Wednesday, 1 July 2020

=====

പ്രഭോ,
ഇവനെ കൊന്നാല്‍
അങ്ങയെ കാലം ഫ്യൂഡല്‍ബഡുവ
എന്ന് പുനര്‍നാമകരണം ചെയ്യും.
മാത്രമല്ല,
ഇവനില്ലാതാകുന്ന അതേ നിമിഷംതന്നെ
 അവനൊരു പിന്‍ഗാമി ഭൂജാതനായിവരും.
,ഇവന്‍ പറഞ്ഞപോലെയൊക്കെത്തന്നെ
അവനും പറയും.
ഉദ്ബോധിപ്പിക്കും.
അവന്റെ ആശയങ്ങള്‍
ആളുകളില്‍ ഉള്‍ഖനനം നടത്തും
അവരോരോരുത്തരായി 
അവന്റെ കൂടെ ഇറങ്ങിച്ചെല്ലും
അതില്‍ ഉത്പതിഷ്ണുക്കളായവര്‍
അവന്റെ പ്രവാചകരാവും
അവന്‍ പല പേരുകള്‍ കൈക്കൊള്ളും.
അവന്‍ ഒരുവര്‍ഗ്ഗത്തിലും
ചേരിയിലും പെടാതെ നില്‍ക്കും
എന്നാല്‍ വല്ലാതെ സ്വീകരിക്കപ്പെടുകയും ചെയ്യും.
പ്രഭോ,പണിയാവും.
ഇവനേപോലെതന്നെ
അവനേയും അങ്ങേയ്ക്ക് കൊല്ലേണ്ടിവരും.

പ്രഭോ,വിപ്ളവറഷ്യയില്‍
സര്‍ രണ്ടാമന്‍ 
തീവ്രവാദിയാക്കി വെടിവെച്ചുകൊന്ന
വാസ്ക കൊര്‍ച്ചാഗിന്റെ 
ഒന്നാന്തരമൊരുപ്രതിമ
പിന്നീടവര് തെരുവിലുയര്‍ത്തി.
സര്‍ രണ്ടാമന്റെ ഫോട്ടോയ്ക്ക്മേല്‍ തുപ്പി.
സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട.
പിന്നീടൊരിക്കല്‍ സംഭവിക്കുന്നതൊക്കെ
 വേറെയായിരിക്കും.

വല്ലതും അറിയുന്നുണ്ടോ..
അങ്ങയുടെ സാമ്രാജ്യത്തിലെ
കുഞ്ഞുമക്കളിപ്പോള്‍ കാലത്തെ
മാറ്റിപ്പണിയുകയാണ്.
പിന്നീടൊരിക്കല്‍ സംഭവിക്കുന്നതൊക്കെ
 തികച്ചും വേറെയായിരിക്കും.

ഇവനെ കൊല്ലണ്ട..

നോട്ടം

=====

ആദ്യമായി കാണുന്ന ഒരാളെ
ചുഴിഞ്ഞുനോക്കി
അയാളില്‍ നിങ്ങളെത്തന്നെ തേടുന്നത്
ശരിയായൊരു കാര്യമാണോ?അറിയില്ല.
തീര്‍ച്ചയായും നോട്ടമേല്‍ക്കുന്നയാള്‍
ഇതെന്തു പരവേശനോട്ടം
എന്നന്ധാളിച്ചേക്കാം.
കണ്ണിന്റെ സ്ഖലനോത്സുകതയെപ്പറ്റി
തൊട്ടടുത്തുനില്‍ക്കുന്നയാളോട്
അടക്കം പറഞ്ഞേക്കാം..

നിങ്ങളാ കുഞ്ഞുപൂച്ചക്കുട്ടിയെ തപ്പുകയാണെന്ന് അയാള്‍ക്ക് അറിയില്ലല്ലോ.
എപ്പഴോ ഒരു മണ്‍സൂണ്‍മഴയത്ത്
ഒരുപിടി ചോറും തിന്ന് ഇറങ്ങിപ്പോയതാണ്.
തീവ്രനോട്ടങ്ങള്‍ ചിലരെ പ്രക്ഷുബ്ധരാക്കും
നിങ്ങളൊരു കവയിത്രിയോ ഇല്ലുസ്ട്രേറ്ററോ
ഫോട്ടോഗ്രാഫറോ ആണെന്നും
നിങ്ങളുടെ ഒരു കലാസൃഷ്ടിക്കായുള്ള ഫ്രെയിമൊരുക്കലാണ് ഈ നോട്ടമെന്നും
നുണപറഞ്ഞ് അയാളെ തെറ്റിദ്ധരിപ്പിച്ചോളൂ,
പാവം,ഫ്രോയിഡിനെയൊന്നും വായിച്ചിട്ടില്ലെങ്കില്‍
അയാളതില്‍ വീണുപോകും.
നിങ്ങളുടെ കാല്പനികനേത്രങ്ങളില്‍നിന്ന്
വനജ്യോത്സ്നയും മഞ്ഞുപാളികളും
ബഹുവര്‍ണച്ചിറകുള്ള കാക്കകളും
പ്രപഞ്ചത്തോടത്രയും ഉദാരതയോടെ
പുറത്തേയ്ക്ക് നൂണ്ടിറങ്ങി ഒരു ദൃശ്യമാകുന്നത്
അയാള്‍ വിസ്മയത്തോടെ നോക്കിനില്‍ക്കും.
ആ പൂച്ചക്കുട്ടി പണ്ടേ ഒരു ചാട്ടക്കാരനാണ്.
നിങ്ങള്‍ അതിനെ പിരിഞ്ഞു പരീക്ഷീണയായ
ഒരു യജമാനത്തിയും.
അതിന്റെ പിങ്ക്നിറമുള്ള മോണകളും 
ഈര്‍പ്പമുള്ള മൂക്കും പലവുരുസ്വപ്നം കണ്ട്
ഉറക്കത്തില്‍ നിങ്ങള്‍ വിമ്മിക്കരഞ്ഞിട്ടുണ്ട്.
യോസേ..ഫ്..നിങ്ങള്‍ അലറിവിളിച്ചിട്ടുണ്ട്..
ഒരിക്കല്‍ ഇരയുമായി വലിയ ഗര്‍വ്വോടെവന്ന
യോസഫ്പൂച്ചയെ നിങ്ങള്‍ അവഗണിച്ചു.
അതാണ് പറ്റിപ്പോയതെന്നു തോന്നുന്നു.
ഗര്‍വ്വഭംഗം ഒരു പൂച്ചപോലും സഹിക്കില്ല.
അന്നൊരിക്കല്‍ മട്ടുപ്പാവില്‍ മുടിയഴിച്ചിട്ടുനിന്ന്
മഴനനഞ്ഞുനിന്നുകൊണ്ടുള്ള നിങ്ങളുടെ
ഗിരിപ്രഭാഷണവും അവനെ മടുപ്പിച്ചുകാണും.

പിടയുന്നനോട്ടമുണ്ടെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
നോട്ടംകൊണ്ട് ഹൃദയത്തിലാക്കാന്‍ കഴിയണം.

പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കുപറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ.

പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കു
പറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ.
=================================

ആ തണുത്തുറഞ്ഞ  പ്രഭാതത്തില്‍-
 പുലര്‍കാലനടത്തം ശീലമാക്കിയിരുന്ന അയാള്‍-
അന്ന് വഴിതെറ്റി,പുല്ലാന്നി പടര്‍ന്നുകിടക്കുന്ന
തെക്കോട്ടുള്ള ഏങ്കോണിച്ച ഒരു വഴിയേ
അങ്ങു നടന്നുപോയി.
അയാള്‍ക്കുമുന്‍പെ 
ഒരു വൃദ്ധനും ഒരു കറുത്ത നായ്ക്കുട്ടിയും 
അതേവഴിയേ കടന്നുപോയിരുന്നു,
ആ വഴി ചെന്നുനില്‍ക്കുന്നത്
വിജനമായ ഒരു പാടത്തിലേക്കാണെന്നും
പിന്നീടങ്ങോട്ട് വേറെ വഴികളില്ലെന്നും
ഒരു പെണ്‍കുട്ടി പറഞ്ഞുകൊടുത്തിട്ടും
ആ വൃദ്ധനും നായ്ക്കുട്ടിയും 
പിന്‍വാങ്ങാതെ ഒരേ പോക്കുപോയി.
നടത്തത്തിന്നിടെ
അന്ന് വൈകിട്ട് അരങ്ങേറാന്‍ പോകുന്ന
നാടകത്തിലെ തന്റെ കഥാപാത്രത്തെപ്പറ്റി
ചിന്തിച്ചുനടന്നപ്പോഴാണ് 
അയാള്‍ക്ക് വഴിതെറ്റിയത്.
അയാളൊരു ഇരുത്തം വന്ന നാടകനടനാണ്.
തലേന്ന് തന്റെ നൂറ്റമ്പതാമത്തെ കഥാപാത്രത്തെ വേദിയില്‍
അവതരിപ്പിക്കാനുള്ള റിഹേഴ്സലിനിടയില്‍
പെട്ടെന്നയാള്‍ ഡയലോഗ് മറന്ന്
മല്ലയുദ്ധങ്ങളെപ്പറ്റിയും വാര്‍കോലും
കൊങ്കകളേപറ്റിയും ചിന്തിക്കാന്‍ തുടങ്ങി.
*'വാര്‍കോലും കൊങ്കകളില്‍ കാകോളം തേച്ചുചമച്ച' പൂതനാലോകത്തെ
പെട്ടെന്നങ്ങു മനസ്സില്‍ വിഭാവനംചെയ്തുതളര്‍ന്ന്
 രംഗമഞ്ചത്തിലെ നടുക്കിട്ട കസേരയില്‍ അയാള്‍ ഒടിഞ്ഞിരുന്നു.
അയാളുടെ അച്ഛനും ഇങ്ങനെയായിരുന്നു.
ഭാവനാസമ്പന്നനായിരുന്നു.
പെട്ടെന്നൊരു ദിവസം ആകാശത്തൊരു കപ്പല്‍ കണ്ടേ എന്നുറക്കെ വിളിച്ചുപറഞ്ഞ്
ഭൂതാവേശിതനായി തൊടിയിലെ
കവുങ്ങില്‍ പെരണ്ടുകയറി
**ആര്‍ബിനോയെപോലെ
സ്വര്‍ഗത്തിലേക്ക് കെട്ടുകെട്ടുകയായിരുന്നു.
ഹാ!ഘോരട്വിസ്റ്റുകള്‍ തന്നെ ജീവിതം.
ആ കസേരയില്‍ ഒടിഞ്ഞിരുന്ന്
അയാള്‍ തൊട്ടുതലേന്നു രാത്രിയെപ്പറ്റി ആലോചിച്ചു.
അന്ന് ഉറക്കത്തില്‍താന്‍ ഇബ്സന്റെ നോറയായി മാറിയതായി അയാള്‍ സ്വപ്നം കണ്ടിരുന്നു.
വീട് വിട്ടിറങ്ങിയ നോറ,ഏറെ നടന്ന്
No.1സഫ്ദര്‍ജംഗ്റോഡിലേക്ക് കയറിയപ്പോള്‍
പെട്ടെന്നൊരു നിമിഷംകൊണ്ട്
പത്തൊമ്പതു വെടിയുണ്ടകള്‍ക്ക് ഇരയായി
 കുഴഞ്ഞുവീണുമരിച്ചു.
പുതുതായി സ്വന്തമായി കിട്ടിയ മുലകള്‍
ഉറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്ന 
ആ ഒരുനിമിഷംകൊണ്ടാണ് അയാള്‍ക്ക്
ഇതൊക്കെ സംഭവിച്ചത്..
ഹാ!പൂതനാലോകം തന്നെ!
മരിച്ചുകിടന്ന, നീണ്ട മൂക്കിന്‍ തുമ്പത്ത്
ഉറഞ്ഞുകൂടിയിരുന്ന സിഖ്മൗനം 
കൊസാക്കിയന്‍ വാള്‍ത്തലപോലെ തിളങ്ങിനിന്നിരുന്നു.
എന്തൊരു സ്വപ്നമത്!
എന്നാല്‍ പല രാത്രികളിലും ഉറക്കമില്ലാതെ,
പാത്രാവിഷ്കാരത്തിന്റെ കേവുവഞ്ചികളില്‍
അയാള്‍ പൊങ്ങിത്തെങ്ങിനടന്നിരുന്നു.
പകലുകള്‍-വ്യാസമൗനങ്ങള്‍,
അര്‍ഥഗര്‍ഭങ്ങളായആണിക്കൂടുകളില്‍ ,
നിര്‍ധനനായ ഒരു പിശാചിനെപോലെ 
അയാള്‍ ചതഞ്ഞുകിടന്നിരുന്നു.
ഇവയ്ക്കൊക്കെ തൊട്ടുതലേന്നുവരെ
അയാളൊരു റേഷനിംഗ് ഓഫീസറായിരുന്നു.
പെട്ടെന്നൊരു ദിവസം അനധികൃതമായി കെട്ടിക്കിടക്കുന്നകൊമൊഡിറ്റികളെല്ലാം
അര്‍ഹതപ്പെട്ടവനിട്ടുകൊണ്ട്
അവസാനത്തെ ഒപ്പുമിട്ട് നിര്‍വ്യാജനായി
അയാള്‍ പടിയിറങ്ങുകയായിരുന്നു.
തലേന്നുതലേന്നിനെപറ്റി ചിന്തിച്ചുകൊണ്ടിരുന്നാല്‍
ആര്‍ക്കാണുറക്കം വരിക,സ്വപ്നങ്ങള്‍ കാണുക.
നോക്കൂ,
പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കു
പറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ.
സ്ഥിരംവഴി തെറ്റുന്നത്,
നാടകത്തില്‍ ഡയലോഗ് മറക്കുന്നത്,
സ്വപ്നത്തില്‍ നോറയാവുന്നത് വെടിയേറ്റുവീഴുന്നത്
രാജി വച്ച റേഷനിംഗ് ആപ്പീസറാകുന്നത്..

