പുറത്തേയ്ക്ക് നൂണ്ടിറങ്ങി ഒരു ദൃശ്യമാകുന്നത്
അയാള്‍ വിസ്മയത്തോടെ നോക്കിനില്‍ക്കും.
ആ പൂച്ചക്കുട്ടി പണ്ടേ ഒരു ചാട്ടക്കാരനാണ്.
നിങ്ങള്‍ അതിനെ പിരിഞ്ഞു പരീക്ഷീണയായ
ഒരു യജമാനത്തിയും.
അതിന്റെ പിങ്ക്നിറമുള്ള മോണകളും 
ഈര്‍പ്പമുള്ള മൂക്കും പലവുരുസ്വപ്നം കണ്ട്
ഉറക്കത്തില്‍ നിങ്ങള്‍ വിമ്മിക്കരഞ്ഞിട്ടുണ്ട്.
യോസേ..ഫ്..നിങ്ങള്‍ അലറിവിളിച്ചിട്ടുണ്ട്..
ഒരിക്കല്‍ ഇരയുമായി വലിയ ഗര്‍വ്വോടെവന്ന
യോസഫ്പൂച്ചയെ നിങ്ങള്‍ അവഗണിച്ചു.
അതാണ് പറ്റിപ്പോയതെന്നു തോന്നുന്നു.
ഗര്‍വ്വഭംഗം ഒരു പൂച്ചപോലും സഹിക്കില്ല.
അന്നൊരിക്കല്‍ മട്ടുപ്പാവില്‍ മുടിയഴിച്ചിട്ടുനിന്ന്
മഴനനഞ്ഞുനിന്നുകൊണ്ടുള്ള നിങ്ങളുടെ
ഗിരിപ്രഭാഷണവും അവനെ മടുപ്പിച്ചുകാണും.

പിടയുന്നനോട്ടമുണ്ടെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
നോട്ടംകൊണ്ട് ഹൃദയത്തിലാക്കാന്‍ കഴിയണം.

പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കുപറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ.

പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കു
പറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ.
=================================

