Saturday, 5 August 2017

പ്രഥമം

പ്രഥമം
=====

അന്ന്  സ്കൂളില്‍വെച്ച്
പ്രണയം പറഞ്ഞു
പുറകെ നടന്നവന്റെ പേരും
ബൈജു എന്നായിരുന്നു.

അവന് നിനക്കുള്ള പോലെ
ബൈക്കൊന്നുമില്ലായിരുന്നു.
പ്രണയം നിറച്ചുവെച്ച
ഒരുനുണക്കുഴി ഉണ്ടായിരുന്നു.

പ്രണയത്തില്‍ വീണ പെണ്‍കുട്ട്യോള്
അതാസ്വദിക്കുന്നതുപോലെ
മുടി കോതുന്നതായി ഭാവിച്ച്,
തിരിഞ്ഞ്,അവനെ ഇടയ്ക്കിടെ
ഒളികണ്ണിട്ടു നോക്കുമായിരുന്നു.

ബൈജു ഉലഹന്നാന്‍ എന്ന്
നിന്നെ നീട്ടിവിളിക്കുന്ന പോലെ
അവന്റെ കൂടെ അപ്പന്‍ പേരോ
വീട്ടുപേരോ ഒന്നുമില്ലായിരുന്നു,
ചക്കീ ചങ്കരീ ന്നൊക്കെ അവന്‍
വിളിക്കുമ്പോള്‍,ങും ങും എന്ന് മൂളിക്കേട്ട്
പേരോ നാളോ പ്രസക്തമല്ലാത്ത
ഒരു തീരത്ത്,ലാവിലലിഞ്ഞ്
ഞങ്ങള്‍ അടിഞ്ഞുകിടക്കുമായിരുന്നു.
ഈ മുടിയിഴകളില്‍
അവനൊരു പുഴ കാണുമായിരുന്നു...

ഡാ ഉലഹന്നാന്‍ മോനേ,
നീ എപ്പോഴെങ്കിലുമത് കണ്ടിട്ടുണ്ടോ?

അവനെങ്ങാനും
ഒന്നിവിടെ വന്നിരുന്നെങ്കില്‍
ആ കൂട്ടുപുരികങ്ങള്‍ക്കിടയില്‍നിന്ന്
എന്റെ പേര് നുള്ളിയെടുക്കാന്‍ നോക്കാന്‍
ഞാന്‍ നിന്നോട് പറഞ്ഞേനെ..

No comments:

Post a Comment