Thursday, 21 January 2021


അമ്മയുടെ മാമുണ്ണിയ്ക്കല്‍പാട്ടാണ് ഞാന്‍....
പാട്ടില്‍ 'വാവൂ വാവൂ' വരുമ്പോള്‍
എനിക്ക് കാലുകള്‍ മുളയ്ക്കും,
എനിക്ക് പലതിനോടും പ്രേമം വരും,
ഭ്രാന്തിനാലനുഗ്രഹിക്കപ്പെട്ട്
ആനന്ദത്തിലേയ്ക്ക് വഴുതി വീഴുന്ന
എന്നെ എനിക്കിഷ്ടമാണ്..

ഉന്മാദത്തിന്റെ
 തെരുവിലൊരിടത്തുവെച്ച്
എന്റെ കണ്ണുകള്‍ പച്ചയായി.
അടിവാരത്തൊരിടത്ത്
കറുത്തവര്‍ സാമ്രാജ്യം കെട്ടിപ്പടുത്തിട്ടുണ്ട്.
പച്ചയായ കണ്ണുകള്‍ തിളക്കി
പൂച്ചയെന്ന അക്രോബാറ്റായി
മെയ്വഴക്കത്തിന്റെ ധ്വനിയോടെ
ഞാന്‍ അടിവാരത്തേക്ക് പുറപ്പെട്ടുപോകും..
അവിടെ
ആളെക്കൂട്ടി ഞാനഭ്യാസംചെയ്യും
അന്ത:സംഘര്‍ഷങ്ങളുടെ ചൂട്
തീക്ഷ്ണമായ അവര്‍
എന്റൊപ്പം കറുപ്പിന്റെ നൃത്തം ചെയ്യും.

ചിന്വാ അചെയ്ബേയെ 
ഞാനൂറ്റിക്കുടിക്കും.
അമ്മയുടെ മാമുണ്ണിയ്ക്കല്‍ പാട്ടാണു ഞാന്‍..
ഒരു വെടിയുണ്ടയെ വിഴുങ്ങും വിധം
ജ്വലിതമായ വികാരബാധയോടെ
ഞാനതിലെ വരികളോര്‍ക്കും.
ജീവിതം പ്രയാണമാണു കുഞ്ഞേ..
അമ്മയെന്തു സുന്ദരിയായിരുന്നു,
ഞാന്‍ നീണ്ടുണ്ടായ അമ്മ,
ഞാന്‍ കുറുകിപ്പോയുണ്ടായ അമ്മ..
അമ്മ നീണ്ടുണ്ടായ ഞാന്‍..
അമ്മ കുറുകിപ്പോയുണ്ടായ ഞാന്‍..
ജീവിതം പ്രയാണമാണ്,
ആ അടിവാരത്തെ നൃത്തസഞ്ചാരത്തില്‍
അമ്മയുടെ മാമുതീറ്റിയ്ക്കല്‍ പാട്ടിനായിരുന്നു
ഞങ്ങളടികള്‍ വെച്ചത്..
ചിന്വാ അചെയ്ബേ ,നിങ്ങളെന്റെ
അച്ഛനായിരുന്നെങ്കില്‍
അഷിതയെന്റെ അമ്മയായിരുന്നെങ്കില്‍
കണ്ണുകള്‍ എന്നും പച്ചയായിരുന്നേനേ,
കറുപ്പിന്റെ നൃത്തത്തില്‍
ഞാന്‍മുതല്‍ക്കൂട്ടായേനെ
എന്നൊന്നും ഞാനാഗ്രഹിക്കില്ല..
നിങ്ങളെയിരുവരേം
എത്രയിഷ്ടമായിരുന്നാലും

എന്റെയമ്മ മാതൃത്വത്താല്‍
ധനികയാണ്,
മകളത്തത്താല്‍ ഞാനും.

