Wednesday, 1 July 2020

പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കുപറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ.

പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കു
പറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ.
=================================

ആ തണുത്തുറഞ്ഞ  പ്രഭാതത്തില്‍-
 പുലര്‍കാലനടത്തം ശീലമാക്കിയിരുന്ന അയാള്‍-
അന്ന് വഴിതെറ്റി,പുല്ലാന്നി പടര്‍ന്നുകിടക്കുന്ന
തെക്കോട്ടുള്ള ഏങ്കോണിച്ച ഒരു വഴിയേ
അങ്ങു നടന്നുപോയി.
അയാള്‍ക്കുമുന്‍പെ 
ഒരു വൃദ്ധനും ഒരു കറുത്ത നായ്ക്കുട്ടിയും 
അതേവഴിയേ കടന്നുപോയിരുന്നു,
ആ വഴി ചെന്നുനില്‍ക്കുന്നത്
വിജനമായ ഒരു പാടത്തിലേക്കാണെന്നും
പിന്നീടങ്ങോട്ട് വേറെ വഴികളില്ലെന്നും
ഒരു പെണ്‍കുട്ടി പറഞ്ഞുകൊടുത്തിട്ടും
ആ വൃദ്ധനും നായ്ക്കുട്ടിയും 
പിന്‍വാങ്ങാതെ ഒരേ പോക്കുപോയി.
നടത്തത്തിന്നിടെ
അന്ന് വൈകിട്ട് അരങ്ങേറാന്‍ പോകുന്ന
നാടകത്തിലെ തന്റെ കഥാപാത്രത്തെപ്പറ്റി
ചിന്തിച്ചുനടന്നപ്പോഴാണ് 
അയാള്‍ക്ക് വഴിതെറ്റിയത്.
അയാളൊരു ഇരുത്തം വന്ന നാടകനടനാണ്.
തലേന്ന് തന്റെ നൂറ്റമ്പതാമത്തെ കഥാപാത്രത്തെ വേദിയില്‍
അവതരിപ്പിക്കാനുള്ള റിഹേഴ്സലിനിടയില്‍
പെട്ടെന്നയാള്‍ ഡയലോഗ് മറന്ന്
മല്ലയുദ്ധങ്ങളെപ്പറ്റിയും വാര്‍കോലും
കൊങ്കകളേപറ്റിയും ചിന്തിക്കാന്‍ തുടങ്ങി.
*'വാര്‍കോലും കൊങ്കകളില്‍ കാകോളം തേച്ചുചമച്ച' പൂതനാലോകത്തെ
പെട്ടെന്നങ്ങു മനസ്സില്‍ വിഭാവനംചെയ്തുതളര്‍ന്ന്
 രംഗമഞ്ചത്തിലെ നടുക്കിട്ട കസേരയില്‍ അയാള്‍ ഒടിഞ്ഞിരുന്നു.
അയാളുടെ അച്ഛനും ഇങ്ങനെയായിരുന്നു.
ഭാവനാസമ്പന്നനായിരുന്നു.
പെട്ടെന്നൊരു ദിവസം ആകാശത്തൊരു കപ്പല്‍ കണ്ടേ എന്നുറക്കെ വിളിച്ചുപറഞ്ഞ്
ഭൂതാവേശിതനായി തൊടിയിലെ
കവുങ്ങില്‍ പെരണ്ടുകയറി
**ആര്‍ബിനോയെപോലെ
സ്വര്‍ഗത്തിലേക്ക് കെട്ടുകെട്ടുകയായിരുന്നു.
ഹാ!ഘോരട്വിസ്റ്റുകള്‍ തന്നെ ജീവിതം.
ആ കസേരയില്‍ ഒടിഞ്ഞിരുന്ന്
അയാള്‍ തൊട്ടുതലേന്നു രാത്രിയെപ്പറ്റി ആലോചിച്ചു.