പുലര്‍കാലനടത്തത്തില്‍ വഴിതെറ്റി
കാടുകേറിയ അയാളെ സംവിധായകന്‍
 മൈക്കിലൂടെ തിരിച്ചുവിളിച്ചു:
''നാടകരചന,സംഗീതം-പിരപ്പന്‍കോട് മുരളി
 രംഗപടം -സുജാതന്‍
നാടകസംവിധാനം -വക്കംഷക്കീര്‍''.

*കൃഷ്ണഗാഥ-പൂതനാമോക്ഷം
**കഥാപാത്രം-കോളറക്കാലത്തെ പ്രണയം

Friday, 19 June 2020

കേള്‍ക്കൂ

കേള്‍ക്കൂ..
======

സ്വയംകൊലയെപ്പററി ഇന്നലേയും ചിന്തിച്ചുകിടന്നു.
ഉറക്കത്തില്‍ കാട്ടുഞാവല്‍പഴങ്ങള്‍ സ്വപ്നം കണ്ടു.
അവയുടെ വയലറ്റ് കശേരുക്കളില്‍ 
നാക്കമര്‍ത്താന്‍ തോന്നി.
സ്വപ്നത്തിനും എന്തു സംത്രാസമാണ്.
താഴെ ഒരു മണ്ണ് അനാവൃതമായി.
പല ഋതുക്കള്‍ വന്നു ഭൂമി നിറഞ്ഞു.
വൃക്ഷങ്ങള്‍,മലകള്‍,കടലാകാശം
ചിരികള്‍,നുരകള്‍,പൊയ്കാഴ്ചകള്‍
രാവേ,പകലേ,തീക്ഷ്ണോര്‍ജ്ജങ്ങളേ
പ്രേമത്തിന്റെ പുഴകളേ..
സ്വപ്നങ്ങള്‍ക്കുപോലും എന്തു സംത്രാസമാണ്
തിരത്തള്ളലാണ്!

രാവിലെ ഒരു വിദേശപടം കണ്ടിരുന്നു
മൃദുവായിരുന്നു അത്!
മിതത്വമുള്ള ജനത.
പ്രശാന്തമായ ദിനചര്യകളോടെ
അവര്‍ ഒഴിവുസമയം പശുക്കളെ മേയ്ക്കുന്നു.
നിശബ്ദമായ ആവേഗങ്ങളെ
ഉള്ളിലൊതുക്കി പ്രണയഗീതങ്ങള്‍ മൂളുന്നു!
സ്വസ്വപ്നങ്ങളെ ആഗിരണം ചെയ്ത് നടക്കുന്ന
മഞ്ഞുമലകളെപ്പോലെ
അവര്‍ വല്ലാതെ തണുപ്പിക്കുന്നു.
അവര്‍ കുതറുന്നില്ല
പൊട്ടിത്തെറിക്കുന്നില്ല,
ശബ്ദമുയര്‍ത്താതെ സംസാരിച്ച്
ഇടവഴികള്‍ കടന്നുപോകുന്നു..

നമ്മുടെ സ്വപ്നങ്ങള്‍ക്കുപോലുമെന്നാല്‍
എന്തൊരു തിരത്തള്ളലാണ്.
സ്വപ്നത്തില്‍ നിന്നുണരുന്ന
അതേനിമിഷംതന്നെ നാം
സ്വയംകൊലയെപ്പറ്റി ചിന്തിക്കാം.
തകര്‍ന്നടിഞ്ഞ ഏതെങ്കിലുമൊരു സംസ്കൃതിയെപ്പറ്റി ചിന്തിച്ച്
നെഞ്ചലച്ചേക്കാം.
ഒരു പലായനാഭയാര്‍ഥിയെപോലെ
ഓടിക്കിതച്ചേക്കാം
വിച്ഛേദിക്കാത്ത ഇന്‍സുലേറ്റ്ചെയ്യാത്ത 
കോപ്പര്‍ വയറുകളില്‍ പച്ചകൊണ്ട്‌ വലതുകൈത്തണ്ടയും
ചുവപ്പുകൊണ്ട്
 ഇടതുകൈത്തണ്ടയും ബന്ധിച്ച്‌
220v കടത്തിവിട്ടേക്കാം.
ഇതൊരു തിരത്തള്ളലാണ്!

സ്വസ്ഥമായിരുന്ന്
ആ ഇഷ്ടപ്പെട്ട സിനിമയിലെ
അനുശീലനങ്ങള്‍
സ്വന്തമാക്കാന്‍ ശ്രമിച്ചാല്‍
എത്ര നന്നായിരുന്നു!

                        -നിഷാനാരായണന്

പ്രതിലോമം

പ്രതിലോമം
=========

ഏറെ പ്രേമിക്കുന്ന ഒരു യുവതിയോട്
പ്രേമം പറയുന്നതിനിടയില്‍
ആത്മവിചാരം പെരുത്ത്
തന്റെ കൈകാല്‍ചലനങ്ങള്‍ ശരിയാണോ
നടത്തം വക്രിച്ചുപോകുന്നുണ്ടോ
മുഖം, പേശികള്‍ വലിഞ്ഞ് വികൃതമാകുന്നുണ്ടോ എന്നൊക്കെ 
അനാവശ്യമായി ചിന്തിച്ച്,
ഒടുക്കം അപഹാസ്യരാകുന്ന കാമുകരുണ്ടാവും

മത്സരപ്പരീക്ഷ തൃപ്തികരമായി 
എഴുതാന്‍ കഴിയാതെ,നിരാശയില്‍
പുറത്തുകടന്ന്,ആദ്യം കണ്ട ആളോട്
ഒരു കാര്യവുമില്ലാതെ 
പ്രകോപനപരമായ സംവാദത്തില്‍ ഏര്‍പ്പെട്ട്
പരിഹാസ്യരായി തോറ്റുമടങ്ങുന്ന
ഉദ്യോഗാര്‍ത്ഥികളുണ്ടാവും.

സംവേദനങ്ങള്‍ ഇങ്ങനെ
പരാജയപ്പെട്ടാലോ..
കുറെ കഷ്ടമാണത്..

ഒരു കിറുക്കന്‍ വ്യവഹാരിയെപോലെ,
പ്രസന്നമായതൊന്നും പിടിക്കാത്തപോലെ,
നിങ്ങളെന്താണു ഹേ!ഇത്ര ശാന്തരായിരിക്കുന്നത്.
ലോകം തന്നെ അപഭ്രംശപ്പെട്ടുകൊണ്ടിരിക്കുകയാണ്.
നിങ്ങളൊഴിച്ചുള്ള ആളുകളെല്ലാം
വിഷണ്ണരും പ്രക്ഷുബ്ധരുമാണ് എന്നൊക്കെ
ഇവര്‍ ഇടയ്ക്കിടെ
നിറയൊഴിച്ചുകൊണ്ടേയിരിക്കും.

സംവേദനങ്ങള്‍ അത്രയ്ക്കും
വൈകാരികമാകുന്നതായിരിക്കും
ചിലപ്പോള്‍ കുഴപ്പമല്ലേ..

ഇത്തരക്കാര്‍ ജീവിതത്തിന്റെ
തെളിച്ചമുള്ള വഴികളിലേക്കൊന്നും നോക്കാറില്ലേ..?
ചായക്കടയില്‍ കാലിച്ചായകുടിക്കാന്‍ വരുന്ന
ഒരു സാധാരണ നാട്ടിന്‍പുറത്തുകാരനോട്
പറ,പറ,നിങ്ങള്‍ക്കെന്തു സാമൂഹ്യപ്രതിബദ്ധതയാണുള്ളത്
എന്ന് ചോദിച്ച് സ്വയം അലുക്കുലുത്തായി
 സ്വസ്ഥതയും സമാധാനവും
നഷ്ടപ്പെടുത്തുന്ന ഇവര്‍
തങ്ങളുടെ സ്വകാര്യമുറികളില്‍
ആവശ്യത്തിലേറെ വലുപ്പത്തില്‍ പ്രിന്റുചെയ്ത
റോബ്സ്പിയറിന്റേയും റോസലക്സംബര്‍ഗിന്റേയും
പടങ്ങള്‍ സൂക്ഷിക്കും.
തങ്ങളുടെ ഗ്രന്ഥശാലകളില്‍ ജോണ്‍ലീയുടെ
ചെഗുവേര ജീവചരിത്രവും
സത്യാന്വേഷണപരീക്ഷണങ്ങളും പ്രദര്‍ശിപ്പിക്കും..

ങും..ഇത്തരക്കാര്‍ എന്നു നിങ്ങള്‍ ഇവരെ
വല്ലാതെ ക്യാറ്റഗറൈസ് ചെയ്യുന്നുണ്ട്.
എത്തരക്കാര്‍..പറയൂ ,എത്തരക്കാര്‍..
തലച്ചോറില്‍ ദിനംപ്രതി കൂടംകൊണ്ടടിയേല്‍ക്കുമ്പോള്‍
ഇവര്‍ വ്യവസ്ഥിതിയെ തള്ളിപ്പറയും.തെറ്റാണോ?
അരാജകത്വത്തിന്റെ കാല്‍പനികക്കലിപ്പെടുത്തിട്ട്
എനിക്ക് ചോരയാണ് പ്രിയം എന്നു ചുവക്കും.
അതവരുടെ കുറ്റമോ..
വിജനമായ വഴികളിലൂടെ നടക്കുമ്പോള്‍
പിന്‍വിളി കേട്ടെന്ന പോലെ അവര്‍
 വെറുതെ തിരിഞ്ഞുനോക്കും..
നിഷ്കളങ്കമായി ചിരിക്കും.
ദീര്‍ഘചുംബനങ്ങളില്‍ മുഴുകാതെ
പെട്ടെന്ന് അടര്‍ന്നുമാറി ഒരു ബീഡിയെടുത്ത് ചുണ്ടില്‍ തിരുകും.
അവര്‍ തേകാത്ത കിണറ്റില്‍ ചാടി ചത്തേക്കാം,
നിങ്ങളെ കിണറ്റില്‍ തള്ളിയിട്ടേക്കാം.
എങ്കിലും  മനുഷ്യരെ ഇഷ്ടമാണെന്ന്
ലോകം അവസാനിക്കുന്നതുവരെ
അവര്‍ പിറുപിറുത്തുകൊണ്ടേയിരിക്കും.

Monday, 15 June 2020

An interview with me

An  interview  with me
=================

നമസ്കാരം.
ഞാനൊരു ലോകപ്രശസ്ത എഴുത്തുകാരിയാണെന്നു വിചാരിക്കുക.
സുഹൃത്തേ,ചിരിക്കണ്ട.
ലേശം അങ്ങനെയങ്ങു വിചാരിക്കൂ.
നോവലാണ് എന്റെ തട്ടകം.
നോവല്‍ എന്ന സാഹിത്യത്തിന്
യാഥാര്‍ഥ്യവാദികള്‍ അയിത്തം കല്‍പിക്കുന്നതിനെപറ്റി എനിക്കറിയാം.
Fiction എന്ന പേരു തന്നെ ഫിക്ടീഷ്യസ് അത്രേ.
മൈക്ക് നേരെ പിടിച്ചാട്ടെ
എനിക്ക് ചിലത് പറയാനുണ്ട്.
അഭിമുഖങ്ങള്‍ പൊതുവെ ഞാന്‍ വെറുക്കുന്നു.
ഹേയ് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ
അഭിമുഖകാരന്‍ തനിക്ക് പ്രിയമുള്ള കാര്യങ്ങളേ ചോദിക്കുള്ളൂ.
നിങ്ങള്‍ വിഡ്ഢിയെപ്പോലെ അയാളുടെ
ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചുകൊണ്ടേയിരിക്കും.
പുറത്തുവരുന്നതില്‍ നിങ്ങളുണ്ടാവില്ല.
അമ്പരന്നു നില്‍ക്കുന്ന നിങ്ങളെ ടാബ്ളോയിഡുകള്‍ വലിച്ചുകീറും.
നിങ്ങള്‍ വിചാരിക്കും.
ജനങ്ങള്‍ ഇതൊക്കെ പെട്ടെന്നു മറന്നോളും.
എവിടെ,മാസങ്ങള്‍ക്കുശേഷം,
അടുത്ത അഭിമുഖകാരന്‍ ഇതുതന്നെ എടുത്തുചോദിക്കും.
അതൊക്കെ വിടൂ,നമുക്ക് നോവലിലേക്ക് വരാം.
നോവലുകളെ കല്‍പിതങ്ങളെന്ന്
കള്ള ക്കഥകളെന്ന് കളിയാക്കുന്ന നിങ്ങളോട്
മാര്‍ക്വേസിന്റെ ജോനാഹ് മറുപടിപറയും.
ജോനാഹ് പറയുന്നു.ഭാര്യേ,ഞാന്‍ വരാന്‍ മൂന്നുദിവസം വൈകിപ്പോയി.
എന്നെയൊരു തിമിംഗലം വിഴുങ്ങിയിരിക്കുകയായിരുന്നു.
സത്യമായും ഒരു തിമിംഗലം വിഴുങ്ങിയ ആള്‍
തൊട്ടടുത്ത നിമിഷം ഒരു ചാട്ടുളിയാല്‍
വയറുകീറപ്പെട്ട തിമിംഗലത്തില്‍ നിന്ന്
രക്ഷപ്പെട്ടു വീടെത്തുന്നതില്‍
എന്ത് കള്ളമാണുള്ളത്?
അഭിമുഖകാരാ,നിങ്ങള്‍ തറച്ചുനോക്കണ്ട.
എന്താണ് കവിതയെഴുതാത്തത്
 എന്നു നിങ്ങള്‍ ചോദിക്കുമായിരിക്കും.
ആത്മഭാഷണങ്ങളെ എനിക്കിഷ്ടമല്ല.
അവ പ്രസംഗപീഠത്തില്‍ നിന്നുകൊണ്ട്
തത്വോക്തി ചൊരിയുന്ന പണ്ഡിതനെപോലെയാണ്.
ഞാനെന്ന നോവല്‍കാരിയെ നിങ്ങളൊരു ഫോട്ടോഗ്രാഫറായി സങ്കല്‍പിക്കുക
അവള്‍ നിങ്ങളെ ഹാര്‍ദമായി സ്റ്റുഡിയോയിലേക്ക് സ്വാഗതം ചെയ്യും
നിങ്ങളുടെ കണ്ണ്,ചെവി,മൂക്ക്
ഇവയെപറ്റിയൊക്കെ കലാത്മകമായി സംസാരിക്കും.
നിങ്ങളെപറ്റിയാണ് ഞാന്‍ കൂടുതല്‍മിണ്ടുക
 സാഹിത്യം സഹജജ്ഞാനവും സഹജീവിബോധവും കൂടിയാണ് സുഹൃത്തേ.