ഒരു ആത്മഭാഷണം
===============

നിങ്ങള്‍ ചിരിയ്ക്കണ്ട..
മനുഷ്യനെ വേണ്ടാത്ത
പ്രത്യയശാസ്ത്രങ്ങളെ,ഞാന്‍ വെറുക്കുന്നു.
പട്ടിണിയായ അവന്റെ കുടലിന്
അനാദിയായ നീളമുണ്ടെന്ന് പറഞ്ഞാല്‍
നിങ്ങളെന്നെ കളിയാക്കിക്കുരയ്ക്കും..
അസ്തിത്വം,അതിനൊരു പത്തുപൈസവില
പോലുമില്ല.
സുന്ദരാ,നീ എനിയ്ക്ക് വ്യാഖ്യാനമെഴുതിയ പോലെ ഒരു ഫ്രോയിഡും
  ഈ ലോകത്ത് ആര്‍ക്കുമെഴുതിയിട്ടില്ല.
പ്രണയം നഷ്ടപ്പെട്ടാല്‍,കയ്യില്‍ പത്തുപൈസ ഇല്ലാണ്ടായാല്‍
ചിമ്മാട്ചുമക്കല്‍ തന്നെ പിന്നെ ജീവിതം..
നിങ്ങളുടെ നോട്ടങ്ങള്‍ ഉദാരവും വിശാലവുമെന്നു കരുതുന്നു.
ജീവിതത്തിന്റെ ഉന്മാദങ്ങളിലേയ്ക്കാണ് നീ നടന്നത്..
കരുത്താര്‍ന്ന ജീര്‍ണതകളിലേയ്ക്ക് ഞാനും..
സത്യമാണ്,
നിങ്ങള്‍ അനുമാനിച്ചുകഴിഞ്ഞതുപോലെ
എന്റെ കയ്യില്‍ പത്തുപൈസയില്ല.
അതിമനോഹരമായൊരു സംഗീതം പോലെ
നിങ്ങളെന്റെ ചുറ്റും ഓടിയൊഴുകുമ്പോള്‍
ഞാനീ മരക്കാലില്‍ ചാരിനില്‍ക്കുകയാണ്.
ജീവിതം ദ്രവിച്ചുനീങ്ങുകയാണെന്ന്
പലവട്ടം ഞാനെന്റെ സുഹൃത്തിന്
സന്ദേശമയച്ചുകഴിഞ്ഞു..
അവനാണ് ഇതിനുകാരണം..
ആ കവിയൊരുത്തന്‍,സുന്ദരന്‍.
വീണ്ടും വീണ്ടും അവന്റെ
കവിതാഗ്രനേഡുകളെ ബ്ളൗസിനുള്ളില്‍ തിരുകിക്കൊണ്ടുനടന്നു..
എന്റെ കയ്യില്‍ പത്തുപൈസയില്ലായിരുന്നു.
എങ്കിലും ഹൃദയം ഇളകിമറിയുമ്പോള്‍
പ്രലോഭനങ്ങളെ പരിധിയിലാക്കാന്‍
കവിയനവന്റെ പുസ്തകങ്ങളിരന്നു വാങ്ങി...
പ്രകാശിതമായ ഒരുസന്ധ്യയില്‍
അസാധാരണമാം വിധം അവനെ പ്രണയിച്ചതിന്റെ കുറ്റത്തിന്
പറമ്പിറുമ്പത്ത് നിന്ന കരിനൊച്ചിയും
ചെറൂളയും ദേവദാരംവരെ എന്നോട് പിണങ്ങി.

ഉയര്‍ച്ചയ്ക്കായുള്ള ഉന്മാദവും
വിടുതലൈവിപ്ളവവുമൊക്കെ എന്റെ ചോരയിലുമുണ്ട്..
പക്ഷെ കനമില്ലാത്തൊരു പൂജ്യംഗുരുത്വബലമായി
ഞാനവനെയെന്റെ അണിവയറില്‍
ഞാത്തിയിട്ടുപോയി.
നിങ്ങള്‍ ചിരിച്ചുകുഴയുന്നുണ്ടല്ലോ..
അപാരത എന്നതൊരു ശ്രമം മാത്രമാണ്.
അനശ്വരതയെന്നത് മിശിഹായ്ക്കുപോലും സ്വയം തോന്നിയിട്ടുണ്ടാവില്ല.
ഫാഷിസത്തെ സുന്ദരന്‍ചിരികൊണ്ടു പ്രതിരോധിച്ച കര്‍ത്താവേ,
സാധാരണക്കാരന്റെ സാധാരണമായ
ആകാംക്ഷകളില്‍ ഞാനാശങ്കപ്പെടുന്നു.
ക്ഷോഭം വലയ്ക്കുന്ന ആത്മാവുകള്‍
ഭൂമിയിലലയുന്നത് ഞാന്‍ കാണുന്നു.
ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയേഴിലെ വസന്തകാലത്ത്,
വടക്കന്‍ബംഗാളില്‍
കര്‍ഷകരുടെ സായുധകലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍
ജോത്തേദാര്‍മാരും ഭരണാധിപന്‍മാരും
 ദൂഥ്ചാ കുടിച്ചുരസിക്കുകയായിരുന്നു.
മനുഷ്യനെ വേണ്ടാത്ത പ്രത്യയശാസ്ത്രത്തോടും
 പ്രണയത്തോടും എനിക്ക് വെറുപ്പാണ്.
ജീവിതം എന്താണിങ്ങനെ?