അന്ന് ഉറക്കത്തില്‍താന്‍ ഇബ്സന്റെ നോറയായി മാറിയതായി അയാള്‍ സ്വപ്നം കണ്ടിരുന്നു.
വീട് വിട്ടിറങ്ങിയ നോറ,ഏറെ നടന്ന്
No.1സഫ്ദര്‍ജംഗ്റോഡിലേക്ക് കയറിയപ്പോള്‍
പെട്ടെന്നൊരു നിമിഷംകൊണ്ട്
പത്തൊമ്പതു വെടിയുണ്ടകള്‍ക്ക് ഇരയായി
 കുഴഞ്ഞുവീണുമരിച്ചു.
പുതുതായി സ്വന്തമായി കിട്ടിയ മുലകള്‍
ഉറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്ന 
ആ ഒരുനിമിഷംകൊണ്ടാണ് അയാള്‍ക്ക്
ഇതൊക്കെ സംഭവിച്ചത്..
ഹാ!പൂതനാലോകം തന്നെ!
മരിച്ചുകിടന്ന, നീണ്ട മൂക്കിന്‍ തുമ്പത്ത്
ഉറഞ്ഞുകൂടിയിരുന്ന സിഖ്മൗനം 
കൊസാക്കിയന്‍ വാള്‍ത്തലപോലെ തിളങ്ങിനിന്നിരുന്നു.
എന്തൊരു സ്വപ്നമത്!
എന്നാല്‍ പല രാത്രികളിലും ഉറക്കമില്ലാതെ,
പാത്രാവിഷ്കാരത്തിന്റെ കേവുവഞ്ചികളില്‍
അയാള്‍ പൊങ്ങിത്തെങ്ങിനടന്നിരുന്നു.
പകലുകള്‍-വ്യാസമൗനങ്ങള്‍,
അര്‍ഥഗര്‍ഭങ്ങളായആണിക്കൂടുകളില്‍ ,
നിര്‍ധനനായ ഒരു പിശാചിനെപോലെ 
അയാള്‍ ചതഞ്ഞുകിടന്നിരുന്നു.
ഇവയ്ക്കൊക്കെ തൊട്ടുതലേന്നുവരെ
അയാളൊരു റേഷനിംഗ് ഓഫീസറായിരുന്നു.
പെട്ടെന്നൊരു ദിവസം അനധികൃതമായി കെട്ടിക്കിടക്കുന്നകൊമൊഡിറ്റികളെല്ലാം
അര്‍ഹതപ്പെട്ടവനിട്ടുകൊണ്ട്
അവസാനത്തെ ഒപ്പുമിട്ട് നിര്‍വ്യാജനായി
അയാള്‍ പടിയിറങ്ങുകയായിരുന്നു.
തലേന്നുതലേന്നിനെപറ്റി ചിന്തിച്ചുകൊണ്ടിരുന്നാല്‍
ആര്‍ക്കാണുറക്കം വരിക,സ്വപ്നങ്ങള്‍ കാണുക.
നോക്കൂ,
പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കു
പറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ.
സ്ഥിരംവഴി തെറ്റുന്നത്,
നാടകത്തില്‍ ഡയലോഗ് മറക്കുന്നത്,
സ്വപ്നത്തില്‍ നോറയാവുന്നത് വെടിയേറ്റുവീഴുന്നത്
രാജി വച്ച റേഷനിംഗ് ആപ്പീസറാകുന്നത്..

പുലര്‍കാലനടത്തത്തില്‍ വഴിതെറ്റി
കാടുകേറിയ അയാളെ സംവിധായകന്‍
 മൈക്കിലൂടെ തിരിച്ചുവിളിച്ചു:
''നാടകരചന,സംഗീതം-പിരപ്പന്‍കോട് മുരളി
 രംഗപടം -സുജാതന്‍
നാടകസംവിധാനം -വക്കംഷക്കീര്‍''.

*കൃഷ്ണഗാഥ-പൂതനാമോക്ഷം
**കഥാപാത്രം-കോളറക്കാലത്തെ പ്രണയം

No comments:

Post a Comment