ആഹാ,അടുത്ത ചോദ്യത്തിനുള്ള തയ്യാറെടുപ്പാണോ
നോവലിനെ നിര്‍വചിയ്ക്കാന്‍ മാത്രം എന്നോടു പറയരുതേ കുഞ്ഞേ,
ഞാനതിനാളല്ല.
ഉണക്ക നിര്‍വചനങ്ങള്‍ക്കപ്പുറം
മൊസാര്‍ട്ട് സിംഫണിപോലെ 
വിപ്ളവാത്മകമായ നൊട്ടെഷനുകളാണ് 
നോവലുകളെന്നും
ജീവിതമെന്ന അമൂര്‍ത്തപദത്തിന്റെ
രക്ഷപെടാനാവാത്ത പരാജയങ്ങളെ 
നേരിടുക എന്ന മൂര്‍ത്തതയാണ് നോവലെന്നും
ഒക്കെ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നാല്‍
നിങ്ങള്‍ വിയര്‍ക്കും,മൂന്നും നാലും കപ്പ്ചായ
എനിക്കുവേണ്ടി നിങ്ങള്‍
ഓര്‍ഡര്‍ ചെയ്യേണ്ടിവരും.ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കുകയും ചെയ്യും.

ആക്ച്വലി മറയാണെല്ലാം.
മറ എന്താണെന്നറിയാമോ ചോദ്യകാരാ
എല്ലായിടത്തും മറയുണ്ട്.
നിങ്ങളുടേയും എന്റേയും കണ്ണുകളില്‍ പോലും
ഓറഞ്ചുതൊലി പോലെ ഒന്ന്
ഒരു മാന്ത്രികമറ ഉണ്ടാക്കുന്നുണ്ട്.
അതിനെ മാര്‍ക്വേസിന്റെ  കണ്ണാടിനിര്‍മിതമായ
നഗരം മക്കോണ്ട വന്നു വലിച്ചുകീറി.
നോവലിന്റെ സാധ്യതയെ,വജ്രതയെ
മക്കോണ്ടയെന്ന മാന്ത്രികയാഥാര്‍ഥ്യം
പിടിച്ചുവലിച്ചുപുറത്തേയ്ക്കെടുത്തിട്ടു.
ഡിയര്‍ ,ചരിത്രത്തില്‍ നിന്നുകൊണ്ടുതന്നെ
ചരിത്രത്തില്‍നിന്നു വിടുതല്‍ നേടുന്ന 
പ്രക്രിയ എന്തെന്നറിയുമോ,അതു നോവലാണ്
അഭിമാനിക്കൂ,നിങ്ങളൊരു നോവലെഴുത്തുകാരിയോടാണ്
സംസാരിക്കുന്നതെന്നതില്‍.
ഇനി ഞാന്‍ മിലന്‍ കുന്ദേരയെപറ്റിപറയട്ടെ?
കാഫ്കയേപറ്റിയും ബാല്‍സാക്കിനെപറ്റിയും
പമേലയേയും ഉര്‍സുലയേയുംപറ്റി
പറഞ്ഞുകൊണ്ടേയിരിക്കട്ടെ,
വേണ്ടല്ലേ,സമയം കഴിയാറായല്ലേ,
എനിക്കെതിരെയുള്ള പ്രതിപ്പലകകള്‍
നിര്‍മിച്ചുകഴിഞ്ഞല്ലോ അല്ലേ
നാളെയത് പപ്പരാസികള്‍ക്ക് അയച്ചുകൊടുക്കൂ.
മാര്‍ക്വേസിനെപറ്റി പറയുമ്പോള്‍
ഞാനെന്നെപ്പറ്റിക്കൂടിയാണ് 
പറഞ്ഞുകൊണ്ടിരുന്നത്.
റോമിനേപറ്റിപറയുമ്പോള്‍
നിലയെത്താത്ത ചേരികളെപറ്റിക്കൂടിയാണ്
ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്.
നോവലിനെ പറ്റിപറയുമ്പോള്‍
ജീവിതമാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്...

                                   -നിഷാനാരായണന്

Wednesday, 10 June 2020

ഭൂപ്

ഭൂപ്
====
നീളെ നീ മൊഴിഞ്ഞിട്ടോ
ചേലതില്‍ ചിരിച്ചിട്ടോ
പാത നാം നടന്നതിന്‍
സൗഭഗമിരട്ടിയായ്.

ചാരുവായ് വഴിനീളും
വാസനപ്പൂക്കള്‍ നിന്റെ 
ശോഭയാലുയിര്‍ വറ്റി
വല്ലാതെ വിളറിപ്പോയ്.

വീറൊടെന്‍ കണ്ണില്‍ പൂത്തു
നാലു താരകള്‍ ,നിന്റെ
ചാരെ മേവുമ്പോഴീയെന്‍
 പാഴുടല്‍ പോലും ധന്യം.

ഈ ദിനം നിശയുടെ
'ഭൂപി'ല്‍ നാമുണരവേ
രാഗമാണനുരാഗ-
ച്ചാലില്‍ നാമൊഴുകവേ
ഓടി നിന്‍ ചടുലമാം
ചോടുകള്‍ പിന്‍പറ്റവേ
മേഘവും പ്രണയമാം
നീരുതിര്‍ത്തൊപ്പം വന്നു.
 
പ്രേമമേ, പ്രതീക്ഷയാം
തോളില്‍ ഞാന്‍ തലചായ്ച്ചു.
സ്നേഹമാം ചുണ്ടാല്‍, കാതില്‍
കോറി നീ ''പ്രിയതരേ''
മെല്ലെയെന്‍ അരചേര്‍ത്തു-
ചുംബനച്ചൊടി കോര്‍ത്തു
കണ്ണിമയിണക്കി നാം
കാണാത്ത കര പാര്‍ത്തു.

നേരമായ്,നിലാവതിന്‍
ജാലകമടയ്ക്കാറായ്
രാവതിന്‍ നറുനീല-
കംബളം മടക്കാറായ്
ഭൂപ'തിന്‍ ആരോഹമാ-
യെപ്പൊഴൊ കടന്നുപോയ്
നീളവേ ബാലാര്‍ക്കന്റെ
കൈവിരല്‍ പതിക്കാറായ്

വേഗമങ്ങുണരെന്നു
വാസരം വിളിച്ചോതി-
യെങ്കിലുമനങ്ങാതെ-
യല്പവുമടരാതെ,
നിന്നു നാം മദ്ധ്യേ കാറ്റും
ലോകവുമസാധുവായ്.

ഭൂപ്-രാഗം,ഹിന്ദുസ്ഥാനി.

രാഗം പ്രണതീ

രാഗം ;പ്രണതി
============

വെറുതെ ഇരിക്കുമ്പോള്‍
ഗമപ മപനി പനിസ എന്നു പറഞ്ഞുനോക്കൂ
ബൈലേബിയല്‍ സ്വരസ്ഥാനങ്ങള്‍
ചുണ്ടുകളില്‍നിന്ന് ഊര്‍ന്നിറങ്ങി
തീവണ്ടിക്കൊപ്പം തുള്ളിക്കളിക്കും.
തൊട്ടുനേരെ ഇരിയ്ക്കുന്ന യാത്രികന്‍
ചിലപ്പോള്‍ അവയെ സൂക്ഷം ചോര്‍ത്തിയെടുത്ത്
അമൃതവര്‍ഷിണീരാഗം എന്ന് പ്രഖ്യാപിച്ചേക്കും..

ജീവിതം ഒരു സ്വരമന്ത്രണമാണെന്ന്
പറഞ്ഞ് ഒരു ഗായകന്‍
എന്നും പൂന്തോട്ടത്തിലിരുന്ന് പാടാറുണ്ട്.
അയാളുടെ കൈകളിലെ
അക്കോഡിയനില്‍ നിന്ന്
നീലനിറമുള്ള പൂക്കള്‍ ,പൂന്തോട്ടത്തിലെ
വള്ളികളിലേക്ക് പടര്‍ന്നു കയറുമ്പോള്‍
അയാളൊരു പിറവിയുടെ മ്യൂസിക്കല്‍ റീഡിട്ട്
ചുറ്റുമുള്ള കിളികളെ വിസ്മയിപ്പിക്കും.
പഴങ്ങള്‍ തിന്നുകൊണ്ടിരിക്കുന്ന കിളികള്‍
മനോഹരമായ ലോകത്തെ 
ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും.
ജീവിതം വിചിത്രമായ ഒരു സ്വരമന്ത്രണമാണ്!

ആശുപത്രിസ്ട്രക്ചറിലെ
അച്ഛനെ കണ്ട അവള്‍
ചെവി ആ ചുണ്ടുകളോടടുപ്പിച്ചു.
നിലാവു തഴുകുന്നതുപോലെ
ആ തൊണ്ടക്കുഴിയില്‍ നിന്ന്
നേര്‍ത്തൊരു സ്വരമുദ്ര അവസാനമായി
കേട്ടുകഴിഞ്ഞപ്പോള്‍
കാല്‍ക്കലിരുന്ന് പതുക്കെ
ഇളംപച്ച ആശുപത്രിച്ചുമരിലൂടെ വാലനക്കി
നീങ്ങുന്ന ഒരു പല്ലിയെ
വെറുതെ നോക്കിയിരുന്നു.
ജീവിതം ഇഴഞ്ഞുപോയിക്കഴിഞ്ഞിരിക്കുന്നു..
പതിഞ്ഞ ദര്‍ബാരിയില്‍ 
പുറത്തൊരു വൃദ്ധന്‍ കുടനിവര്‍ത്തി.
കുടയ്ക്കകം ഒരു പുരാതന ഘരാനയായി
വൃദ്ധനെ വലിച്ചുപൊക്കി
പ്രാക്തനമായ ആകാശത്തിന്റെ
കോണിലെ സ്വരരാഗങ്ങള്‍ കേള്‍പ്പിച്ചു.
ജീവിതം ചിലപ്പോഴെങ്കിലും വേദനയുടെ ഒരു സ്വരമന്ത്രണമാണ്!

നിന്റെ സിമട്രിക് ചുണ്ടുകളില്‍ നിന്നടര്‍ന്ന
ഒരു ചിരി
ആ കിടക്കവിരിയില്‍ വീണുകിടപ്പുണ്ട്..
അത് പിങ്ക് നിറമുള്ള നൂലുകൊണ്ട്
കിടക്കവിരിയാകെ മൃദുരാഗങ്ങള്‍
തുന്നിപ്പിടിപ്പിക്കുകയാണ്..
രാത്രിയില്‍,പുറത്താരോ കൊട്ടുന്ന
ഠോലകില്‍ ആ നിശാരാഗങ്ങള്‍ അനങ്ങിയനങ്ങി
മുറിയാകെ സംഗീതം പൊഴിക്കുകയാണ്.
ജീവിതം രാഗസാന്ദ്രമായ ഒരു
സ്വരമന്ത്രണമാണെന്ന് എപ്പൊഴേ അറിഞ്ഞതാണ്.

മണമേ..
ഹൃദയമേ..
നിറമേഘമേ..
ജീവിതത്തിലെന്തിനാണ് നിരാസങ്ങള്‍..
എന്തെന്താണിവിടെ രാഗങ്ങള്‍,സ്വരഭേരികള്‍!

കുഞ്ഞുപ്രണതി ഉരുവിടുകയാണ്:

ദി ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഫോളിംഗ് ഡൗണ്‍,
ഹിക്കറി ഡിക്കറി ഡോക്ക്,
ഇങ്കി പിങ്കി പോങ്കി,..
അവളുടെ ചുണ്ട് മുറിഞ്ഞു,
പപ്പായുടെ ഉടുപ്പിലേയ്ക്ക് മുഖം പൂഴ്ത്തി അവള്‍  ഏതോ മൃദുരാഗത്തില്‍
ചിണുങ്ങിക്കരഞ്ഞു..

അല്ലെങ്കിലും ഈ നഴ്സറി റൈമുകളെല്ലാം
അതിക്രൂരങ്ങളാണ്.
വന്‍പരാജയങ്ങളാണ്.