''ഈര്‍ക്കിലാലെത്ര രേഖ ചമച്ചാലും
വൃത്തമാകുന്ന ജീവിതമുദ്രണം!!''


തര്‍ജ്ജമകള്‍
==========

പ്രാന്താണെന്ന് മുദ്രകുത്തിക്കഴിഞ്ഞു.
ഇനി കോടതിവ്യവഹാരക്കാരാ,,
എന്റെ ഒപ്പിന് പ്രസക്തിയില്ല.
ഈ വില്‍പത്രം കൊണ്ടുപൊയ്ക്കൊള്ളൂ.
കട്ടില്‍ക്കാലുപോലെയും ചിലപ്പോള്‍
കപ്പല്‍പായ്മരം പോലെയും 
കണവനാക്ക് പോലെയുമൊക്കെ 
ഞാനിനി ഒപ്പിട്ടേക്കാം.. 
വല്ലാതെ തണുക്കുന്നു.
ആ പടുത ഒന്നുകൂടി താഴ്ത്തിയിടൂ.
നാളെ വിചാരണയ്ക്ക് ഹാജരാകണമെന്നോ?
ബുദ്ധിസ്ഥിരത വീണ്ടെടുത്തിട്ടില്ലെന്നും
അതുകൊണ്ട് വിചാരണയ്ക്ക് തയ്യാറല്ലെന്നും
എന്റെ ഡോക്ടര്‍ അറിയിച്ചിട്ടുണ്ടല്ലോ.
മാത്രമല്ല
ചുമത്തപ്പെട്ട കുറ്റങ്ങളുടെ ഗൗരവം മനസിലാക്കാനുള്ള സ്ഥിരബുദ്ധി,
എനിക്ക് ആയിവരട്ടെ.
നീലഛന്ദേരിസാരിയില്‍ ഞാന്‍ 
കൂടുതല്‍ സുന്ദരിയാണ്.
അതുടുത്ത് നിലാരാത്രിയില്‍ കായല്‍പടവിലിരുന്ന്
ഞാന്‍ യോസാനോഅകീകോയുടെ കവിതകള്‍
തര്‍ജ്ജമ ചെയ്യും.
കടിച്ചാല്‍ പൊട്ടാത്ത
കവിതാപെണ്‍പിറന്നോരാണ് 
യോസാനോ അകീകോ!
ഹൃദയതാളം മാത്രമുള്ളോള്‍.
മുഴുവട്ടാണെനിക്കെന്ന്.... ഹഹഹ..
അതുകൊണ്ടല്ലേ സ്വന്തംകാര്യം
ഒട്ടുമില്ലാത്ത തര്‍ജ്ജമപ്പരിപാടിയില്‍ ഏര്‍പ്പെടുന്നത്.
സുബോധമില്ലാത്ത  വെടിയുണ്ടകളായി
അവ നിങ്ങളുടെ മാറില്‍തുളച്ചുകയറിയേക്കാം.
കോടതി ചോദിക്കും,
മനോനിലതെറ്റിയ നിങ്ങളെങ്ങനെ 
തര്‍ജ്ജമകള്‍ ചെയ്യുന്നു?
ബോര്‍ഹെസിനെ,ജോണ്‍ലോക്കിനെ,
അകീകോയെ..?
കോടതീ..വ്യവഹാരങ്ങളൊക്കെ നിര്‍ത്തി ,
പോയി വീട്ടിലിരിക്കൂ..
സുബോധമുള്ളവര്‍ ചെയ്യുന്ന പരിപാടിയാണോ തര്‍ജ്ജമകള്‍...
മറ്റാരോ ആണെന്ന് സ്വയം വിചാരിച്ചുകൊണ്ട്ചെയ്യുന്നവയല്ലേ അവ..
ഞാനിപ്പോള്‍,ഉണ്ടിട്ടുറങ്ങുന്നു
ഉണര്‍ന്നിട്ടുടനെ നഗ്നയായി നൃത്തംചെയ്യുന്നു..
ഒരു ഗുണ്ടാപ്പടയെ ചെല്ലുംചെലവും കൊടുത്ത്
വളര്‍ത്തിയെടുത്തിരിക്കുന്നു..
ആരുചോദിക്കാന്‍..
ഒപ്പു നഷ്ടപ്പെട്ട,ഒസ്യത്തെഴുതാന്‍ കഴിയാത്ത
പേരുപോലും എടുത്തുമാറ്റപ്പെട്ട
നിരന്തരം തര്‍ജ്ജമകള്‍ ചെയ്യുന്ന
സാറാ ഹെക്ലറാണോ ഞാന്‍,ജുമാനയാണോ
ജസീന്തയോ അതോ മറിയാമ്മയോ..
എന്നോടാരു ചോദിക്കാന്‍?

