Thursday 1 November 2018

ഒരു മലാംഗിയന്‍ തിസീസ്


ഒരു മലാംഗിയന്‍ തിസീസ്
===================

നീ ഒരാണോ പെണ്ണോ അല്ലെന്ന്,
മാനത്തുതന്നെ സ്ഥിരവാസമെന്ന് ,
മനുഷ്യന്റെ വാസനാവികൃതികളൊന്നുമില്ലാത്ത
വെറും സാധുവെന്ന്,
മണമില്ലാത്ത,നിറമില്ലാത്ത,
നിരാകാരന്‍,നിര്‍മമന്‍,നിസ്തുലന്‍,
സദാചാരന്‍,സച്ചിന്‍മയനീ  നീയെന്ന്.

പരമകാരുണികനായ അല്ലാഹുവിന്റെ
അര്‍ശിനെ വഹിക്കുന്നവന്‍ നീ,
പ്രകാശത്തിന്റെ അടരുകളില്‍
തങ്ങിവിളങ്ങുന്നവന്‍,
നരകത്തെ ,സ്വര്‍ഗ്ഗത്തെ വിരല്‍പ്പുറംചുറ്റി
കാറ്റു പറത്തി,ഇടിമിന്നല്‍ താങ്ങി,
സൂര്‍ എന്ന കാഹളമൂതുന്നവന്‍,
ആത്മാവിനെ പിടിച്ചെടുക്കുന്നവന്‍,
ഒരുമ്പെട്ടോന്‍,
വലിയ ഉത്തരവാദിത്തക്കാരന്‍ നീ..

ഹേയ് മലക്ക്...

നിന്നാല്‍  പ്രേമിക്കപ്പെടുക
അസംഭവ്യം തന്നെയാണ്!

പ്രേമമെന്നാല്‍ പൊക്കിയുയര്‍ത്തിയ
ചില മതിലുകള്‍ ചാടിക്കടന്ന്
അവിടുള്ളൊരു ചമ്പകയിതളിനെ
ഹൃദയത്തോടെ അടര്‍ത്തിക്കൊണ്ടുപോരുകയെന്നതാണ്.
പ്രേമിക്കുകയെന്നാല്‍ പൂട്ടിക്കിടക്കുന്ന
ചില വാതിലുകള്‍ തള്ളിത്തുറന്ന്
അവിടത്തെ പ്രത്യേകമണത്തെ
കരളില്‍ പുരട്ടുകയെന്നതാണ്.

..ഫ്ത്താ അല്‍ ബാബ്..
ലോസമാത്ത് ഫ്ത്താ അല്‍ ബാബ്..

സ്വര്‍ഗത്തിലെ,രത്നഖചിതമായ
റയ്യാന്‍ വാതില്‍പൊളികള്‍ പയ്യെ  തുറക്കപ്പെട്ടു!!
*ജിബ്രീലും *അസ്റാഈലും *റക്കീബുമൊക്കെ
ഇരിക്കുന്നുണ്ട്.
നീലക്കണ്ണുകളില്‍ സ്വപ്നങ്ങളുടെ ജാലം വിരിച്ച്
ജിബ്രീല്‍..
നിലാവു തോരാത്ത വെള്ളിച്ചിറകുകളുമായി
റക്കീബ്..
ആത്മാക്കളുടെ കണക്കുപുസ്തകത്തിലെ
ഇതള്‍പോലുള്ള താളുകള്‍ മറിച്ച്
അസ്റാഈല്‍..

ഒന്ന് പ്രേമിക്കുമോ?
നീട്ടിപ്പിടിച്ച കൈകളില്‍ പക്ഷെ ജിബ്രീല്‍
ദൈവ സന്ദേശത്തിന്റെ ദിവ്യമായ
മൈലാഞ്ചിച്ചാറ് തേച്ചു.
*മീകാഈല്‍ അപ്പോള്‍
ദിവ്യപ്രേമത്തിന്റെ മഴ പെയ്യിച്ചു.
അസ്റാഈല്‍ പ്രേമത്തിന്റെ റൂഹിനെ പിടിച്ച്
ദിവ്യജ്ഞാനത്തിന്റെ തടങ്കലിലിടാന്‍ നോക്കി.
ഹൊ മലക്കേ,തോറ്റു!
നിന്നാല്‍ പ്രേമിക്കപ്പെടുക
അത്ര എളുപ്പമൊന്നുമല്ല!!

കൈ വലിച്ചെടുത്ത്
മലാംഗിയന്‍ തിസീസിന്റെ
അവസാനപേജും പൂര്‍ത്തിയാക്കി
ഇറങ്ങിനടന്നു.
പ്രേമത്തിന്റെ അന്തിവെളിച്ചം പടര്‍ന്ന നടവഴി.
പുറകില്‍ നിന്നൊരു നിശ്വാസം
പിന്‍ കഴുത്തിലെ കാണാമറുകിനെ
തട്ടിയെറിഞ്ഞ്,തോള്‍വള ചുറ്റി
അരക്കെട്ടിലേയ്ക്കിറങ്ങി.
കാതില്‍ പ്രേമത്തിന്റെ  'ദിഖ്റു'കള്‍,
കൈവേഗങ്ങളൊന്ന് വയറുചുറ്റി
പൊക്കിള്‍ച്ചുഴിയില്‍ ആഴം നോക്കുന്നു,
മറുകൈ ,രാവ് മയങ്ങുന്ന
മാര്‍വ്വിടങ്ങളില്‍ കിനാക്കളെ തേടി
ഇടത്,ഹൃദയാന്തരാളത്തിലേക്ക്
ആഴ്ന്നിറങ്ങുന്നു...
മലക്ക്!!

ഹൃദയത്തില്‍ തൊടുന്നവനാണ് മലക്ക്.
അല്ലാതെ മറ്റാരുമല്ല.

*മലക്കുകള്‍

No comments:

Post a Comment