R&R

R&R
====

ആ പുസ്തകത്തില്‍ ചുബുക് എന്നുപേരുള്ള
ഒരാളുണ്ടായിരുന്നു.
അയാളൊരു ബോള്‍ഷെവിക്കായിരുന്നു
നാല്‍പത്തൊന്നുവയസ്സുവരെ
അര്‍സമാസിലെ ഒരു കല്‍ക്കരിഖനിയില്‍ ജോലിചെയ്തിരുന്ന അയാള്‍
പെട്ടെന്നൊരു ദിവസം വെളിപാടുണ്ടായി
പോയി ചുവപ്പുസേനയുടെ
പതിനാറാം ദളത്തില്‍ ചേര്‍ന്നു.

വെളിപാടിന്റെ ഏഴ് കാഹളംവിളികള്‍!
യോഹന്നാന്‍ പറഞ്ഞപോലത്തെ
കാഹളം വിളികളോ കുഴലൂത്തോ ഒന്നും
ചുബുക്കിനുണ്ടായില്ല.
"ഇതു കണ്ടോ?"ഒരു ദിവസം ഉച്ചനേരം
ഖനിയില്‍ നിന്ന് ഇറങ്ങിയോടി
കവലയിലെ കെട്ടിയുണ്ടാക്കിയ 
വേദിയിലേക്ക് ചാടിക്കയറി
ജനക്കൂട്ടത്തിനു നേരെ തന്റെ വലിയ മുഷ്ടി
ചുരുട്ടിക്കാട്ടി അയാള്‍ ചോദിച്ചു,''ഇതുകണ്ടോ?
ഇല്ലെങ്കില്‍ അവര്‍ ഇതിലും വലിയത്
നിങ്ങള്‍ക്ക് കാട്ടിത്തരും''.

വിപ്ളവമായിരുന്നു അത്.
പ്രസാദാത്മകമായ,പ്രതീക്ഷാനിര്‍ഭരമായ
ഒരു മലയേറ്റം.

വിപ്ളവത്തിന്റെ നാമജപങ്ങളാല്‍
വിറയല്‍ കൊണ്ട്    
 അര്‍സമാസിലെ പള്ളിമണികള്‍,
ഒരു വെളിപാടിലെന്ന പോലെ
ഭക്തരുടെ കാതില്‍,മുതുകില്‍, പള്ളയില്‍
ഇടുപ്പെല്ലില്‍ ആത്മരോഷത്തിന്റെ,
ആര്‍ത്തലപ്പിന്റെ പരശ്ശതം കാന്തസൂചികള്‍
കുത്തിക്കയറ്റി.
വരാന്‍ പോകുന്ന പ്രക്ഷുബ്ധമായ 
ദിവസങ്ങളേക്കുറിച്ചോര്‍ത്ത്
കൊച്ചുകുട്ടികള്‍ വരെ കണ്ണീരിനിടയിലും 
പുഞ്ചിരിതൂകി.
പ്രഭുമന്ദിരങ്ങള്‍ കത്തിയെരിയുന്നതിന്റെ 
ഉജ്ജ്വലപ്രഭകണ്ട് പണിയാളര്‍ നൃത്തമാടി.
കാറ്റുപോലും തന്റെ വാതായനങ്ങള്‍ തുറന്നിട്ട്
ആ തീജ്ജ്വാലകള്‍ക്ക് പ്രഭകൂട്ടി.
'കഥയില്ലാത്ത കുട്ടീ,അകത്തുപോ'
അച്ഛന്‍മാര്‍ കുട്ടികളെ ശകാരിച്ചു.
'ഞങ്ങള്‍ക്ക് പേടിയില്ല'അവര്‍ ദേഷ്യത്തോടെ
പ്രതികരിച്ചു
അവര്‍ ബസ്കാക്കോവിനേയും ജയിലിലടച്ചിരിക്കുകയാണ്.ഞങ്ങളേയും ഇട്ടോട്ടെ!!

വെളിപാടായിരുന്നു അത്!
ഉജ്ജ്വലവെളിപാട്.
വിപ്ളവവും വെളിപാടും തമ്മിലുള്ള
ഊഷ്മളബാന്ധവം നടത്തി
വില്യംബ്ളേക് സോഹോയിലെ തെരുവോരങ്ങളിലൂടെ  അലഞ്ഞു.
''റെവല്യൂഷനും റെവലേഷനും''..
മര്‍ദ്ദകരെ എതിര്‍ത്ത്
മനുഷ്യത്വത്തെ സ്ഫുടീകരിക്കുന്ന
വെളിപാടുകള്‍ക്ക് വിപ്ളവത്തോളം ശക്തിയുണ്ട്..

വിപ്ളവവും വെളിപാടും ഒരുമിച്ചുവന്നപ്പോഴാണ്
കുഞ്ഞന്നാമ്മ മൂന്നുവര്‍ഷത്തെ
''ഒടുക്കത്തപ്രണയ''ത്തില്‍നിന്ന്
ഇന്നലെ രാത്രി എറങ്ങിപ്പോയത്.

സെല്‍ഫ് പോര്‍ട്രേയിംഗ്

സെല്‍ഫ് പോര്‍ട്രേയിംഗ്
====================

'ജീവിതത്തിന്റെ മധ്യാകാരത്തിലും
മെനയ്ക്ക് സ്വയം പകര്‍ത്താനാവാത്ത
ഒരു അവിദഗ്ധ സെല്‍ഫ് പോര്‍ട്രേയ്റ്റ്
ആണ് ഞാന്‍'

 കണ്ണാടിയില്‍ ,
 കൂട്ടുപുരികത്തിനും കണ്ണിനുമിടയിലെ
തീക്ഷ്ണമായ മെറ്റാഫിസിക്കല്‍ അപാരത
കണ്ടുപിടിക്കാന്‍ നോക്കി പരാജയപ്പെട്ട്,
നീല ബ്രഷ് പലേറ്റ് വലിച്ചെറിഞ്ഞ്,
ചുമരിലെ *അബ്രാം മാസ് ലോയുടെ
ആത്മസാക്ഷാത്കാരത്തിന്റെ
 ഇരുവര്‍ണപോര്‍ട്രെയിറ്റിലേക്ക്
കലിയോടെ നോക്കി,
വര്‍ണക്കലമ്പലുകള്‍ നിറഞ്ഞ ഈ ലോകത്ത്
എനിക്കെന്തുകാര്യമെന്നു പുലമ്പി
അവളുടെ വയറിടുക്കിലൂടെ 
ഞാന്‍ തേങ്ങാന്‍ തുടങ്ങി.

അതിസമ്പൂര്‍ണതയുടെ 
അസ്പൃര്‍ശ്യ നിമിഷങ്ങള്‍
എനിക്കു തരൂ എന്നു ഞാനവളോട്
തേങ്ങിക്കരയാന്‍ തുടങ്ങി.

ലോകമെങ്ങുംഇന്നും ഛുവാഛുത്തിലാണ്
പക്ഷെ നീയെന്നെ തൊടുന്നുണ്ടല്ലോ ഇണേ..
ഞാനവളുടെ മാറിടം സ്പര്‍ശിച്ചു..

ഇണയേ....ഞാനാരാണെന്നോ.?
ഞാനൊരു ബഷീറിയിന്‍ അനര്‍ഘനിമിഷമാണ്.
അനഘനിര്‍മിതിയാണ്.
നിന്റെ മാറിടം ഞാന്‍ സ്പര്‍ശിച്ചപ്പോള്‍
നവലിബറലിസത്തിന്റെ തലമന്ദിപ്പുകള്‍ക്കിടയിലും അവയില്‍ നിന്ന്
രണ്ട് ദന്തഗോപുരങ്ങള്‍ ഉയര്‍ന്നുവന്നതും,
ഏറ്റവും രതിപിപാസയോടെ അവ രണ്ടും
ആകാശത്തിന്റെ തീക്ഷ്ണപ്രവിശ്യകളില്‍ 
തട്ടി..
ഹോ ഇണേ,ആകാശം കമ്പിതമാകുന്നതും
ഞാന്‍ കണ്ടു..

നോക്കൂ,ഞാനവ രണ്ടും നുണഞ്ഞോട്ടെ..
അമ്മ നഷ്ടപ്പെട്ട കുഞ്ഞാണ് ഞാന്‍.
എന്റെ പ്രദേശത്തേക്ക് ആ പരട്ട
അബ്രാം മാസ്ലോയേപോലും ഞാന്‍ കടത്താറില്ല.
എല്ലാതരം ആത്മസാക്ഷാത്കാരങ്ങളേയും
ഞാനെന്റെ ചുരിക കൊണ്ട്
അരിഞ്ഞു വീഴ്ത്തും.
നില തെറ്റിയ ചെമ്പടയാണ് ഞാന്‍.
'ദോണ്‍കരയിലെമ്പാടും ചെമ്പടയുണ്ടേ,
ഹായ് ഹായ് നമുക്ക് മിന്നാം'
കേരന്‍സ്കി പടയ്ക്കെതിരെ
ഇന്നലെ സ്വപ്നത്തിലും ആത്മസാക്ഷാത്കാരത്തിന്റെ പൊട്ടാത്ത നാടന്‍ബോംബുകളെറിഞ്ഞിട്ട്
ചുവചുവപ്പന്‍ ചെമ്പടയില്‍
അണിചേര്‍ന്നവനാണ് ഞാന്‍..
[പക്ഷേ സേഫ്ടി ക്യാച്ച് മാറ്റിയിരുന്നില്ല..ഹ ഹാ..]
ഇദയമേ..,ആ ദന്തഗോപുരങ്ങളുടെ നവ്യാഗ്രങ്ങള്‍
ഞാനൊന്നു നുണഞ്ഞോട്ടെ..
ഇണചേരുകയെന്ന 
സാഗരഗരിമയിലേക്കൊന്നും
എനിക്ക് പോകണ്ട.
കടല്‍ നീലിമയിലെ അനന്തസാക്ഷാത്കാരം 
എനിക്ക് വേണ്ട.
ഫേയ്സ് മസാജുകളിലൂടെ,
എത്നിക് ബ്യൂട്ടി ടെക്നിക്കുകള്‍ വായിച്ചറിഞ്ഞ്,
ജോസഫ് സ്റ്റാലിന്റെ അതിസൂക്ഷ്മ പെര്‍ഫക്ട്
മുഖചാതുരി,
സ്വന്തം മുഖത്ത് വരയാന്‍ ശ്രമിച്ച് പരാജയപ്പെട്ടൊരു സെല്‍ഫ് പോര്‍ട്രെയിറ്റ്
ആണ് ഞാന്‍..
ആത്മസാക്ഷാത്കാരത്തിന്റെ അതിദ്യുതി
എനിക്കു വേണ്ട..
എനിക്കൊന്നു നുണഞ്ഞാല്‍ മതി.

മാത്രമല്ല
ചാര്‍ക്കോള്‍ ബ്ളോക്കിന്റെ 
തവിട്ടുകറുപ്പില്‍നിന്ന്
ഗ്രാഫിക് പാഡിന്റെ
മായികനിറങ്ങളിലേക്ക് 
ഞാന്‍ പോകുന്നില്ലെന്നുവച്ചു.
മെനക്കേടാണ്..
വര നിര്‍ത്തി.

....ഒന്നു നുണയാന്‍ തരൂ.

*propounder of self  actualisation theory.

കലാപകാരികള്‍ 6B

കലാ[പ]കാരികള്‍-ആറ് ബി.
=====================

ആറാംക്ളാസ്സിന്റെ പുതിയ ചുമരില്‍
കുഞ്ഞല്‍ഫോന്‍സ
വരച്ചിട്ടത്,വരിവരിയായി മാര്‍ച്ചുപാസ്റ്റ് ചെയ്തുപോകുന്ന വരാലുംകൂട്ടത്തേയാണ്.

ആറാംക്ളാസ്സുകാര്‍ കൂട്ടമായി വര തുടങ്ങി.
പൂട്ടിയിട്ട പഴയ മൂത്രപ്പുരച്ചുമരില്‍
ഒരു വലിയ ചിറകും ഒരു ചെറിയചിറകുമുള്ള
കടവാതിലിനെ വരച്ചതിന്റേയും,
ലേഡിടീച്ചേഴ്സിന്റെ ആപ്പീസ്മുറിയില്‍
അതിക്രമിച്ചുകയറി ചുമരില്‍ ഒരു വമ്പന്‍ കടന്നലിനെയും ക്യാരറ്റ് തിന്നുന്ന ഒരു മുയലിനേയും 
വരച്ചതിന്റേയും കാരണങ്ങള്‍ അവര്‍ക്കു തന്നെ പറയാനുണ്ട്.
''ഞങ്ങള്‍ വരയ്ക്കുന്നതിനു തൊട്ടുമുന്‍പുള്ള രാത്രിയില്‍
അവിടെ ഈ കടവാതില്‍ വന്നിരുന്ന്,മൂത്രപ്പുരയുടെ വാതിലില്‍ 'ഘടേ ഘടേ' എന്ന് കൊട്ടി ശബ്ദമുണ്ടാക്കി.
ഭയന്ന്, സ്കൂള്‍വളപ്പിലുള്ള ഒരേയൊരു മുയലും
കൊതുകുകളും കടന്നലുകളും 
പുല്‍നാമ്പുകളും വിറയ്ക്കുന്നത് 
ഒരു ഒപ്ടിക്കല്‍ഇല്യൂഷന്‍സ്വപ്നത്തില്‍ 
ക്ളാസ്സിലെ പതിനാറാംനമ്പര്‍കാരി അനന്യ കണ്ടു.
അവളാണ് പിറ്റേദിവസം ഓടിവന്ന് ഇതൊക്കെ 
വരഞ്ഞത്''

മാര്‍ച്ചുപാസ്റ്റിലെ വരാലുംകുഞ്ഞുങ്ങളെ 
വരച്ച കുഞ്ഞല്‍ഫോന്‍സക്ക്
ടീച്ചര്‍ കലാ[പ]കാരി എന്നു പേരിട്ടു.

