Thursday, 1 November 2018

എന്റെ വിഷാദവേശ്യക്കൊരു ഓര്‍മക്കുറിപ്പ്

*എന്റെ വിഷാദവേശ്യക്കൊരു ഓര്‍മക്കുറിപ്പ്
==================================

ആരാണ് ഒരു വിഷാദവേശ്യയാവാന്‍
ആഗ്രഹിക്കാത്തത്?

വിഷാദം ബ്രോമൈഡോ വെലേറിയനോ നല്‍കുന്ന ഒരു അര്‍ഥബോധാവസ്ഥയാവാം.
ആ രാജ്യത്തില്‍  ഒരു പണിയും ചെയ്യാതെ മയങ്ങിക്കിടക്കുകയേ വേണ്ടൂ,
ഒരിക്കലയാള്‍നിങ്ങളെ കാണാന്‍വരും.
നിങ്ങളെ '**ഡെല്‍ഗഡീനാ...
എന്നു പ്രേമപൂര്‍വം വിളിക്കും.

രാത്രി മുഴുവനും മയങ്ങിക്കിടക്കുന്ന നിങ്ങളുടെ ശരീരം  തലോടിക്കൊണ്ടേയിരിക്കും.

നിങ്ങളുടെ മുറിയാകെ ചേതോഹരവസ്തുക്കളെക്കൊണ്ട് നിറയ്ക്കും.

നിങ്ങളുടെ മുഖത്തിന് ഏറ്റവും ചേര്‍ന്ന
ഇയര്‍ റിംഗുകള്‍ ഉപഹാരമായി തലയിണക്കീഴെ  വെച്ചിട്ടു പോകും.

യൂറോകള്‍ ചെലവാക്കി എല്ലാ ദിവസവും അയാള്‍ നിങ്ങളെ കാണാന്‍ വേണ്ടി മാത്രം ദൂരത്തുനിന്നു വരും.

യഥാര്‍ഥത്തില്‍ നിങ്ങളുണരേണ്ടെന്നുതന്നെയാണ് അയാള്‍ക്ക്..
നേരം പുലരുന്നതുവരെ ഉറങ്ങുന്ന നിങ്ങളെ , വെറുതെ നോക്കിക്കൊണ്ടിരിക്കുക മാത്രം ചെയ്യും.

നിങ്ങള്‍ക്കുവേണ്ടി പൊടിപിടിച്ചുകിടക്കുന്ന, തന്റെ വീട് നന്നായിത്തന്നെ തട്ടിക്കുടഞ്ഞെടുക്കും.
നിറയെ ചിത്രങ്ങള്‍ തൂക്കും.
നിങ്ങള്‍ക്കുവേണ്ടി ബ്രഡ്ടോസ്റ്റ് ഉണ്ടാക്കും.
അടുക്കളയില്‍ ഓടിനടന്നുപണിയുന്ന,
തുണികള്‍ ഉണക്കുന്ന,വീടു നോക്കുന്ന നിങ്ങളെ അയാള്‍സ്വപ്നംകാണും.

പ്രണയാര്‍ദ്രനായി ,അയാള്‍ നിങ്ങള്‍ക്കെഴുതുന്ന കത്തുകള്‍
ഏതോ ഒരു പ്രാദേശികജേര്‍ണലിലെ  ഡെയ്ലികോളത്തില്‍,
അഭിനിവേശത്തിന്റെ അലകളുയര്‍ത്തും.
പറയട്ടെ;അയാളൊരുകോളമിസ്റ്റാണ്.

സത്യം പറയൂ,
നിങ്ങള്‍ അയാളെ ശ്രദ്ധിക്കാനേ പോവുന്നില്ലെന്നുണ്ടോ?
പാതിബോധത്തില്‍ ഒരു സ്വപ്നമായെങ്കിലും അയാളെ കാണാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലേ?

ഒരു കാര്യം ഓര്‍ത്തോളൂ,
ഈ തൊണ്ണൂറാം വയസ്സില്‍ ആദ്യമായി അയാള്‍ പ്രണയിക്കുകയാണ്!

കേട്ടോളൂ, അയാളെന്നൊരാള്‍
നിങ്ങളുടെ അടിവയറ്റിലെ രോമങ്ങള്‍ വരെ എണ്ണിത്തിട്ടപ്പെടുത്തിവച്ചിട്ടുണ്ട്!!

ഇനി പറയൂ,
ഒടുക്കം
ഞങ്ങളിലാരാണ് ആ വിഷാദവേശ്യയാകാന്‍
ആഗ്രഹിക്കാതിരിക്കുന്നത്?!

*എന്റെ വിഷാദവേശ്യക്കൊരു ഓര്‍മക്കുറിപ്പ്- മാര്‍ക്വേസ്
**പിതാവിനാല്‍ പ്രണയിക്കപ്പെട്ട ,ഒരു മെക്സിക്കന്‍ നാടോടിക്കഥയിലെ മകള്‍

No comments:

Post a Comment