നദിയെലെമ്പാടും തെളിഞ്ഞ ജലം..
തവിട്ടുമൈനകളും, 
തരളിതമായ വാലുകളുള്ള കുരുവികളും,
നിറമേറിയ ശലഭങ്ങളും ചുറ്റുപാടും
പ്രശോഭിതമാക്കുന്നു..
മരക്കൂട്ടങ്ങള്‍,ചെരുപ്പുകുത്തികള്‍
വിപ്ളവകാരികള്‍,വളര്‍ത്തുനായ്ക്കള്‍,വൃദ്ധര്‍..
മീനുകള്‍..

ഞാനൊരു മീനായി..
ഭാഷാന്തരീകരണത്തിന്റെ വിമലതകളിലൂടെ
അതു നീന്തിത്തുടിച്ചു.
നട്ടപ്രാന്തിന്റെ തര്‍ജ്ജമകളില്‍ കോടതി 
വിധി പ്രഖ്യാപിച്ചു.
വിധി അനുകൂലമായിരുന്നു..
പാവം..സുബോധമില്ലാ..തര്‍ജ്ജമ തുടരാം.
                                    - നിഷാ നാരായണന്‍

Translations
==========
Nisha Narayanan
Trans: Ra Sh

Already labeled as insane.
Now, dear court petitioner,
my signature has no value.
Take away this Will. 
I can only sign now
like the leg of a bedstead
or a ship mast
or the tongue of a  fish.
Am feeling chilly in here.
Lower that curtain.
I should appear tomorrow too?
My doctor has informed that
I haven’t regained my sanity yet
and is not in a condition to face trial.
Moreover,
let me gain the sanity to understand
the gravity of my crimes.

I look more attractive
in a blue Chanderi saree.
Wearing it while sitting on the steps 
of the backwaters,
I will translate the poems of
Yosano Akiko.
She is a poetry woman
whom you can’t chew into that easy,
this Yosano Akiko, 
who only follows the rhythm
of her own heart.

They say I am totally nuts,
that’s why I engage in translations
which are not my own things.

They may bore through your chest
like senseless bullets.
The court will question you.
You, who are insane, how do you
manage these translations of
Borges, John Locke, Akiko?

Stop these court proceedings
and go rest at home.
Are translations done by anyone
With a balanced mind?
Are they not what you do imagining that
another is doing it?

I am now taking a nap after a meal.
As soon as I am awake I dance naked.
I have brought up a  gunda army
paying for food and expenses.
Who can question that?

Am I Sara Heclar or Joumana, 
Jacintha or Mariyamma
who will question me?
Me who has lost my own signature, 
unable to write a Will,
whose name itself has been removed,
but translating perpetually.

Clear water flows along the river.
Brown mynahs and sparrows
with fidgety tails.
Multi-hued butterflies
light up the surroundings.

Groves of trees, cobblers,
revolutionaries, pet dogs, 
old men, fish.
I became a fish
thrashing about while swimming
through the pristine translations.

The Court gave its  judgment
about deranged translations.
It was in my favour.
Poor thing…. Let her continue with
senseless translations.