മൂത്രപ്പുരയുടെ വഴിയേ പോയ 
പിറ്റിഎ പ്രസിഡന്റിന് ,പണ്ടീ മൂത്രപ്പുര 
ഒരു വലിയ ചിറകും ചെറിയ ചിറകുമുള്ള
അത്യസാധാരണനായുള്ള ഒരു കടവാതിലല്ലായിരുന്നോ എന്നു തോന്നാന്‍ തുടങ്ങി;എന്നിട്ട്,
അതെ,അത് പണ്ടൊരു കടവാതിലായിരുന്നു.
കുട്ടികള്‍ അത് വരച്ചിടുക മാത്രമേ
ചെയ്തുള്ളുവെന്ന് ഹെഡ്മാസ്റ്ററോട് കണിശംപറഞ്ഞ്,ഉടന്‍ 
മൂത്രപ്പുര പൊളിച്ചുപണിയാനുള്ള
ഫണ്ടുണ്ടാക്കാനായി ഡിഡിഓഫീസിലേക്ക് പാഞ്ഞു.

ആറാം ക്ളാസ്സുകാര്‍ മാത്രമാണ്
സ്കൂളിന്റെ സ്ഥലപരവും വിസ്താരപരവുമായ
സാധ്യതകളെ മനസ്സിലാക്കി
തങ്ങളുടെ ആവിഷ്കാരങ്ങള്‍
പരമാവധി ജനാധിപത്യമര്യാദകള്‍ പാലിച്ച്
സ്കൂള്‍ ചുമരുകളില്‍,കഞ്ഞിപ്പുരത്തറയില്‍,
കിണറ്റുംവക്കത്തെ കോണ്‍ക്രീറ്റുകെട്ടില്‍,
അശോകന്‍സാറിന്റെ മേശത്തട്ടിലും
ചായപ്പാത്രത്തിലുംവരെ, ആലേഖനം ചെയ്തത്.
അവരുടെ ക്ളാസ്സ് ടീച്ചര്‍ നിഷടീച്ചറായിരുന്നു.

ആഡിറ്റോറിയച്ചുമരില്‍ അവര്‍ വരഞ്ഞത്
അസംബ്ളിയിലും മീറ്റിങ്ങുകളിലും 
അക്ഷമരാകുന്ന കുറെ കുഞ്ഞുകാലുകളെയായിരുന്നു.
അവ വിയര്‍ത്തും വിറപൂണ്ടും തിടുക്കത്തിലും
പൂര്‍ണഭാവത്തോടെ ചുമരില്‍ ഓടിനടന്നു,
കലമ്പി..കലപിലകൂട്ടി.
തൊട്ടടുത്തുവരച്ച അപൂര്‍ണമായ രണ്ടുവലിയ കാലുകള്‍ക്ക് നിയന്ത്രകന്റെ ഭാവമായിരുന്നു.
തല വരച്ചു ചേര്‍ത്തിട്ടില്ലാത്ത 
അയാളുടെ തല[ചിന്ത]
ഓഫീസുമുറിയുടെ ഘടികാരച്ചുമരിലാണ് കുട്ടികള്‍ വരഞ്ഞത്.
ആ തലയില്‍ ഒരു പൂക്കൂടയുണ്ടായിരുന്നു.
കിളികളും ശലഭങ്ങളും അതിലേയ്ക്കിടയ്ക്കിടെ
പറന്നു വന്നു കൊണ്ടിരിക്കുന്നുണ്ട്.
നിയന്ത്രകനാണെങ്കിലും നിസ്വനായി 
ആ തല അതാസ്വദിക്കുന്നുണ്ട്.
പൂക്കള്‍,മണങ്ങള്‍,കിളിചില!

ആറാം ക്ളാസ്സിലെ കുട്ടികളെ
 കടുത്ത അരാജകവാദികളെന്ന് 
തൊട്ടടുത്ത 7B യിലെ
കുട്ടികള്‍ പേരിട്ടു.
കൊടുങ്കാറ്റോ അലറുമലകളോ?
'നിഷടീച്ചറേ,നിങ്ങളുടെ കുട്ടികള്‍
അതിരുകളെ,ചതുരവട്ടങ്ങളെ,അധീശതയെ
ഭേദിക്കുന്നു'വെന്ന് ബി.പി.ഒ
സുവര്‍ണന്‍ സാര്‍ ,തുറന്നൊരു സര്‍ഗ്ഗാത്മകപ്രസംഗത്തില്‍ ഉറക്കെ വിളിച്ചുപറഞ്ഞു.
സ്കൂളിലെ കലാധ്യാപകന്‍ കൃഷ്ണന്‍കുട്ടിസര്‍
കലയെ ഇടങ്ങളിലാക്കണോ,
അതോ ഇടങ്ങളില്‍ കല കണ്ടെത്തണമോ 
എന്ന ധീരമായ വിഷയം 
സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുകള്‍ക്കായി 
പൊതുചര്‍ച്ചക്കിട്ടു.

സ്കൂളില്‍ ഇടയ്ക്കുകയറിവരുന്ന
രക്ഷിതാക്കള്‍,ആഡിറ്റോറിയച്ചുമരിലെ
കാലുകളില്‍,സ്വന്തം മക്കളുടെ കാലുകള്‍ 
തിരയാന്‍ തുടങ്ങി.
ഈ തുടുത്ത സ്വര്‍ണപാദസരമിട്ട കാലുകള്‍
എന്റെ മകളുടെ,ഈ നീലഞരമ്പെഴുന്നു നില്‍ക്കുന്നവ എന്റെ ലച്ചൂന്റെ..എന്നൊക്കെ 
കണ്ടുപിടിച്ച് രക്ഷിതാക്കള്‍ കുതൂഹലരായി.
ദിനം പ്രതി കാലുകള്‍ കാണാനുള്ള രക്ഷിതാക്കളുടെ വരവു വര്‍ദ്ധിച്ചു.
പെന്‍ഡിങ്ങിലായ പി.റ്റി.എ ഫണ്ട്,
സ്കൂള്‍ അറ്റകുറ്റപ്പണിച്ചിലവുകള്‍ക്കൊക്കെ
അന്തിമമായ പരിഹാരങ്ങളായി.

കലാത്മകവിദ്യാഭ്യാസ പിരീഡില്‍
കടലാസുകിളി പറത്തിക്കൊണ്ടിരുന്ന കുട്ടികള്‍
കാടേറാന്‍ തുടങ്ങിയപ്പോള്‍,
പള്ളിക്കവലയില്‍,തലയോലപ്പറമ്പ് ജംഗ്ഷനില്‍,
മീന്‍ മാര്‍ക്കറ്റില്‍,കപ്പേളയിലെ അച്ചന്റെ
പ്രസംഗത്തില്‍ ഒക്കെ 'കടന്നുകയറ്റം'
ഒരു വിഷയമായി.
കടന്നുകയറ്റത്തിന്റെ രാഷ്ട്രീയം ചര്‍ച്ചചെയ്ത്
നാട്ടിലെ 'ബഷീര്‍ സാംസ്കാരികസമിതി'
കുട്ടികള്‍ക്ക് എെക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ബഷീറിന്റെ കട്ടവായനക്കാരി,
സ്കൂളിലെ കഞ്ഞിയമ്മ,
ഈ ഹലാക്കിന്റെ ലോകത്തെ
കുഞ്ഞിവരകള്‍ക്ക് നിറയെ കഞ്ഞികൊടുത്തു.
മീന്‍കൂട്ടാനും സവാളത്തോരനും കൊടുത്തു.
അപ്പോള്‍ ,
സ്കൂള്‍ മുറ്റത്തെ മാങ്കോസ്റ്റെയിന്‍ മരം
പ്ടോന്ന് ഒരു പഴം പൊഴിച്ചു.
വഴിയേ പോയ ഒരമ്മൂമ്മ
കൂട്ടുകാരി അമ്മൂമ്മയോട് ഇങ്ങനെ 
പറഞ്ഞുകൊണ്ടു നടന്നുപോയി.
''ഈ പടങ്ങളിലുള്ളവയൊക്കെ പണ്ടെങ്ങോ
ഇവിടെ ഉണ്ടായിരുന്നതാണ്.
പിള്ളേര്‍ അവ വരഞ്ഞുവെച്ചെന്നു മാത്രം''♥

...........

..............

വറ്റാത്ത തെരുവീഥികളിലൂടെ
അയാള്‍ നടക്കുകയാണ്.
''വറ്റാത്ത തെരുവീഥികള്‍''
എന്തൊരു അടിപ്പന്‍ പ്രയോഗമാണത്!
.. അയാള്‍ നടന്നു.
അയാളിടതുകാല്‍ നഷ്ടപ്പെട്ട ഒരുവിപ്ളവകാരിയാണ്.
നല്ല നിലാവ്,
നഷ്ടപ്പെട്ടുപോയ ആ കാലിനേപറ്റിയും
ഏതോ ഒരു പെണ്ണിനേപറ്റിയും അയാളൊരു
പാട്ടുപാടാന്‍ തുടങ്ങി.

അന്നേരം തൊട്ടടുത്ത് തെരുവിന്റെ
 തെക്കുവടക്കുള്ള ഒരു കുടുസ്സുമുറിയില്‍,
അവള്‍ -'ഇറ' ഓര്‍ 'എറ'എന്നു പേരുള്ളവള്
അവന്റെ ചെവിയില്‍ മന്ത്രിച്ചു:
'പറയൂ,വറ്റാത്ത തെരുവീഥികളേപറ്റി പറയൂ.'
അവളുടെ കാമുകന്‍,
അവന്‍- അവനുറക്കത്തിലൊരു കുഞ്ഞാടും
ഉണര്‍ന്നിരിക്കുമ്പോള്‍ ഒരു കുര്‍ദുമാണ്.
അശാന്തിയുടെ കുര്‍ദിയന്‍ വരകള്‍
 മുഖത്തുനിന്നും തുടച്ചെടുത്ത്,അവന്‍
ജനാലപ്പുറത്തേക്ക് കൈചൂണ്ടി:
കാതോര്‍ക്കൂ,തെരുവിലെ 
കാലടിയൊച്ചകള്‍ക്ക് കാതോര്‍ക്കൂ,
അവ നിലയ്ക്കാത്ത ഭേരികളാണ് ,
വറ്റാത്ത പടഹങ്ങളാണ്..

 തെരുവിന്റെ ചെരുപ്പുകുത്തി,
ഉറക്കത്തിലവന്‍ ഇങ്ങനെ പിറുപിറുത്തു.
തെരുവീഥികള്‍ വറ്റുന്നില്ല.
അവിടെ തുകല്‍വാറുകളുണ്ട്.
ആശുപത്രിയുടെ,ആപ്പീസുകളുടെ,
സ്കൂളിന്റെ,ചന്തയുടെ,
ബസ് സ്റ്റേഷന്റെ,പലചരക്കുകടയുടെ, റേഷന്‍ഷാപ്പിന്റെ
അരിയുടെ, മണ്ണെണ്ണയുടെ..

വിപ്ളവകാരി തന്റെ പാട്ടില്‍,
പെണ്ണിനോട് ഒരു പൊയ്ക്കാല്‍ ചോദിച്ചു.
വേഗം തരൂ,സൂര്യനുദിയ്ക്കും മുന്‍പ് എനിയ്ക്കവിടെയെത്തണം..
നിറഞ്ഞ ചിരിയോടെ,അവള്‍ തെരുവാകെ
ഏരകപ്പുല്ലുകള്‍ വിരിച്ചു.
അതില്‍ നീണ്ടുനിവര്‍ന്നുകിടന്നുകൊണ്ട്
അയാള്‍ പാട്ടുതുടര്‍ന്നു.
അവള്‍ തന്റെ ഉടുപ്പൂരി.
അവളില്‍ നിന്ന്
ലില്ലിപ്പൂക്കളുടെ മൊട്ടുകള്‍ പുറത്തേക്കു ചാടി.
''എന്റെ കൂടെ നില്‍ക്ക്'',ചിരിയോടെ അവള്‍ പറഞ്ഞു.

'എറ ഓര്‍ ഇറ' കാമുകനെ ചുംബിക്കുകയാണ്.
പ്രണയപരവശതയിലും വിശാലകുര്‍ദ്ദിസ്ഥാന്‍
സ്വപ്നം കാണുന്ന,അവന്റെ 
നീലക്കണ്ണുകളുടെ ആഴത്തിലേക്ക്
അവളൊരു ചര്‍ച്ചയിട്ടു:
പറയൂ,വറ്റാത്ത തെരുവീഥികളേപറ്റി
വിശദമായി പറയൂ..
എറാ...അവന്‍ വിളിച്ചു,
'പേരിനെ അന്വര്‍ഥമാക്കുന്ന
യുഗാന്തരക്കാറ്റേ,നീ വീശൂ.
ഞങ്ങളുടെ കത്തിക്കരിഞ്ഞ പട്ടണങ്ങളിലൂടെ,
ഗളച്ഛേദം ചെയ്യപ്പെട്ട ഉടലുകളിലൂടെ,നീ വീശൂ
തീപോലുള്ള ഞങ്ങളുടെ പെണ്ണുങ്ങള്‍
തെരുവില്‍ അണിചേര്‍ന്നിട്ടുണ്ട്.'

ചെരുപ്പുകുത്തി ഉറക്കത്തില്‍
ത്യാഗോജ്ജ്വലമായ ഒരു ജാഥ
സ്വപ്നം കാണുകയാണ്.
ജാഥയില്‍,സഹജരുടെ പരുപരുത്ത പാദങ്ങളില്‍
ചുവപ്പ്,പച്ച,നീല വാറുകളുള്ള
മെതിയടികള്‍ ധരിപ്പിച്ച് അയാള്‍ 
ഉറക്കത്തിലും കര്‍മനിരതനായി.