ആ തണുത്തുറഞ്ഞ  പ്രഭാതത്തില്‍-
 പുലര്‍കാലനടത്തം ശീലമാക്കിയിരുന്ന അയാള്‍-
അന്ന് വഴിതെറ്റി,പുല്ലാന്നി പടര്‍ന്നുകിടക്കുന്ന
തെക്കോട്ടുള്ള ഏങ്കോണിച്ച ഒരു വഴിയേ
അങ്ങു നടന്നുപോയി.
അയാള്‍ക്കുമുന്‍പെ 
ഒരു വൃദ്ധനും ഒരു കറുത്ത നായ്ക്കുട്ടിയും 
അതേവഴിയേ കടന്നുപോയിരുന്നു,
ആ വഴി ചെന്നുനില്‍ക്കുന്നത്
വിജനമായ ഒരു പാടത്തിലേക്കാണെന്നും
പിന്നീടങ്ങോട്ട് വേറെ വഴികളില്ലെന്നും
ഒരു പെണ്‍കുട്ടി പറഞ്ഞുകൊടുത്തിട്ടും
ആ വൃദ്ധനും നായ്ക്കുട്ടിയും 
പിന്‍വാങ്ങാതെ ഒരേ പോക്കുപോയി.
നടത്തത്തിന്നിടെ
അന്ന് വൈകിട്ട് അരങ്ങേറാന്‍ പോകുന്ന
നാടകത്തിലെ തന്റെ കഥാപാത്രത്തെപ്പറ്റി
ചിന്തിച്ചുനടന്നപ്പോഴാണ് 
അയാള്‍ക്ക് വഴിതെറ്റിയത്.
അയാളൊരു ഇരുത്തം വന്ന നാടകനടനാണ്.
തലേന്ന് തന്റെ നൂറ്റമ്പതാമത്തെ കഥാപാത്രത്തെ വേദിയില്‍
അവതരിപ്പിക്കാനുള്ള റിഹേഴ്സലിനിടയില്‍
പെട്ടെന്നയാള്‍ ഡയലോഗ് മറന്ന്
മല്ലയുദ്ധങ്ങളെപ്പറ്റിയും വാര്‍കോലും
കൊങ്കകളേപറ്റിയും ചിന്തിക്കാന്‍ തുടങ്ങി.
*'വാര്‍കോലും കൊങ്കകളില്‍ കാകോളം തേച്ചുചമച്ച' പൂതനാലോകത്തെ
പെട്ടെന്നങ്ങു മനസ്സില്‍ വിഭാവനംചെയ്തുതളര്‍ന്ന്
 രംഗമഞ്ചത്തിലെ നടുക്കിട്ട കസേരയില്‍ അയാള്‍ ഒടിഞ്ഞിരുന്നു.
അയാളുടെ അച്ഛനും ഇങ്ങനെയായിരുന്നു.
ഭാവനാസമ്പന്നനായിരുന്നു.
പെട്ടെന്നൊരു ദിവസം ആകാശത്തൊരു കപ്പല്‍ കണ്ടേ എന്നുറക്കെ വിളിച്ചുപറഞ്ഞ്
ഭൂതാവേശിതനായി തൊടിയിലെ
കവുങ്ങില്‍ പെരണ്ടുകയറി
**ആര്‍ബിനോയെപോലെ
സ്വര്‍ഗത്തിലേക്ക് കെട്ടുകെട്ടുകയായിരുന്നു.
ഹാ!ഘോരട്വിസ്റ്റുകള്‍ തന്നെ ജീവിതം.
ആ കസേരയില്‍ ഒടിഞ്ഞിരുന്ന്
അയാള്‍ തൊട്ടുതലേന്നു രാത്രിയെപ്പറ്റി ആലോചിച്ചു.
അന്ന് ഉറക്കത്തില്‍താന്‍ ഇബ്സന്റെ നോറയായി മാറിയതായി അയാള്‍ സ്വപ്നം കണ്ടിരുന്നു.
വീട് വിട്ടിറങ്ങിയ നോറ,ഏറെ നടന്ന്
No.1സഫ്ദര്‍ജംഗ്റോഡിലേക്ക് കയറിയപ്പോള്‍
പെട്ടെന്നൊരു നിമിഷംകൊണ്ട്
പത്തൊമ്പതു വെടിയുണ്ടകള്‍ക്ക് ഇരയായി
 കുഴഞ്ഞുവീണുമരിച്ചു.
പുതുതായി സ്വന്തമായി കിട്ടിയ മുലകള്‍
ഉറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്ന 
ആ ഒരുനിമിഷംകൊണ്ടാണ് അയാള്‍ക്ക്
ഇതൊക്കെ സംഭവിച്ചത്..
ഹാ!പൂതനാലോകം തന്നെ!
മരിച്ചുകിടന്ന, നീണ്ട മൂക്കിന്‍ തുമ്പത്ത്
ഉറഞ്ഞുകൂടിയിരുന്ന സിഖ്മൗനം 
കൊസാക്കിയന്‍ വാള്‍ത്തലപോലെ തിളങ്ങിനിന്നിരുന്നു.
എന്തൊരു സ്വപ്നമത്!
എന്നാല്‍ പല രാത്രികളിലും ഉറക്കമില്ലാതെ,
പാത്രാവിഷ്കാരത്തിന്റെ കേവുവഞ്ചികളില്‍
അയാള്‍ പൊങ്ങിത്തെങ്ങിനടന്നിരുന്നു.
പകലുകള്‍-വ്യാസമൗനങ്ങള്‍,
അര്‍ഥഗര്‍ഭങ്ങളായആണിക്കൂടുകളില്‍ ,
നിര്‍ധനനായ ഒരു പിശാചിനെപോലെ 
അയാള്‍ ചതഞ്ഞുകിടന്നിരുന്നു.
ഇവയ്ക്കൊക്കെ തൊട്ടുതലേന്നുവരെ
അയാളൊരു റേഷനിംഗ് ഓഫീസറായിരുന്നു.
പെട്ടെന്നൊരു ദിവസം അനധികൃതമായി കെട്ടിക്കിടക്കുന്നകൊമൊഡിറ്റികളെല്ലാം
അര്‍ഹതപ്പെട്ടവനിട്ടുകൊണ്ട്
അവസാനത്തെ ഒപ്പുമിട്ട് നിര്‍വ്യാജനായി
അയാള്‍ പടിയിറങ്ങുകയായിരുന്നു.
തലേന്നുതലേന്നിനെപറ്റി ചിന്തിച്ചുകൊണ്ടിരുന്നാല്‍
ആര്‍ക്കാണുറക്കം വരിക,സ്വപ്നങ്ങള്‍ കാണുക.
നോക്കൂ,
പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കു
പറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ.
സ്ഥിരംവഴി തെറ്റുന്നത്,
നാടകത്തില്‍ ഡയലോഗ് മറക്കുന്നത്,
സ്വപ്നത്തില്‍ നോറയാവുന്നത് വെടിയേറ്റുവീഴുന്നത്
രാജി വച്ച റേഷനിംഗ് ആപ്പീസറാകുന്നത്..

പുലര്‍കാലനടത്തത്തില്‍ വഴിതെറ്റി
കാടുകേറിയ അയാളെ സംവിധായകന്‍
 മൈക്കിലൂടെ തിരിച്ചുവിളിച്ചു:
''നാടകരചന,സംഗീതം-പിരപ്പന്‍കോട് മുരളി
 രംഗപടം -സുജാതന്‍
നാടകസംവിധാനം -വക്കംഷക്കീര്‍''.

*കൃഷ്ണഗാഥ-പൂതനാമോക്ഷം
**കഥാപാത്രം-കോളറക്കാലത്തെ പ്രണയം