വിപ്ളവകാരിയും പെണ്ണും തെരുവീഥിയും
പുല്ലും മണ്ണും  പരസ്പരം കെട്ടിപ്പുണര്‍ന്നുമറിഞ്ഞു.
അതുനോക്കിനിന്ന ഒരു പട്ടിയെ 'ച്ശ പട്ടി' എന്നു പറഞ്ഞ്കല്ലെറിഞ്ഞോടിച്ചു.
എന്റെ കൂടെ നില്‍ക്കൂ..അവള്‍ പറഞ്ഞു.
'പറ്റില്ല പെണ്ണേ,ചെവിയോര്‍ക്കൂ,
നീ തെരുവിന്റെ വറ്റാത്ത വിലാപങ്ങള്‍ കേള്‍ക്കുന്നില്ലേ...അകലങ്ങളുടെ ആഹ്വാനങ്ങള്‍.
എനിക്ക് പോകണം..'

അയാള്‍ പ്രധാനതെരുവിലേക്ക് അടിവെച്ചു.
ഇപ്പോള്‍ അയാള്‍ ഞൊണ്ടുന്നില്ല.
അനായാസമായി അടികള്‍ വെയ്ക്കുന്നു.
ആ അടികള്‍ക്കു താഴെ തെരുവൊരു
പുലരിയായി സുപ്രഭാതം പാടി.
എറ,തെരുവിലെ പെണ്ണുങ്ങള്‍ക്ക്
രക്തഹാരങ്ങള്‍ ചാര്‍ത്തി.
പാവത്തുങ്ങള്‍കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍
റൊട്ടിയും പാലും നല്‍കി.
'പര്‍വ്വതങ്ങളുടെ കരുത്തുള്ള 
എന്റെ കുര്‍ദിയന്‍ കാമുകാ,നിന്നെ ഞാന്‍
അതിവിവശമായി പ്രേമിക്കുന്നു'അവള്‍
അവന്റെ ചെവി കടിച്ചു.
ചെരുപ്പുകുത്തി-അയാള്‍ തന്റെ
സ്വപ്നത്തിന്റെ നാലാംയാമത്തില്‍
മെലിഞ്ഞ,അര്‍ധനഗ്നനായ,
ആ എഴുപത്തേഴുകാരന്‍ ഫക്കീറിനെ
തൊട്ടടുത്തുകണ്ടു.

ഒരു വിപ്ളവസിനിമയിലെങ്കിലും
അഭിനയിക്കാന്‍ സാധിക്കാഞ്ഞതിന്റെ
നിരാശ മറച്ചുപിടിച്ച് ,പ്രേംനസീര്‍
അടൂര്‍ഭാസിയോടു പറഞ്ഞു.
'അസ്സേ,തെരുവീഥികള്‍ സജീവമായ
സിനിമാപ്ളോട്ടുകള്‍ തരും.
അവ ഒരിക്കലും വറ്റാറില്ല.'
പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കു
പറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ.
=================================

ആ തണുത്തുറഞ്ഞ  പ്രഭാതത്തില്‍-
 പുലര്‍കാലനടത്തം ശീലമാക്കിയിരുന്ന അയാള്‍-
അന്ന് വഴിതെറ്റി,പുല്ലാന്നി പടര്‍ന്നുകിടക്കുന്ന
തെക്കോട്ടുള്ള ഏങ്കോണിച്ച ഒരു വഴിയേ
അങ്ങു നടന്നുപോയി.
അയാള്‍ക്കുമുന്‍പെ 
ഒരു വൃദ്ധനും ഒരു കറുത്ത നായ്ക്കുട്ടിയും 
അതേവഴിയേ കടന്നുപോയിരുന്നു,
ആ വഴി ചെന്നുനില്‍ക്കുന്നത്
വിജനമായ ഒരു പാടത്തിലേക്കാണെന്നും
പിന്നീടങ്ങോട്ട് വേറെ വഴികളില്ലെന്നും
ഒരു പെണ്‍കുട്ടി പറഞ്ഞുകൊടുത്തിട്ടും
ആ വൃദ്ധനും നായ്ക്കുട്ടിയും 
പിന്‍വാങ്ങാതെ ഒരേ പോക്കുപോയി.
നടത്തത്തിന്നിടെ
അന്ന് വൈകിട്ട് അരങ്ങേറാന്‍ പോകുന്ന
നാടകത്തിലെ തന്റെ കഥാപാത്രത്തെപ്പറ്റി
ചിന്തിച്ചുനടന്നപ്പോഴാണ് 
അയാള്‍ക്ക് വഴിതെറ്റിയത്.
അയാളൊരു ഇരുത്തം വന്ന നാടകനടനാണ്.
തലേന്ന് തന്റെ നൂറ്റമ്പതാമത്തെ കഥാപാത്രത്തെ വേദിയില്‍
അവതരിപ്പിക്കാനുള്ള റിഹേഴ്സലിനിടയില്‍
പെട്ടെന്നയാള്‍ ഡയലോഗ് മറന്ന്
മല്ലയുദ്ധങ്ങളെപ്പറ്റിയും വാര്‍കോലും
കൊങ്കകളേപറ്റിയും ചിന്തിക്കാന്‍ തുടങ്ങി.
*'വാര്‍കോലും കൊങ്കകളില്‍ കാകോളം തേച്ചുചമച്ച' പൂതനാലോകത്തെ
പെട്ടെന്നങ്ങു മനസ്സില്‍ വിഭാവനംചെയ്തുതളര്‍ന്ന്
 രംഗമഞ്ചത്തിലെ നടുക്കിട്ട കസേരയില്‍ അയാള്‍ ഒടിഞ്ഞിരുന്നു.
അയാളുടെ അച്ഛനും ഇങ്ങനെയായിരുന്നു.
ഭാവനാസമ്പന്നനായിരുന്നു.
പെട്ടെന്നൊരു ദിവസം ആകാശത്തൊരു കപ്പല്‍ കണ്ടേ എന്നുറക്കെ വിളിച്ചുപറഞ്ഞ്
ഭൂതാവേശിതനായി തൊടിയിലെ
കവുങ്ങില്‍ പെരണ്ടുകയറി
**ആര്‍ബിനോയെപോലെ
സ്വര്‍ഗത്തിലേക്ക് കെട്ടുകെട്ടുകയായിരുന്നു.
ഹാ!ഘോരട്വിസ്റ്റുകള്‍ തന്നെ ജീവിതം.
ആ കസേരയില്‍ ഒടിഞ്ഞിരുന്ന്
അയാള്‍ തൊട്ടുതലേന്നു രാത്രിയെപ്പറ്റി ആലോചിച്ചു.
അന്ന് ഉറക്കത്തില്‍താന്‍ ഇബ്സന്റെ നോറയായി മാറിയതായി അയാള്‍ സ്വപ്നം കണ്ടിരുന്നു.
വീട് വിട്ടിറങ്ങിയ നോറ,ഏറെ നടന്ന്
No.1സഫ്ദര്‍ജംഗ്റോഡിലേക്ക് കയറിയപ്പോള്‍
പെട്ടെന്നൊരു നിമിഷംകൊണ്ട്
പത്തൊമ്പതു വെടിയുണ്ടകള്‍ക്ക് ഇരയായി
 കുഴഞ്ഞുവീണുമരിച്ചു.
പുതുതായി സ്വന്തമായി കിട്ടിയ മുലകള്‍
ഉറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്ന 
ആ ഒരുനിമിഷംകൊണ്ടാണ് അയാള്‍ക്ക്
ഇതൊക്കെ സംഭവിച്ചത്..
ഹാ!പൂതനാലോകം തന്നെ!
മരിച്ചുകിടന്ന, നീണ്ട മൂക്കിന്‍ തുമ്പത്ത്
ഉറഞ്ഞുകൂടിയിരുന്ന സിഖ്മൗനം 
കൊസാക്കിയന്‍ വാള്‍ത്തലപോലെ തിളങ്ങിനിന്നിരുന്നു.
എന്തൊരു സ്വപ്നമത്!
എന്നാല്‍ പല രാത്രികളിലും ഉറക്കമില്ലാതെ,
പാത്രാവിഷ്കാരത്തിന്റെ കേവുവഞ്ചികളില്‍
അയാള്‍ പൊങ്ങിത്തെങ്ങിനടന്നിരുന്നു.
പകലുകള്‍-വ്യാസമൗനങ്ങള്‍,
അര്‍ഥഗര്‍ഭങ്ങളായആണിക്കൂടുകളില്‍ ,
നിര്‍ധനനായ ഒരു പിശാചിനെപോലെ 
അയാള്‍ ചതഞ്ഞുകിടന്നിരുന്നു.
ഇവയ്ക്കൊക്കെ തൊട്ടുതലേന്നുവരെ
അയാളൊരു റേഷനിംഗ് ഓഫീസറായിരുന്നു.
പെട്ടെന്നൊരു ദിവസം അനധികൃതമായി കെട്ടിക്കിടക്കുന്നകൊമൊഡിറ്റികളെല്ലാം
അര്‍ഹതപ്പെട്ടവനിട്ടുകൊണ്ട്
അവസാനത്തെ ഒപ്പുമിട്ട് നിര്‍വ്യാജനായി
അയാള്‍ പടിയിറങ്ങുകയായിരുന്നു.
തലേന്നുതലേന്നിനെപറ്റി ചിന്തിച്ചുകൊണ്ടിരുന്നാല്‍
ആര്‍ക്കാണുറക്കം വരിക,സ്വപ്നങ്ങള്‍ കാണുക.
നോക്കൂ,
പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കു
പറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ.
സ്ഥിരംവഴി തെറ്റുന്നത്,
നാടകത്തില്‍ ഡയലോഗ് മറക്കുന്നത്,
സ്വപ്നത്തില്‍ നോറയാവുന്നത് വെടിയേറ്റുവീഴുന്നത്
രാജി വച്ച റേഷനിംഗ് ആപ്പീസറാകുന്നത്..

പുലര്‍കാലനടത്തത്തില്‍ വഴിതെറ്റി
കാടുകേറിയ അയാളെ സംവിധായകന്‍
 മൈക്കിലൂടെ തിരിച്ചുവിളിച്ചു:
''നാടകരചന,സംഗീതം-പിരപ്പന്‍കോട് മുരളി
 രംഗപടം -സുജാതന്‍
നാടകസംവിധാനം -വക്കംഷക്കീര്‍''.

*കൃഷ്ണഗാഥ-പൂതനാമോക്ഷം
**കഥാപാത്രം-കോളറക്കാലത്തെ പ്രണയം

അകം

.............?

കൊയ്തുകൂട്ടിയ കതിര്‍ക്കറ്റകള്‍ക്കുമേല്‍
കിടന്നുറങ്ങുന്ന ഒരാണും പെണ്ണും.
പെണ്ണ് ആണിനുമേല്‍ കാല്‍കയറ്റിവച്ചിരിക്കുന്നു.
ആണ് പെണ്ണിന്റെ മാറത്തൂടെ കൈയിട്ട് ചെവിമേല്‍ തെരുപ്പിടിച്ചിരിക്കുന്നു.
എത്ര സമ്പൂര്‍ണമായ ഉറക്കമാണ്.
 കൊയ്ത്തരിവാളുകള്‍ രണ്ടെണ്ണം
 തൊട്ടടുത്തുറങ്ങുന്നു.
ആകാശം ശൂന്യമാണ്.
കുറച്ചു ദൂരെ
ഒരു കന്നും നുകവും പ്രശാന്തമായ
പാടത്ത് പുല്ല് നുണയുന്നു..
പെണ്ണിന്റെ കണ്‍പോളകള്‍ അതിദ്രുതം ചലിക്കുന്നുണ്ട്.
അവളൊരു സ്വപ്നം കാണുകയാവാം.
മരങ്ങളും പൂച്ചകളും മൂങ്ങകളും 
പാമ്പുകളുമെല്ലാം സ്വപ്നത്തില്‍ വരുന്നുണ്ടാകാം..
തൊട്ടടുത്ത വീട്ടിലെ- അവളെ 
മോശംകണ്ണുകൊണ്ടു നോക്കുന്ന അയാള്‍-
സ്വപ്നത്തിലവളോടു കിന്നരിക്കാന്‍ വന്നിരിക്കാം ..
പ്രകാശമുള്ള ഏതെങ്കിലുമൊരു അരുവിക്കരയോരത്ത് സ്വപ്നത്തിലവള്‍
തുണികള്‍ അലക്കാന്‍ വന്നിരിക്കയുമാവാം
..ആ എന്തുമാവട്ടെ
ഉറക്കം നീണ്ടുനില്‍ക്കുകയൊന്നുമില്ല.
അവരില്‍ആരെങ്കിലും ആദ്യം ഉണരും
മറ്റേയാളെ എണീല്‍പിക്കും.,
തൊട്ടടുത്ത തോട്ടുവക്കില്‍ പോയി മുഖം കഴുകും.
വിശക്കുന്നുണ്ടോ എന്ന്, ആണ് കരുതലോടെ
പെണ്ണിനോട്,ചോദിക്കുമായിരിക്കും.
പെണ്ണപ്പോഴും ചിലപ്പോള്‍ ആ സ്വപ്നത്തിന്റെ
ഉണര്‍ച്ചയിലായിരിക്കും.
മുഖം വല്ലാതെ ചുവന്ന്,എന്തിലോ തടഞ്ഞുനില്‍ക്കുന്ന അവളോട്
എന്തുപറ്റി എന്ന് ആണ് ചോദിക്കുമായിരിക്കും.
മുഖം അമര്‍ത്തിക്കഴുകി ഓ ഒന്നുമില്ല
എന്നു പറഞ്ഞ് പെണ്ണ് ,ആണിനുമേല്‍
ചുമ്മാ  വെള്ളം കുടഞ്ഞുകളിക്കുമായിരിക്കും
ഇളകിച്ചിരിക്കുമായിരിക്കും.

വാന്‍ഗോഗ്ചിത്രങ്ങളും ഇങ്ങനെയാണ്
ഈ ദൃശ്യം പോലെ.
നീണ്ടുപരന്ന ആകാശത്തിന്റെ,നീലയും
വിശാലമായ പാടത്തിന്റെ പച്ചയും
പൂര്‍ണമല്ലാത്ത എന്തോ തരും.
അവമേല്‍ നാം ചിന്തിച്ചുകൂട്ടും.
ക്യാന്‍വാസിലെ  കാടിന്റെ വലിയ കറുപ്പ്
താഴെ കൊച്ചുനദിയുടെ നീലയെ
എത്രയാണ് പരിപോഷിപ്പിക്കുന്നത്.
വൈരുദ്ധ്യങ്ങള്‍ അങ്ങനെയാണ്
പുറം തിരിഞ്ഞിരിക്കും
എന്നാല്‍ പുണര്‍ന്നു പൂണ്ടടക്കം പിടിക്കും.
സ്വപ്നം തീര്‍ന്നിട്ടും ആ പെണ്ണ് 
എന്തിലാണ് തടഞ്ഞുനിന്നത്?
മുഖം ചുവപ്പിച്ചതെന്തിനാണ്?
ആണ് എന്തുകൊണ്ടാണ് വീണ്ടുംവീണ്ടും
എന്തുപറ്റിയെന്തുപറ്റി എന്നു ചോദിക്കാഞ്ഞത്?
അവളെന്തിനാ വെള്ളം കുടഞ്ഞിട്ട്
അയാള്‍ക്ക് തടയിട്ടത്..
ആര്‍ക്കറിയാം,
പൂര്‍ണമല്ലാത്ത എന്തോ ഒന്ന് അവര്‍ക്കിടയിലുണ്ടായി.
പൂര്‍ണമാക്കാതെ എന്തോ ഒന്ന്
അവര്‍ പാലിക്കുന്നുണ്ട്.
അതിലെന്തോ ഒരു രസമുണ്ട്.

Wednesday, 18 March 2020

താക്കീത്



താക്കീത്
========

നിലാവുണ്ട്..
എങ്കിലും പുല്ലാന്നിപ്പടര്‍പ്പില്‍
നിന്നൊരഭയാര്‍ഥി
തൊട്ടടുത്ത തേരകത്തിന്റെ
പളളയിലേയ്ക്ക് ഇഴഞ്ഞുകയറുന്നുണ്ട്.

നല്ല സൂര്യവെളിച്ചമാണ്.
അതുകൊണ്ടാകാം പകലില്‍പതുങ്ങി
ഒരു നക്ഷത്രം
ആശാരിയമ്പലത്തിന്റെ
വാനാതിര്‍ത്തിയില്‍ നിന്ന്
മൊയ്തീന്റെ ചായക്കടയുടെ
ആകാശപരിധിയിലേക്ക്
എടുത്തൊരു ചാട്ടംവച്ചുകൊടുത്തത്..

കൈത്തോട്ടില്‍ നിന്നൊരുടുമ്പ്
തന്റെ അടിയാധാരം തേടി
പുളഞ്ഞ്,റോട്ടിലേയ്ക്കൊരു കേറ്റം കേറി
വണ്ടിയ്ക്കടവെച്ചെന്ന് 
പിള്ളേര്,പറയുന്ന കേട്ടു.

പ്രണയമുണ്ടായിട്ടും
വലിഞ്ഞുകേറിവന്നവളെന്ന്
ഒറ്റമൂച്ചിന് അധിക്ഷേപിച്ച്
നീയെന്നെ പലായനത്തിന്റെ ഭാണ്ഡം
മുറുക്കിപ്പിക്കുകയാണ്.
അത് പറ്റില്ല.
അത് ഞാന്‍ സമ്മതിക്കില്ല.
എന്റെ പതിനാറടിയന്ത്രത്തിന്
പുലകുളിക്കാനുള്ളവനെ[അവളെ]
വയറ്റിലിട്ടുതന്നേച്ചും
ഈ പോക്രിത്തരം പറയരുത്.

ഒരേ ചട്ടീന്ന് ചോറുനക്കിത്തിന്ന
പട്ടീം പൂച്ചേം
മതിലിനപ്പുറോം ഇപ്പുറോം കോര്‍ത്ത്
ഇണചേര്‍ന്നുരസിച്ച
മൂര്‍ക്കനും മൂര്‍ക്കത്തീം
കരേലും വെളളത്തേലും മാറിമാറിച്ചാടി
ആ പോക്രാച്ചിത്തവളേം
എല്ലാം ഒരുമിച്ചുവന്നാ
കളി മാറും കേട്ടോ..

തമ്പ്രാ..വിട്ടുപിടി!




കട്ടലോക്കല്‍


കട്ടലോക്കല്‍
==========
എറണാകുളം നോര്‍ത്ത് എത്തി.
സൈഡ് സീറ്റിലിരുന്നുകൊണ്ട്
വടയും കാപ്പിയും വാങ്ങിച്ചു.
വടയുടെ ചട്ണിക്കാണ് സ്വാദ്..

ഓപ്പസിറ്റ് ഒരു യുവതി,മോഡേണ്‍,
ഗോഗില്‍സില്‍,അവരും കാപ്പി വാങ്ങിച്ചു.
ആശ്വാസായി
റെയില്‍വേ കാപ്പി അത്ര മോശല്ല.
ഞാനും.
വീറോടെ കാപ്പി കുടിച്ചു
വട കടിച്ചുപറിച്ചു,നല്ല വട
സോഫ്റ്റ്.
വടാനന്ദം..എന്ത് സ്വാദാണ്
ബോധംകെട്ട് തീറ്റ തുടങ്ങി..
യുവതി കാപ്പി കുടിക്കുന്നില്ല.
വിന്‍ഡോ സൈഡില്‍ കാപ്പി വച്ചിട്ട്
മൊബൈലില്‍പരതുകയാണ്.
സംയമനം പാലിച്ച്,ഞാന്‍
ചുണ്ടൊക്കെ സ്റ്റൈലിഷാക്കി
പതുക്കെ ചവക്കാന്‍ തുടങ്ങി..
നീഡഡ് മാനേഴ്സ്..
യുവതി കാപ്പിക്കപ്പ് കയ്യിലെടുത്തു
ടാറ്റൂചെയ്ത നഖങ്ങള്‍..
കാപ്പികുടിച്ചുകൊണ്ട്,ഫോണില്‍ സംസാരിക്കുന്നു
പേളീമാണിയെപോലെ
ലിപ്പിന്റെ അറ്റം മാത്രം അനക്കി
സംസാരിക്കുന്നു..
ക്ളാസ് ലുക്ക്.
എന്താ സ്വാദ്!ഒരു വട കൂടി വാങ്ങാമായിരുന്നു
അവര്
കാപ്പിക്കപ്പ് വീണ്ടും താഴെവച്ചു.
ബേഗില്‍ നിന്ന് ചെറിയ
ഭംഗിയുള്ള ലാ ഒപാല കാസറോള്‍പുറത്തെടുത്തു..
വടചവയ്ക്കല് സ്ളോവാക്കി
ഇടങ്കണ്ണിട്ട് ഞേന്‍ കാസറോളിലേക്കു നോക്കി.
യുവതി ഒരു സ്പൂണ്‍ കയ്യിലെടുത്തു,
ഫുഡ് കൊണ്ടുവന്നിട്ടുണ്ട്.
വളരെ സാവധാനം ലിഡ് നീക്കി
സ്പൂണുകൊണ്ട്,പാത്രത്തില്‍നിന്ന്
എന്തോ ഫെച്ച് ചെയ്തെടുത്ത്
വായിലേക്കു വച്ചു..
ഫൈവ് സ്റ്റാര്‍ സ്റ്റൈല്.
ഈ ഞാന്‍ ചുണ്ടിന്റെ ഗോഷ്ഠി പരമാവധി കുറച്ച്
ചുണ്ടിനെ വര്‍ത്തുളാകൃതിയില്‍
ചലിപ്പിക്കാന്‍ തുടങ്ങി.
വടയും അരഞ്ഞുകിട്ടും
ഫേഷ്യല്‍ എക്സ്പ്രഷനും ബോറാവില്ല.
ഒരു കണ്ണാടി കിട്ടിയിരുന്നെങ്കില്‍..
യുവതി ഓരോ സ്പൂണിനൊപ്പം
ഒരിറുക്ക് കാപ്പിയും കൂടി..
ഹാ!എന്തൊരു അന്തസ്സിലാണത്.
വട ചമ്മന്തിയിലൊന്ന്
പെരട്ടിയെടുക്കണമെന്നുണ്ട്..
പതുക്കെ ചൂണ്ടുവിരലുകൊണ്ട്
ഒരു കഷണമെടുത്ത്
ചമ്മന്തിയിലിട്ട് അനക്കി,
ശരിക്കും കുതിരുന്നില്ല..
യുവതിയുടെ പാത്രത്തിലെ
തീര്‍ന്നിട്ടില്ല
ഇടയ്ക്ക് കഴിക്കല്
മന്ദഗതിയിലാക്കി സ്പൂണുകൊണ്ട്
ഭക്ഷണത്തെ തഴുകിത്തലോടുന്നുണ്ട്
എന്താണാവോ പാത്രത്തില്‍,
ഒന്നു പാളി നോക്കി
കാണാന്‍പറ്റുന്നില്ല.
വീണ്ടും മൊബൈലെടുത്ത്
കാര്യമായി സംസാരിക്കുന്നുണ്ട്.
തൊഴിലിടത്തെ അനീതിയെപ്പറ്റി
എന്തോ ആണ്.
വളരെ ആധികാരികമായി സംസാരിക്കുന്നുണ്ട്.
ഇത്ര സോഫ്റ്റാക്കി വട ഉണ്ടാക്കിയവനെ
സ്നേഹിച്ചുകൊണ്ട്
അപാര മാനേഴ്സില്‍
വടയുടെ അവസാനത്തെ കീറും
ചീന്തിയെടുത്തു.
നല്ല ചവ ചവയ്ക്കാഞ്ഞതുമൂലം
സ്വാദുമുകുളങ്ങള്‍ അത്ര നന്നായി
ഉദ്ദീപിപ്പിക്കപ്പെട്ടില്ല്ലോ
എന്നു വിഷാദിച്ചെങ്കിലും
സ്റ്റൈലിഷായി വടയും കാപ്പിയും കഴിച്ചതിന്റെ
അഭിമാനത്തില്‍ ഞാന്‍
യുവതിയുടെ കാസറോളിലേക്കു നോക്കിഃ
ഇതു വരെ തീര്‍ന്നില്ലേ
ച്ഛെ സ്ളോവാക്കാമായിരുന്നു
ഇപ്പൊ ലാസ്റ്റ് വടക്കഷണവും തീരും
കാപ്പിക്കപ്പു കൈയ്യിലെടുത്ത്
ചുണ്ട് മൃദുവായി കൂര്‍മ്പിച്ചുപിടിച്ച്
കാപ്പി സിപ്പു ചെയ്തു.
ഓകെ.ശരിയാവുന്നുണ്ട്.
ലാസ്റ്റ് സിപ്!
ട്രെയിന്‍പെട്ടെന്ന് നിന്നു
ആരോ ചങ്ങലവലിച്ചെന്നു തോന്നുന്നു
ഒരു ജേര്‍ക്ക്!
യുവതിയുടെ കാസറോള്‍ തറയില്‍..
എന്റെ കണ്ണേറ് കൊണ്ടായിരിക്കും

അതില്‍ നിന്ന് സ്ളൈസസ് ഒാഫ്
കപ്പക്കെഴങ്ങ് പുഴുങ്ങിയത് തലനീട്ടി.

'അയ്യോ'പറഞ്ഞ്
വെപ്രാളത്തില്‍ യുവതി നിലത്തിട്ടുവാരി..
ചാടിവന്ന കുറുമ്പുചിരി
അമര്‍ത്തിയടക്കി ഞാാനും
ശോകമടിച്ചപോലെ മുഖംപിടിച്ചു
 അയ്യോ കഷ്ടം പരിതപിച്ചു.

ഞ്യാ...ന്‍
കട്ടലോക്കല്..




Tuesday, 25 February 2020

ചുമ്മാ ഗീര്‍വ്വാണം

ചുമ്മാ ഗീര്‍വാണം
========

എന്നെ കഠിനമായാണ് പ്രേമിക്കേണ്ടത്....
അല്ലയോ പ്രേമോദാരാ!
അങ്ങേയ്ക്ക് അറിയില്ലേ,ഞാനൊരു
അസ്ഥിരവാതമാണെന്ന്..?
സ്ഥലവും കാലവും നോക്കാതെ ഞാന്‍ വീശുമ്പോള്‍
സ്ഥിരമായ മാപിനികളും കൊണ്ട്
എന്നെ അളക്കാന്‍ നില്‍ക്കരുത്.
പകരം കൊടിയ ഭുംകാരക്കെണികളുണ്ടാക്കി
'ഫ്ഭുമ്മെ'ന്നു നീ പറന്നുപാറൂ..

കാമോപമാ..
കഠിനമായി പ്രേമിക്കൂ എന്നെ.
സ്ഥിരമായ പ്രണയപദങ്ങളാല്‍
,ഉപമോത്പ്രേക്ഷകളാല്‍
പരീക്ഷീണയാക്കാതെ,
പൊട്ടിത്തെറിക്കുന്ന ,തിളയ്ക്കുന്ന
രൂപകാലങ്കാരങ്ങളുടെ മഞ്ജിമ ചേര്‍ത്ത്
'നീയാംതൊടുകുറി'യെന്നോമനിച്ചു പറഞ്ഞ്
എന്റെ വിരസവിഷാദദിനങ്ങളെ
തിരിച്ചുഭേദമൊട്ടുമേയില്ലാതെ
തൊട്ടുഴിയൂ..പ്രിയനേ..
നീയിനിയും എന്നെ കഠിനമായി പ്രേമിക്കാന്‍
എത്രയോ ബാക്കിയുണ്ട്..

അതികഠിനം പ്രേമമെന്നും ചുമന്ന്
നെഞ്ചില്‍ കല്ലെടുത്തുവച്ചുള്ള
സ്ഥിരംപടി  നിന്റെ കുശലങ്ങളില്‍              മടുത്ത്,മിണ്ടാതിരുന്ന്
ഞാന്‍ മീന്‍ചാറും ചായയും മിക്സടിക്കും.
ഓംലറ്റും നാരങ്ങാവെള്ളവും, 
ജിലേബിയും ചമ്മന്തിയും,
ചോറും കാപ്പിയും,
മോരും ചിക്കനും കൂട്ടിയടിക്കും..
പ്രിയ പ്രണയിതാവേ,നിന്നോടുള്ള 
പ്രതിഷേധമായി,
വിരുദ്ധങ്ങളില്‍ വിരുദ്ധങ്ങളാല്‍
ഞാനെന്റെ ജഠരാഗ്നി കെടുത്തുമ്പോള്‍,
കഠിനമായ പ്രേമാഗ്നിയുമായി എന്റെ തീന്‍മേശയില്‍ മുട്ടിയുരുമ്മിയിരിക്കുന്നതിനു
പകരം പത്രം വിഴുങ്ങിയിരിക്കുന്ന നീ ,ഒരു മിതകാമുകനാണ്..
ഹൊ..നീയൊരു ക്ളീഷേയാണ്..
കമനാ..ദൃഢകളേബരാ..
കഠിനമായൊന്നു പ്രേമിക്കുക
എത്രോളം ലളിതമാണെന്ന്
വരൂ,നമുക്കാ കിളികളോട് ചോദിക്കാം.

ലളിതമാണത്.
ഹൃദയങ്ങള്‍ കൂട്ടിക്കെട്ടുക എന്നത്
ഹൃദയചോരാ..ഏറെ ലളിതമാണത്..
പ്രകൃതിസംഗീതം പോലെ
കാട്ടുപച്ചപോലെ 
അത്രോളം ലളിതമതെന്ന് ആ കിളികള്‍ പറഞ്ഞുതന്നില്ലേ?

വല്ലഭാ....
വിഭോ..

കഠിനമായി പ്രേമം 
കാംക്ഷിക്കുന്നൊരുവള്‍
ഒരു തീജ്വാലയാണ്,
വിപ്ളവഭൂമിയാണ്,
ശുകനക്ഷത്രമാണ്.
പേടിയ്ക്കണ്ട,
അവളെ പേടിയ്ക്കണ്ട 
കഠിനമായങ്ങ് പ്രേമിച്ചാല്‍ മതി!
പേടിക്കുകയേ വേണ്ട..
ഒരു ദിവസം-അങ്ങനെയിരിക്കേ
അങ്ങനെയങ്ങിരിക്കെ
അവളൊഴിഞ്ഞുപൊക്കോളും.

അതെ,
അത്യന്തം തോടൊടിഞ്ഞ്
എന്റെ ഉള്ളംകയ്യില്‍ കൂനിയിരിക്കുന്ന,
മുഴുവന്‍ സ്പഷ്ടനായിത്തീര്‍ന്ന നിന്നെ
എനിക്കെന്തിനാണെന്ന്
വിതുമ്പിയിട്ട്,
എന്റെ കരതലാമലകമേ,
ഒരുദിവസം -അങ്ങനെയിരിക്കെ
ഞാനൊഴിഞ്ഞുപൊക്കോളാം..
അത്രടം എന്നെ കഠിനകഠിനമായി പ്രേമിച്ചുകൊണ്ടേയിരിക്കൂ..















മാനുഷ്യകം

മാനുഷ്യകം
=========

ഈസോപ്പു പറഞ്ഞു
മിക്കവാറും ഞാന്‍
രണ്ടുകൂട്ടുകാരെപ്പറ്റിയാണ് കഥ പറയാറ്.
അവര്‍ മിക്കവാറും തന്നെ
വിരുദ്ധോക്തികളുടെ
പ്രയോക്താക്കളായിരിക്കും.
എങ്കിലുമവര്‍
ഒരേ കാട്ടിലോ
ഒരേയൊരേ നാട്ടുക്കൂട്ടത്തിലോ
ഒരേ പുഴയുടെ തീരത്തോ
ഒരേ പാറക്കെട്ടിനിരുപുറമോ
താമസിക്കുന്നവരായിരിക്കും.
എപ്പോഴുമല്ലെങ്കിലും
മിക്കവാറും 
അങ്ങനെതന്നെയായിരിക്കും.

ഒരേപോലവര്‍ മാനത്തേക്കു നോക്കും.
മിക്കവാറുംതന്നെ വിരുദ്ധകാഴ്ചകളായിരിക്കും
എന്നാല്‍ കാണുക..
രണ്ട് യുക്തികളിലൂടെ
സഞ്ചരിച്ച്
അവര്‍ മാനത്തെ രണ്ടായി മുറിക്കും,
എപ്പോഴുമില്ലെങ്കിലും
മിക്കവാറും തന്നെ
മാനത്തിന്റെ രണ്ടുകോണുകളില്‍ ചെന്ന്
തലകുത്തി ഞാന്നുകിടന്ന്
ലോകത്തെ നോക്കി ചിരിക്കും.
ഗാന്ധീ..
ഈസോപ്പ് വിളിച്ചു.
സന്മാര്‍ഗോത്പ്രേരകകഥകള് പറഞ്ഞുപറഞ്ഞ്
സത്യാന്വേഷണപരീക്ഷണങ്ങളിലേക്കു
ഞാനെന്നെ ആഴ്ചകളായി
പറിച്ചുനട്ടിരിക്കുകയായിരുന്നു..
തലകുത്തി ഞാന്നുകിടന്ന്
ആദ്യമായി ഞാന്‍ ലോകത്തെ നോക്കുകയായിരുന്നു...
ഹാ!
എന്റെ *ആട്ടിന്‍കുട്ടിയും ചെന്നായും
എലിയും കോഴിയും
അലക്കുകാരനും കൊല്ലനും
ആ കോവര്‍ക്കഴുതയും പുല്‍ച്ചാടികളും
നിരനിരന്ന്
നിന്റെ പരീക്ഷണങ്ങളിലൂടെ,
സത്യവഴികളിലൂടെ
അടിവച്ചടിവച്ച് സഞ്ചരിക്കുകയായിരുന്നു.
അപ്പോഴാണ്..
എപ്പോഴുമില്ലെന്നല്ല
ഒരിക്കലുമില്ലാത്തപോലെ
എന്റെ '**ദൈവവും വണ്ടിക്കാരനും'
ഫേബിള്‍ചുമരുകളിലൂടെ
നിരങ്ങിയിറങ്ങി
നിന്റെ പരീക്ഷണവണ്ടിയിലേക്ക് ചാടിക്കയറി!
ഇതെന്താണ്!!
കടിഞ്ഞാണ്‍ പിടിച്ചുവാങ്ങി 
ദൈവം കുതിരകളെ പായിക്കുന്നു!!..
വണ്ടിക്കാരനൊരാശ്വാസമായി.
കൗതുകത്തോടെ അയാള്‍ വണ്ടിയില്‍ 
ചാരിയിരുന്നു.
നീ ,സാകൂതം പുഞ്ചിരിപൊഴിച്ചുകൊണ്ടേയിരുന്നു !





*[ആട്ടിന്‍ കുട്ടിയും ചെന്നായും,എലിയും കോഴിയും,അലക്കു..... വിവിധ ഈസോപ്പ് കഥകള്‍]
**ഒരു ഈസോപ്പ് കഥ

Saturday, 22 February 2020

ചുമ്മാ ഗീര്‍വ്വാണം

ചുമ്മാ ഗീര്‍വാണം
========

എന്നെ കഠിനമായാണ് പ്രേമിക്കേണ്ടത്....
അല്ലയോ പ്രേമോദാരാ!
അങ്ങേയ്ക്ക് അറിയില്ലേ,ഞാനൊരു
അസ്ഥിരവാതമാണെന്ന്..?
സ്ഥലവും കാലവും നോക്കാതെ ഞാന്‍ വീശുമ്പോള്‍
സ്ഥിരമായ മാപിനികളും കൊണ്ട്
എന്നെ അളക്കാന്‍ നില്‍ക്കരുത്.
പകരം കൊടിയ ഭുംകാരക്കെണികളുണ്ടാക്കി
'ഫ്ഭുമ്മെ'ന്നു നീ പറന്നുപാറൂ..

കാമോപമാ..
കഠിനമായി പ്രേമിക്കൂ എന്നെ.
സ്ഥിരമായ പ്രണയപദങ്ങളാല്‍
,ഉപമോത്പ്രേക്ഷകളാല്‍
പരീക്ഷീണയാക്കാതെ,
പൊട്ടിത്തെറിക്കുന്ന ,തിളയ്ക്കുന്ന
രൂപകാലങ്കാരങ്ങളുടെ മഞ്ജിമ ചേര്‍ത്ത്
'നീയാംതൊടുകുറി'യെന്നോമനിച്ചു പറഞ്ഞ്
എന്റെ വിരസവിഷാദദിനങ്ങളെ
തിരിച്ചുഭേദമൊട്ടുമേയില്ലാതെ
തൊട്ടുഴിയൂ..പ്രിയനേ..
നീയിനിയും എന്നെ കഠിനമായി പ്രേമിക്കാന്‍
എത്രയോ ബാക്കിയുണ്ട്..

അതികഠിനം പ്രേമമെന്നും ചുമന്ന്
നെഞ്ചില്‍ കല്ലെടുത്തുവച്ചുള്ള
സ്ഥിരംപടി  നിന്റെ കുശലങ്ങളില്‍              മടുത്ത്,മിണ്ടാതിരുന്ന്
ഞാന്‍ മീന്‍ചാറും ചായയും മിക്സടിക്കും.
ഓംലറ്റും നാരങ്ങാവെള്ളവും, 
ജിലേബിയും ചമ്മന്തിയും,
ചോറും കാപ്പിയും,
മോരും ചിക്കനും കൂട്ടിയടിക്കും..
പ്രിയ പ്രണയിതാവേ,നിന്നോടുള്ള 
പ്രതിഷേധമായി,
വിരുദ്ധങ്ങളില്‍ വിരുദ്ധങ്ങളാല്‍
ഞാനെന്റെ ജഠരാഗ്നി കെടുത്തുമ്പോള്‍,
കഠിനമായ പ്രേമാഗ്നിയുമായി എന്റെ തീന്‍മേശയില്‍ മുട്ടിയുരുമ്മിയിരിക്കുന്നതിനു
പകരം പത്രം വിഴുങ്ങിയിരിക്കുന്ന നീ ,ഒരു മിതകാമുകനാണ്..
ഹൊ..നീയൊരു ക്ളീഷേയാണ്..
കമനാ..ദൃഢകളേബരാ..
കഠിനമായൊന്നു പ്രേമിക്കുക
എത്രോളം ലളിതമാണെന്ന്
വരൂ,നമുക്കാ കിളികളോട് ചോദിക്കാം.

ലളിതമാണത്.
ഹൃദയങ്ങള്‍ കൂട്ടിക്കെട്ടുക എന്നത്
ഹൃദയചോരാ..ഏറെ ലളിതമാണത്..
പ്രകൃതിസംഗീതം പോലെ
കാട്ടുപച്ചപോലെ 
അത്രോളം ലളിതമതെന്ന് ആ കിളികള്‍ പറഞ്ഞുതന്നില്ലേ?

വല്ലഭാ....
വിഭോ..

കഠിനമായി പ്രേമം 
കാംക്ഷിക്കുന്നൊരുവള്‍
ഒരു തീജ്വാലയാണ്,
വിപ്ളവഭൂമിയാണ്,
ശുകനക്ഷത്രമാണ്.
പേടിയ്ക്കണ്ട,
അവളെ പേടിയ്ക്കണ്ട 
കഠിനമായങ്ങ് പ്രേമിച്ചാല്‍ മതി!
പേടിക്കുകയേ വേണ്ട..
ഒരു ദിവസം-അങ്ങനെയിരിക്കേ
അങ്ങനെയങ്ങിരിക്കെ
അവളൊഴിഞ്ഞുപൊക്കോളും.

അതെ,
അത്യന്തം തോടൊടിഞ്ഞ്
എന്റെ ഉള്ളംകയ്യില്‍ കൂനിയിരിക്കുന്ന,
മുഴുവന്‍ സ്പഷ്ടനായിത്തീര്‍ന്ന നിന്നെ
എനിക്കെന്തിനാണെന്ന്
വിതുമ്പിയിട്ട്,
എന്റെ കരതലാമലകമേ,
ഒരുദിവസം -അങ്ങനെയിരിക്കെ
ഞാനൊഴിഞ്ഞുപൊക്കോളാം..
അത്രടം എന്നെ കഠിനകഠിനമായി പ്രേമിച്ചുകൊണ്ടേയിരിക്കൂ..